12 December, 2007

മലയാളം വിക്കിപീഡിയയില്‍ 5000 ലേഖനം ആയി


സ്വതന്ത്ര വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ 5000ലേഖനങ്ങള്‍ തികച്ചിരിക്കുന്നു.


ഏറ്റവും കൂടുതല് യൂസേര്സ് രെജിറ്റര്‍ ചെയ്ത ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ, ഏറ്റവും കൂടുതല് ചിത്രങ്ങള് അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ, ഏറ്റവും അധികം പേജ് ഡെപ്ത്ത് ഉള്ള ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയ, ലേഖനത്തിന്റെ ഗുണ നിലവാരത്തിന്റെ കാര്യത്തില്‍, തുടങ്ങി മിക്കവാറും എല്ലാ വിഭാഗത്തിലും നമ്മുടെ മലയാളം വിക്കിപീഡിയയും അതിന്റെ സഹോദര സംരംഭങ്ങളും (വിക്കിവായനശാല, വിക്കിനിഘണ്ടു) ഇന്ത്യന് ഭാഷകളിലെ മറ്റ് വിക്കികളെ അപെക്ഷിച്ച് വളരെയധികം മുന്പിലാണ്.

അതിനാല്‍ തന്നെ വിക്കിപീഡിയ തുടങ്ങി 5 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ (ഡിസംബര്‍ 21നു ആണ് മലയാളം വിക്കിപീഡിയയുടെ അഞ്ചാം പിറന്നാള്‍) തന്നെ 5000 ലേഖനം എന്ന കടമ്പയും പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞു എന്നത് സന്തോഷമുള്ള കാര്യമാണ്. മലയാളം വിക്കിപീഡിയയും മറ്റ് ഇന്ത്യന്‍ ഭാഷകളിലുള്ള വിക്കിപീഡിയകളും തമ്മില്‍ വിവിധ വിഭാഗങ്ങളിലുള്ള താരതമ്യ പട്ടിക താഴെ കൊടുക്കുന്നു.








വിക്കിപീഡിയലേഖനങ്ങളുടെ എണ്ണംപേജ് ഡെപ്ത്ത്ഉപയോക്താക്കളുടെ എണ്ണംഅപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങളുടെ എണ്ണം
വിക്കിയില്‍ ഇതുവരെ നടന്ന എഡിറ്റുകളുടെ എണ്ണം
മലയാളം50027241073340122104
ഹിന്ദി15,14432 899970141837
തമിഴ്12,300142 4892 736192387
തെലുഗ്37,96113 4012 668209774
കന്നട493991 2431 01251743
മറാഠി14,061111 720863174649
ബംഗാളി16,595331 6161 008253401
ഇംഗ്ലീഷ്21,23,2563005 990 256745 016185657372

ഇംഗ്ലീഷ് വിക്കിപീഡിയയെ കുറിച്ച് കൊടുത്തിരിക്കുന്നത് താരതമ്യത്തിനല്ല, മറിച്ച് മലയാളം വിക്കിപീഡിയയ്ക്ക് എത്താവുന്ന ഗുണനിലവാരത്തിന്റെ സംഖ്യകള്‍ സൂചിപ്പിക്കുവാന്‍ വേണ്ടി ആണ്. താരതമ്യ പട്ടിക ശ്രദ്ധിച്ചു നോക്കിയാല്‍ ലേഖനങ്ങളുടെ എണ്ണം ഒഴിച്ച് ബാക്കി ബാക്കി എല്ലാത്തിലും മലയാളം വിക്കിപീഡിയ മറ്റു ഇന്ത്യന്‍ വിക്കിപീഡിയകളേക്കാ‍ള്‍ ബഹുദൂരം മുന്നിലാണെന്നു കാണാം.

ലേഖനങ്ങളുടെ എണ്ണം മറ്റു ഇന്ത്യന്‍ വിക്കിപീഡിയകളെ അപേക്ഷിച്ച് കുറവാണെങ്കിലും ഉള്ള ലേഖനങ്ങള്‍ക്ക് മിനിമം ഗുണനിലവാരം എങ്കിലൂം ഉറപ്പാക്കുക എന്നതാണ് മലയാളം വിക്കിപ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

മുന്‍പ് പല വേദിയിലും സൂചിപ്പിച്ച പോലെ ലേഖനങ്ങളുടെ എണ്ണം കൂട്ടി മറ്റു ഭാഷകളോട് മത്സരിക്കുവാന്‍ മലയാളം വിക്കിപീഡിയ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നില്ല. ലേഖനങ്ങളുടെ എണ്ണം കുറഞ്ഞിരുന്നാ‍ലും ഉള്ള ലേഖനങ്ങള്‍ക്ക് ഗുണനിലവാരം ഉണ്ടാവുക എന്നതാണ് പ്രധാനം.

അതിനു ഏറ്റവും ആവശ്യം ലേഖനങ്ങളെ നന്നായി പീര്‍ റിവ്യൂ ചെയ്യുന്ന വിക്കി പ്രവര്‍ത്തകകരെയാണ്. ലേഖനങ്ങളുടെ എണ്ണവും ലേഖനങ്ങള്‍ എഴുതുന്ന യൂസേര്‍സിന്റെ എണ്ണവും കൂടുന്നതിനനുസരിച്ച് നല്ല രീതിയില്‍ പീര്‍ റിവ്യൂ ചെയ്യുന്നവര്‍ വിക്കിയില്‍ കുറവാണ്. ഇപ്പോള്‍ വിക്കിയില്‍ വളരെ നല്ല രീതിയില്‍ പീര്‍ റിവ്യൂ നടത്തുന്ന കാലിക്കുട്ടര്‍, അപ്പിഹിപ്പി, മുരാരി തുടങ്ങിയ ചില യൂസേര്‍സിന്റെ സേവനങ്ങള്‍ മറക്കുന്നില്ല.

സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയിലേക്ക് എല്ലാ മലയാളികളുടേയും ശ്രദ്ധ ക്ഷണിക്കുന്നു.

30 September, 2007

ഭഗവത് ഗീത മൂല കൃതി മലയാളം വിക്കിസോര്‍സില്‍

സത്യവേദപുസ്തകം വിക്കി സോര്‍സിലാലാക്കിയ വിവരം കഴിഞ്ഞ പോസ്റ്റില്‍ അറിയിച്ചിരുന്നല്ലോ.


സത്യവേദപുസ്തകം വിക്കിസോര്‍സിലാക്കിയതിനു തൊട്ടു പിന്നാലെ മലയാളം വിക്കി സോര്‍സ് ഒരു സുപ്രധാന നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു. ഭഗവത് ഗീതയുടെ മൂലകൃതി (സംസ്കൃതത്തിലുള്ളതു) മലയാള ലിപിയില്‍ വിക്കിസോര്‍സിലേക്കു ചേര്‍ക്കപ്പെട്ടിരിക്കുന്നു.

പ്രധാനമായും പ്രമുഖ മലയാള ബ്ലോഗറായ സൂര്യഗായത്രി ആണ് ഈ കൃതി മലയാളം വിക്കി സോര്‍സിലാക്കിയത്. ബൂലോകത്തിലെ ബാച്ചി സിങ്കം ദില്‍ബാസുരനും ചില അദ്ധ്യാ‍യങ്ങളില്‍ കൈവച്ചു. Sachunda, Truehacker എന്നീ രണ്ടു അജ്ഞാത വിക്കി സോര്‍സ് ഉപയോക്താക്കളും 2 അദ്ധ്യായങ്ങള്‍ എഴുതിയിട്ടുണ്ട്.

പതിവു പോലെ അടുത്ത ഘട്ടം ഇതു വരെ ചെയ്തതിന്റെ പീര്‍ റിവ്യൂ ആണ്. അതിനു സമയവും സാവകാശവും സന്‍‌മനസ്സും ഉള്ള ബൂലോകരില്‍ നിന്നു സഹായം അഭ്യര്‍ത്ഥിക്കുന്നു. സന്‍‌മനസ്സുള്ളവര്‍ shijualexonline@gmail.com എന്ന മെയില്‍ അഡ്രസ്സിലേക്കു ഒരു മെയിലയക്കുക.

മൂലകൃതി വന്ന സ്ഥിതിക്കു ഇതിനോട് അനുബന്ധിച്ചു അടുത്തതായി വേണ്ടത് ഭഗവത് ഗീതയുടെ ഒരു മലയാള പരിഭാഷ/വ്യാഖ്യാനം വരിക എന്നതാണ്. അതിനു ഏറ്റവും അനുയോജ്യം കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്റെ ഭഗവത് ഗീത പരിഭാഷ ആണ്. അതു പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ ഒരു കൃതിയാണ്. അതിനെ വിക്കി സോര്‍സിലാക്കാന്‍ പദ്ധതി ഉണ്ട്‌.

ഇതിനോട് ചേര്‍ന്നു തന്നെ അദ്ധ്യാതമ രാമായണവും വിക്കി സോര്‍സിലാക്കുന്നുണ്ട്. അതിലും സഹകരിക്കാന്‍ താല്പര്യം ഉള്ളവര്‍ മെയിലയക്കുക.


ഒരേ ജോലി തന്നെ മൂന്നു നാലു ആള്‍ക്കാര്‍ ഒരേ സമയം ചെയ്യുന്നത് ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ആണ് ഇങ്ങനത്തെ പണികള്‍ ചെയ്യുമ്പോള്‍ ഒരു ഏകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. അതിനാലാണ് മെയിലയക്കാന്‍ അഭ്യര്‍ത്ഥിക്കുന്നത്.


മത ഗ്രന്ഥങ്ങള്‍ക്കു പുറമേയുള്ള ചില കൃതികളും വിക്കിസോര്‍സില്‍ ആക്കാന്‍ പദ്ധതി ഉണ്ട്‌. സഹകരിക്കാന്‍ താല്പര്യം ഉള്ളവര്‍ മെയിലയക്കുമല്ലോ.


വിക്കിസോര്‍സ് എന്താണെന്നു അറിയാത്തവര്‍ക്കായി.

പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ കഴിഞ്ഞ അല്ലെങ്കില്‍ പകര്‍പ്പവകാശം ഇല്ലാത്ത അമൂല്യ ഗ്രന്ഥങ്ങള്‍ ഓണ്‍ലൈനില്‍ ആക്കി ഭാവി തലമുറയ്ക്കു വേണ്ടി സൂക്ഷിച്ചു വെക്കുന്ന ഒരു സംരഭം ആണ് വിക്കി സോര്‍സ്. ഇതു വിക്കിപീഡിയയില്‍ നിന്നു വ്യത്യസ്തമായ വേറെ ഒരു വിക്കി ആണ്.

24 September, 2007

സത്യവേദപുസ്തകം മലയാ‍ളം വിക്കിസോര്‍സില്‍

ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന സത്യവേദപുസ്തകം (മലയാളം ബൈബിള്‍) പൂര്‍ണ്ണമായും മലയാളം വിക്കിസോര്‍സില്‍ (http://ml.wikisource.org) ചേര്‍ത്തിരിക്കുന്നു.


സത്യവേദ പുസ്തകം യൂണിക്കോഡ് മലയാളത്തിലാക്കിയതു ശ്രീ. നിഷാദ് കൈപ്പള്ളി ആണെന്നു നമുക്കറിയാമല്ലോ. മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് ഗ്രന്ഥവും നിഷാദ് കൈപ്പള്ളി എന്‍‌കോഡ് ചെയ്ത “സത്യവേദപുസ്തകം” തന്നെയാണ്. നിഷാദ് കൈപ്പള്ളിയുടെ നിരവധിവര്‍ഷത്തെ പ്രയത്നഫലമാണ് മലയാളം യൂണിക്കോഡ് ബൈബിള്‍.

പ്രസ്തുത ഗ്രന്ഥം വിക്കിസോര്‍സിലാക്കുന്ന പണിയും കൈപ്പള്ളി തന്നെ തുടങ്ങി വെച്ചെങ്കിലും പല വിധ കാരണങ്ങളാല്‍ അതു മുന്നോട്ട് നീങ്ങിയില്ല. എന്നാല്‍ ഈ അടുത്ത് സത്യവേദ പുസ്തകം പൂര്‍ണ്ണമായിം വിക്കിയിലാക്കാനുള്ള ഒരു പ്രൊജക്ടിനു തുടക്കമിട്ടു. പ്രമുഖ മലയാളം ബ്ലോഗ്ഗറായ ശ്രീ. തമനുവും ഇതില്‍ സഹകരിച്ചു

എന്‍‌കോഡ് ചെയ്ത ഒരു ഗ്രന്ഥം വിക്കിയിലാക്കുന്നതു എളുപ്പമായിരിക്കും (കോപ്പി പേസ്റ്റ് ചെയ്താല്‍ മതിയല്ലോ) എന്ന വിചാരത്തിലാണ് തുടങ്ങിയതു. സംഗതി തുടങ്ങിയപ്പോഴാണ് ഈ പ്രൊജക്ട് എത്ര വതുതാണെന്നു മനസ്സിലായതു.

മൊത്തം 66 പുസ്തകങ്ങള്‍. അതില്‍ മൊത്തം 1189 അദ്ധ്യായങ്ങള്‍. ഓരോ അദ്ധ്യായത്തിനും വെവ്വേറെ വിക്കി പേജുകള്‍ ഉണ്ടാക്കി. അങ്ങനെ മൊത്തം 1189 വിക്കിപേജുകള്‍.


ഓരോ അദ്ധ്യായത്തിലും ഓരോ വാക്യത്തിനും അതിന്റെ വാക്യ സംഖ്യ ചേര്‍ക്കുക, ഓരോ അദ്ധ്യയവും വിക്കി ഫോര്‍മാറ്റിലാക്കുക, എളുപ്പത്തിലുള്ള നാവിഗേഷനു വേണ്ടി ടെമ്പ്ലേറ്റുകള്‍ എങ്ങനെ നിരവധി നിരവധി ജോലികള്‍. ഒരു ഘട്ടത്തില്‍ പരിപാടി ഇടയ്ക്കു വെച്ചു ന്നിര്‍ത്തിയാലോ എന്നു പോലും ഓര്‍ത്തതാണ്.

പക്ഷെ മൈക്രോ സൊഫ്റ്റ് എക്സല്‍ വിദഗ്ദനായ ശ്രീ. തമനു ചില പ്രവര്‍ത്തനങ്ങള്‍ ഓട്ടോമേറ്റു ചെയ്യുന്നതിനുള്ള ഒരു പ്രോഗ്രാം എഴുതിയതു. ആ മാക്രോ ഉപയോഗിച്ചതോടെ സംഭവം ഞങ്ങള്‍ വിചാരിച്ചതിനേക്കള്‍ വേഗം മുന്നോട്ട് നീങ്ങി അങ്ങേനെ 2007ജൂലൈ 15നു തുടങ്ങിയ ഈ പ്രൊജക്ട് 2007 ഓഗസ്റ്റ് 10നു അതിന്റെ പരിസമാപ്തിയില്‍ എത്തി. അങ്ങനെ മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് ഗ്രന്ഥം മലയാളം വിക്കിസോര്‍സിലേക്കു ചേര്‍ക്കപ്പെടുന്ന ആദ്യത്തെ ഗ്രന്ഥവും ആയി.


ഇപ്പോള്‍ സത്യവേദപുസ്തകം വായിക്കുവാന്‍ “http://ml.wikisource.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82“ എന്നലിങ്കില്‍ പോയി “പഴയ നിയമം“ “പുതിയ നിയമം“ ഇവയിലെ ഒരു ലിങ്കില്‍ ഞെക്കി നിങ്ങള്‍ക്കു ആവശ്യമുള്ള പുസ്തകം തിരഞ്ഞെടുത്താല്‍ മതി.


ഇനി ഇപ്പോള്‍ ഈ പുസ്തകം എറര്‍ ഫ്രീ ആയി തീര്‍ത്ത് സൂക്ഷിച്ചു വെക്കുന്നതിനു സേവനസന്നദ്ധത ഉള്ള ചില ബൂലോകരുടെ സഹായം ആവശ്യമുണ്ട്. പുസ്തകം പ്രൂഫ് റീഡ് ചെയ്യുകയാണ് ഉദ്ദേശം. അതിനു തയ്യാറുള്ള ബൂലോകര്‍ shijualexonline@gmail.com എന്ന മെയില്‍ വിലാസത്തിലേക്കു ഒരു ഇ മെയില്‍ അയക്കുക. ദയമായി ഈ പ്രൊജക്ടിനെ സീരിയസായി കാണുന്നവര്‍ മാത്രം മെയില്‍ അയക്കുക. എന്താണ് ചെയ്യേണ്ടത്, അതു എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ച് ഞാന്‍ മറുപടി മെയില്‍ അയക്കാം.


എളുപ്പത്തിലുള്ള നാവിഗേഷനു വേണ്ടി ചില ടെമ്പ്ലേറ്റുകള്‍ കൂടി ചേര്‍ക്കാന്‍ പരിപാടി ഉണ്ട്. അതു വഴിയെ ചെയ്യാം.


പുസ്തകത്തിന്റെ മെയിന്‍ ഇന്‍ഡക്സ്” : http://ml.wikisource.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82

പഴയനിഅയമത്തിലേക്കു നേരിട്ടുപോകാന്‍: http://ml.wikisource.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82/%E0%B4%AA%E0%B4%B4%E0%B4%AF%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%82

പുതിയനിയമത്തിലേക്കു നേരിട്ടു പോകാന്‍: http://ml.wikisource.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82/%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%82

പുസ്തകം വിക്കിയിലിടാന്‍ അനുമതി തന്ന ശ്രീ. നിഷാദ് കൈപ്പള്ളിയോടും പുസ്തകം വിക്കിയിലാക്കാന്‍ സഹകരിച്ച ശ്രീ. തമനുവിനോടും പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.


കുറിപ്പ്:

രാമായണവും ഖുറാനും വിക്കിയില്‍ ആക്കുന്നതിനുള്ള ചില പദ്ധതികള്‍ മനസ്സിലുണ്ട്. അതില്‍ സഹകരിക്കുവാന്‍ താല്പര്യമുള്ളവരും മെയിലയക്കുക.

03 September, 2007

മലയാളം വിക്കിപീഡിയ-ഒരു ആമുഖം

മലയാളം വിക്കി സംരഭങ്ങളെ കുറിച്ച് ഒരു ആമുഖം എന്ന രീതിയില്‍ പൊതുജനങ്ങള്‍ക്കു വേണ്ടി തയ്യാറാക്കിയതാണു ഈ ലേഖനം. വിക്കി എന്നാല്‍ എന്താണെന്നും വിക്കിവിജ്ഞാനകോശത്തിന്റെ ചരിത്രവും മലയാളം വിക്കിപീഡിയയുടെ ചരിത്രവും ഒക്കെ ഒരു സാധാരണ വായനക്കാരനു പരിചയപ്പെടുത്തുക എന്നതാണ് ഉദ്ദേശം.

മാതൃഭൂമി പത്രപ്രവര്‍ത്തകന്‍ ശ്രീ. ജോസഫ് ആന്റണി മലയാളം വിക്കിപീഡിയയെയെ കുറിച്ച് ചില വിവരങ്ങള്‍ നല്‍കണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഇങ്ങനെ ഒരു ലേഖനം എഴുതുന്ന ആശയം ഉടെലെടുത്തതു.

മലയാളം വിക്കിപീഡിയ പ്രവര്‍ത്തകര്‍ ആയ മന്‍‌ജിത് കൈനിക്കര, സിമി ഫ്രാന്‍സിസ് നസ്രത്ത്, എന്നിവരാണ് ഈ ലേഖനം തയ്യാറാകുന്നതില്‍ പ്രധാനമായും സഹകരിച്ചതു. മറ്റു വിക്കിപീഡിയരായ പ്രവീണ്‍ പ്രകാശ്, പെരിങ്ങോടന്‍ എന്നിവരും ചില വിഭാഗങ്ങള്‍ എഴുതിയിട്ടുണ്ട്. സിബുചേട്ടന്റെ വരമൊഴി വിക്കിയില്‍ നിന്നും ചില വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അവര്‍ക്കേവര്‍ക്കും നന്ദി.


ആമുഖം

ലോകത്തിലെ വിജ്ഞാനം മുഴുവന്‍ ഒരിടത്ത്‌ സ്വരുക്കൂട്ടാനുള്ള മനുഷ്യന്റെ ഉദ്യമങ്ങള്‍ക്ക്‌ ബി.സി. മൂന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന ഈജിപ്തിലെ അലക്സാന്‍‌ട്രിയയിലെ ലൈബ്രറിയോളം പഴക്കമുണ്ട്. അച്ചടിയുടെ ലോകത്തിനു പുറത്ത്, ഒരു വിജ്ഞാനശേഖരമൊരുക്കുന്ന കഥ എച്. ജി. വെല്‍‌സ് തന്റെ വേള്‍ഡ് ബ്രെയിന്‍ (1937) എന്ന നോവലില്‍ പറയുന്നു. ഇന്റര്‍നെറ്റിന്റെ കണ്ടുപിടുത്തത്തോടും പ്രചാരത്തോടും കൂടി ഇന്റര്‍നെറ്റ് വിജ്ഞാനകോശങ്ങള്‍ ഒരുക്കാനുള്ള ഉദ്യമങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്‌. അങ്ങനെ ഉള്ള എറ്റവും വലിയതും, ജനകീയവും, സ്വതന്ത്രവും ആയ ഒരു ഓണ്‍ ലൈന്‍ വിജ്ഞാനകോശ സംരഭം ആണ് വിക്കിപീഡിയ.

മറ്റ് സര്‍വ്വവിജ്ഞാനകോശങ്ങളെ (എന്‍സൈക്ലോപീഡിയകളെ) അപേക്ഷിച്ച് വിക്കിപീഡിയയ്ക്ക് പ്രത്യേകതകള്‍ പലതാണ്. അതില്‍ ഏറ്റവും പ്രധാനം ആര്‍ക്കും ലേഖനങ്ങള്‍ എഴുതാം എന്നതു തന്നെയാണ്. ഈ വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതാന്‍ ഏതെങ്കിലും വിഷയത്തിലെ പാണ്ഡിത്യമോ ആരുടെ എങ്കിലും അനുമതിയോ ആവശ്യം ഇല്ല. മലയാളം വിക്കിപീഡിയയുടെ വെബ് വിലാസത്തില്‍ (http://ml.wikipedia.org) ചെന്ന് ആര്‍ക്കും ലേഖനങ്ങള്‍ എഴുതാം. ലേഖനങ്ങളില്‍ അല്പം എങ്കിലും വിജ്ഞാനം വേണമെന്നേ ഉള്ളൂ.

എന്താണ് വിക്കി

സാധാരണ ഗതിയില്‍ ഇന്റര്‍നെറ്റിലെ ഏതെങ്കിലുംമൊരു താളില്‍ എന്തെങ്കിലും എഴുതിച്ചേര്‍ക്കണമെങ്കില്‍ സാങ്കേതിക പരിജ്ഞാ‍നവും മറ്റു പലരുടേയും സമ്മതവും വേണം. പക്ഷെ ഇതേ പോലുള്ള ചരടുകള്‍ ഒന്നുമില്ലാതെ ആര്‍ക്കും (സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത വായനക്കാരനും) വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും, നീക്കം ചെയ്യാനും, മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നല്കുന്ന വെബ് സൈറ്റുകളെയാണ് വിക്കി എന്നു വിളിക്കുന്നത്. വളരെ എളുപ്പത്തില് വിവരങ്ങള്‍ ചേര്‍ക്കാം എന്നതിനാല്‍ കൂട്ടായ്മയിലൂടെ രചനകള്‍ നടത്താനുള്ള മികച്ച ഉപാധി ആണ് വിക്കി. സോഫ്റ്റ്‌വെയര്‍ രംഗത്ത് കൂട്ടായ്മയുടെ പുതിയ മാനങ്ങള്‍ നല്കുകയാണ് വിക്കി എന്ന ആശയം. ഒരു കൂട്ടം ഉപയോക്താക്കളാണ് ഇത്തരം ലേഖന സമുച്ചയം സാധാരണയായി രചിക്കുന്നത്. ആരും ആരുടേയും സംഭാവനകളെ അംഗീകരിക്കേണ്ട ആവശ്യം ഇല്ലാത്തതിനാല്‍, ഇന്റര്‍നെറ്റ് ലോകത്തെ, ജനാധിപത്യരീതിയാണ് വിക്കിയുടേത് എന്നു
വേണമെങ്കില്‍ പറയാം.

വിക്കിയുടെ ചരിത്രം

വാര്‍‌ഡ് കനിംഹാം എന്ന പോര്‍‌ട്ട്‌ലാന്‍‌ഡുകാരനാണ് വിക്കി എന്ന ആശയത്തിനും, സോഫ്റ്റ്‌വെയറിനും അടിത്തറയിട്ടത്. 1994 -ല്‍ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്വെയറാണ് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. 1995 മാര്ച്ച് 25 ന് അദ്ദേഹം ഇത് www.c2.com എന്ന ഇന്റര്നെറ്റ് സൈറ്റില് സ്ഥാപിച്ചു.

കനിംഹാം തന്നെയാണ് വിക്കി എന്ന പേര് നിര്ദ്ദേശിച്ചത്. ഹോണോലുലു ദ്വീപിലെ വിമാനത്താവളത്തിലെ ടെര്മിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാന്സ് ആര്‍.ടി 52 എന്ന ബസ്സ് സര്‍‌വീസിനെകുറിച്ച് അവിടുത്തെ ഒരു തൊഴിലാളി പറഞ്ഞതിനെ ഓര്‍ത്തായിരുന്നു ഈ പേരിടല്‍. ഹവായിയന് ഭാഷയില് വിക്കി എന്നാല് വേഗത്തില്‍ എന്നാണ് അര്‍ത്ഥം. "What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ ഇപ്പോള്‍ വികസിപ്പിച്ചു പറയാറുണ്ട്.

വിക്കിയുടെ സ്വഭാവങ്ങള്‍

ലളിതമായ കമ്പ്യൂട്ടര്‍ ഭാഷ (മാര്‍ക്കപ്പ്) ഉപയോഗിച്ചാണ് വിക്കിയിലെ താളുകള്‍ രചിക്കപ്പെടുന്നത് എന്നതിനാല് എല്ലാവര്‍ക്കും ഇതില് പങ്കാളിയാകാന് കഴിയുന്നു. ഇന്റര്‍നെറ്റിലെ മാര്‍ക്കപ്പ് ഭാഷയായ എച്ച്.ടി.എം.എല്‍-നെ സാധാരണ വിക്കികള്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കാറുണ്ട്. എങ്കിലും വിക്കിയില്‍ പൊതുവെ ഉപയോഗിക്കപ്പെടുന്ന മാര്‍ക്കപ്പകള്‍ അതിലും ലളിതമാണ്. വിക്കി പേജുകള് രചിക്കാനോ, മാറ്റങ്ങള് വരുത്താനോ, വെബ് ബ്രൌസര് ഒഴികെ മറ്റൊരു സോഫ്റ്റ്വെയറും വേണ്ട എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. വിക്കിപേജുകള്‍ എല്ലാം കണ്ണികളിലൂടെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കും.

സാധാരണയായി ഏതു വായനക്കാരനും വിവരങ്ങളിലല്‍ മാറ്റംവരുത്താനുള്ള സൗകര്യം വിക്കി താളുകള്‍ നല്കാറുണ്ട്. എങ്കിലും ചില വിക്കിപേജുകളില് ഇത് റജിസ്റ്റര് ചെയ്ത ഉപയോക്താക്കള്‍ക്കു മാത്രമായി ചുരുക്കാറുണ്ട്. വിക്കി താളുകളില്‍ വരുത്തുന്ന മാറ്റങ്ങളൊക്കെ അപ്പപ്പോള്‍ തന്നെ പ്രാബല്യത്തില്‍ വരും.

വിക്കിപീഡിയ എന്ന വിശ്വവിജ്ഞാനകോശം

ആര്‍ക്കും എഴുതാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രണേതാവായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 1999-ല്‍ മുന്നോട്ടു വച്ചിരുന്നു. ആ ആശയത്തിനെ പ്രാവര്‍ത്തികമാക്കാനുള്ള ആദ്യശ്രമം റിക്ക് ഗേറ്റ്സിന്റെ ഇന്റര്‍പീഡിയ ആയിരുന്നു. എങ്കിലും അത്‌ പ്ലാനിങ് ഘട്ടം കഴിഞ്ഞ് അധികം മുന്നോട്ടുപോയില്ല.

അതാത് വിഷയങ്ങളിലെ പ്രമുഖരുടെ ലേഖനങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ന്യൂപീഡിയ ആയിരുന്നു അടുത്തത്‌. ജിമ്മി വെയില്‍‌സും സഹായി ലാരി സാങറും ആയിരുന്നു അതിന്റെ ശില്‍പ്പികള്‍. ലേഖനങ്ങളുടെ ഗുണമേന്മയ്ക്കു കൊടുത്തിരുന്ന അമിതപ്രാധാന്യമാവാം, അതിന്റെ വളര്‍ച്ച മെല്ലെയായിരുന്നു. അതുകൊണ്ട്‌, ന്യൂപീഡിയയെ സഹായിക്കാനായി പൊതുജനങ്ങള്‍ക്കെല്ലാം ഒരു പോലെ എഡിറ്റ് ചെയ്യാനാവുന്ന വിക്കിപീഡിയ എന്ന സംരംഭം ജിമ്മി വെയില്‍‌സും സഹായി ലാരി സാങറും ചേര്‍ന്ന് ആരംഭിച്ചു.

വിദഗ്ദ്ധന്മാര്‍ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ് വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായി ആരംഭിച്ച വിക്കിപീഡിയ ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്സൈറ്റിനെയും കടത്തി വെട്ടി കാലാന്തരത്തില് തനതുവ്യക്തിത്തമുള്ള ഏറ്റവും വലിയ സ്വതന്ത്രവിജ്ഞാനകോശമായി മാറി.

അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരു സ്വതന്ത്ര ഓണ്‍‌ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. വിക്കിപ്പീഡിയയാണ് ഇന്നുള്ള എറ്റവും വലിയ വിക്കി. 2001 ജനുവരി 15-നാണ് വിക്കിപീഡിയ പ്രൊജക്റ്റിനു തുടക്കംകുറിച്ചത്. ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ തന്നെയാണ് ലാഭേച്ഛയില്ലാതെ വിക്കിപീഡിയയിലെ ലേഖനങ്ങള്‍ എഴുതുന്നത്. വിക്കിപീഡിയ വെബ് പേജില് ലേഖനങ്ങളെഴുതാനും അവ തിരുത്തുവാനും ഏവര്ക്കും സ്വാതന്ത്ര്യവും സൗകര്യവും നല്കുന്ന വിക്കിസോഫ്റ്റ്വെയര് ആണ് ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം. വളരെയധികം ഉപയോക്താക്കള്‍ തുടര്‍ച്ചയായി വിക്കിപീഡിയ മെച്ചപ്പെടുത്തുന്നുണ്ട്. ആയിരക്കണക്കിനു മാറ്റങ്ങള്‍ ഒരോ മണിക്കൂറിലും അവര്‍‍ നടത്തുന്നുമുണ്ട്. ഈ മാറ്റങ്ങള്‍ എല്ലാംതന്നെ വിക്കിപീഡിയ സൂക്ഷിച്ച് വെക്കുന്നുണ്ട്. അനാവശ്യ മാറ്റങ്ങള്‍ വളരെ പെട്ടെന്നു തന്നെ സാധാരണയായി ഒഴിവാക്കാറുണ്ട്. അതുപോലെ തുടര്‍ച്ചയായി ശല്യപ്പെടുത്തുന്ന നിയമവിരുദ്ധരെ മാറ്റങ്ങള്‍ വരുത്തുന്നതില്‍ നിന്നും തടയാറുണ്ട്.

നിലവില് 229 ഭാഷകളില്‍ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. മൃതമായി കൊണ്ടിരുന്ന പല ഭാഷകളും ലിപികളും വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങളിലൂടെ പുനര്‍ജീവിച്ചു കൊണ്ടിരിക്കുന്നു. പതിനെട്ടുലക്ഷത്തിലധികം ലേഖനങ്ങളുള്ള വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പാണ് ഈ സംരംഭത്തിന്റെ പതാകവാഹക‍. തുടങ്ങിയ ആദ്യവര്‍ഷത്തില്‍ തന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. ഇന്ന്‌ ഇംഗ്ലീഷ് വിക്കിപീഡിയയിലെ മാത്രം ലേഖനങ്ങളുടെ എണ്ണം പതിനെട്ടു ലക്ഷത്തില്‍ കൂടുതലാണ്. ഒരു ദിവസം 6 ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഇംഗ്ലീഷ് വിക്കിപീഡിയ റഫര്‍ ചെയ്യുന്നു. മലയാളമടക്കം 21 ഇന്ത്യന്‍ഭാഷകളിലും വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നു. മലയാളം വിക്കിപീഡിയയില്‍ നിലവില്‍ 3700 ഓളം ലേഖനങ്ങള്‍ ഉണ്ട്.

വിക്കിപീഡിയയിലെ ഉള്ളടക്കം ഗ്നു(GNU) Free Documentation License-നാല് നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ വിക്കിപീഡിയയില്‍ ഉള്ളടക്കം എല്ലാക്കാലവും സ്വത്രന്ത്രവും സൗജന്യവും ആയിരിക്കും. ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൌണ്ടേഷന്‍ എന്ന സ്ഥാപനമാണ് ഇപ്പോള്‍ വിക്കിപീഡിയയെ നിയന്ത്രിക്കുന്നത്. എല്ലാ ഭാഷകളിലും സ്വതന്ത്രവും
സമ്പൂര്‍ണ്ണവുമായ വിജ്ഞാനകോശം ഉണ്ടാക്കാനുള്ള കൂട്ടായ ശ്രമമാണ് വിക്കിമീഡിയ ഫൌണ്ടെഷന്റേത്.


വിക്കിപീഡിയ തുടങ്ങിയ കാലത്ത്‌ അതൊരു മഹാപ്രസ്ഥാനമായി മാറുമെന്ന്‌ വിചാരിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. എന്നാലിന്ന്‌, ബ്രിട്ടാണിക്ക എന്‍സൈക്ലോപീഡിയയോടൊപ്പം തന്നെ നില്‍ക്കുന്ന ഒരു സ്വതന്ത്ര, സൌജന്യ വിജ്ഞാനകോശമായി മാറിക്കഴിഞ്ഞു വിക്കിപീഡിയ. ഇത്‌ വെറുതെ പറയുന്നതല്ല. ശാസ്ത്രലോകത്തെ ഏറ്റവും പേരുകേട്ട മാഗസിനായ നേച്ചര്‍ അത്‌ ശാസ്ത്രീയമായ രീതികളുപയോഗിച്ച്‌ സ്ഥിരീകരിച്ചു. അതിങ്ങനെയാണ്: ബ്രിട്ടാണിക്കയിലേയും വിക്കിപീഡിയയിലേയും ലേഖനങ്ങള്‍ എവിടെ നിന്നെടുത്തതാണെന്നറിയിക്കാതെ അതാത്‌ വിഷയങ്ങളിലെ പ്രമുഖരെ കാണിച്ചു. അവയിലെ തെറ്റുകളും കുറവുകളും രേഖപ്പെടുത്തി. അവസാനം കൂട്ടിനോക്കിയപ്പോള്‍ രണ്ടിന്റേയും വിവിധ വിഷയങ്ങളിലെ ശരാശരി സ്കോര്‍ ഒപ്പത്തിനൊപ്പം!

വിക്കിപീഡിയ എന്തൊക്കെയാണ് /എന്തൊക്കെയല്ല

വിക്കിപീഡിയ ഒരു ഓണ്‍‌ലൈന്‍ വിജ്ഞാനകോശമാണ്. അറിവു പങ്കു വെയ്കാനും, ഉയര്‍ന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുകയും, പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓണ്‍ലൈന്‍ സമൂഹമാണ് വിക്കീപീഡിയയുടെ ശക്തി. അതുകൊണ്ടൊക്കെ തന്നെ വിക്കിപീഡിയ ചിലമേഖലകളെ പ്രതിനിധാനം ചെയ്യുന്നില്ല.

  1. വിക്കിപീഡിയ കടലാസ് വിജ്ഞാനകോശമല്ല. അതു കൊണ്ടു തന്നെ ഒരു കടലാസ് വിജ്ഞാനകോശം പോലെ ഇതിനു പതിപ്പുകളോ ഒന്നുമില്ല.
  2. ഓണ്‍ലൈന്‍ വിജ്ഞാനകോശം ആയതുകൊണ്ട് തന്നെ വിക്കിപീഡിയയില്‍ വിഷയങ്ങളുടെ എണ്ണത്തില് ഒരിക്കലും അവസാനം ഉണ്ടാവാന്‍ പാടില്ല. ഒരു ലേഖനത്തിന്റെ വലിപ്പം വളരെയധികം ആവുകയാണെങ്കില് ആ ലേഖനം വിഷയാധിഷ്ഠിതമായി വിഭജിക്കേണ്ടിവരും. ഒരു ലേഖനം കാരണങ്ങളില്ലാതെ വിഭജിക്കാമെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കേണ്ടതില്ല.
  3. വിവരങ്ങള്‍ ആയി എന്നതുകൊണ്ടുമാത്രം വിക്കിപീഡിയ ചില കാര്യങ്ങള് പ്രസിദ്ധീകരിക്കില്ല. 100% ശരിയായ കാര്യങ്ങള്
    എന്നതിലുപരി വിജ്ഞാനകോശസ്വഭാവമുള്ള കാര്യങ്ങളാണ് വിക്കിപീഡിയക്കനുയോജ്യം.
  4. വിക്കിപീഡിയ ചിലപ്പോള്‍ ചില വായനക്കാര്ക്ക് ആക്ഷേപകരമോ വ്രണപ്പെടുത്തുന്നതോ ആയ കാര്യങ്ങള് ഉള്ക്കൊള്ളാനിടയുണ്ട്. വിക്കിപീഡിയ ആര്‍ക്കുവേണമെങ്കിലും തിരുത്തുവാന്‍ പാകത്തില് സ്വതന്ത്രമായതുകൊണ്ട് ഒരു ലേഖനത്തിന്റെയും ഉള്ളടക്കത്തെ കുറിച്ച് ഉറപ്പു പറയാന് വിക്കിപീഡിയക്കാവില്ല.
  5. വിക്കിപീഡിയ സ്വതന്ത്രവും ഏവര്‍ക്കും തുറന്നിട്ടിട്ടുള്ളതുമാണ്. എന്നാല് അതിന്റെ ഘടന സ്വതന്ത്രവും സരളവുമായ വിജ്ഞാനകോശം എന്ന നിലയിലുള്ളതാണ്.
  6. വിക്കിപീഡിയയിലെ വിവരങ്ങള്‍ ഗ്നു ഫ്രീ ഡോക്യുമെന്റേഷന്‍ അനുമതി അനുസരിച്ച് എവിടേയും സ്വതന്ത്രമായി ഉപയോഗിക്കാം. വിവരങ്ങള്‍ ആര്‍ക്കും സ്വന്തമല്ല എന്ന ആശയത്തിലാണ് വിക്കിപീഡിയ പടുത്തുയര്‍ത്തിയിരിക്കുന്നതു തന്നെ. വിക്കിപീഡിയയില്‍ വിവരങ്ങള്‍ ആയുള്ള എന്തു തന്നെയും ചേര്‍ക്കാം. അതുകൊണ്ട് വിക്കിപീഡിയയിലെ വിവരങ്ങള്‍ക്ക് പരിധിയില്ല.
  7. അതുപോലെ തന്നെ ഒരു ലേഖനം അനേകര്‍ തിരുത്തുന്നതുമൂലം ഗുണനിലവാ‍രത്തില്‍ ഉറപ്പു പറയാന്‍ വിക്കിപീഡിയക്കാവില്ല.ലേഖനം നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കാറുണ്ടെങ്കിലും അത് വളരെ പെട്ടന്നു തന്നെ ശരിയാക്കാറുമുണ്ട്.
  8. വിക്കിപീഡിയയില്‍ തിരുത്തുന്നതുമൂലം ലേഖകര്‍ക്ക് അവരുടെ അറിവു വര്‍ദ്ധിക്കും എന്നൊതൊഴിച്ച് എന്തെങ്കിലും ഗുണമുണ്ടാകാനിടയില്ല. ബ്ലോഗുകളെ പോലെയോ, പത്രങ്ങളില്‍ ലേഖനമെഴുതുന്നതു പോലെയോ വിക്കിപീഡിയയില്‍ ലേഖനമെഴുത്തിനെ സമീപിക്കരുത്.

വിക്കിപീഡിയര്‍


വിക്കിപീഡിയക്കായി സേവനങ്ങള്‍ ചെയ്യാന്‍ സന്നദ്ധരായവരെ പൊതുവേ വിക്കിപീഡിയര്‍ എന്നു വിളിക്കുന്നു. ഇവരുടെ സമൂഹത്തെ വിക്കിസമൂഹമെന്നും പറയുന്നു. വിക്കിപീഡിയ എന്താണെന്ന വ്യക്തമായ അവബോധത്തോടെ സേവനങ്ങള്‍ ചെയ്യുകയും വിജ്ഞാനതൃഷ്ണയും, അറിവു പങ്ക് വെക്കാനുള്ള മനസ്സും, പരസ്പരബഹുമാനവും ഉള്ള സ്വതന്ത്ര സമൂഹമാണ്
വിക്കിപീഡിയരുടേത്.

വിക്കിപീഡിയയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെയാണ് വിക്കിപീഡിയരുടെ എണ്ണം കണക്കാക്കുന്നത്. മലയാളത്തില് ഇതുവരെ 2000 ത്തോളം ഔദ്യോഗിക വിക്കിപീഡിയരുണ്ട്. എന്നിരുന്നാലും വിക്കിപീഡിയയില്‍ രജിസ്റ്റര്‍ ചെയ്യാത്ത വിക്കിപീഡിയരും കുറവല്ല. സാധാരണ മനുഷ്യര്‍ക്കിടയില്‍ അവരിലൊരാളായി, അവര്‍ ചെയ്യുന്ന പണികളിലേതെങ്കിലും ചെയ്താണ് വിക്കിപീഡിയരുടെ ജീവിതവും മുന്നോട്ടുപോകുന്നത്. എന്നാല്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയ കമ്പ്യൂട്ടര്‍ ലഭിച്ചാല്‍ ഇവര്‍ വിക്കിപീഡിയരായി മാറുന്നു.

തങ്ങള്‍ ചെയ്യുന്നതും വിക്കിപീഡിയക്ക് നല്കുന്നതുമായ എന്തും മറ്റു വിക്കിപീഡിയര്‍ക്കോ, വിക്കിപീഡിയയുടെ വായനക്കാര്‍ക്കോ സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അനുവാദം വിക്കിപീഡിയര്‍ നല്കിയിരിക്കുന്നു. പലതുള്ളി പെരുവെള്ളം എന്ന തത്വത്തിലാണ് വിക്കിപീഡിയര് വിശ്വസിക്കുന്നത്. റാണിയില്ലാത്ത ഉറുമ്പുകൂട്ടത്തെ പോലെയാണിവര്. ചിലര് വിക്കിപീഡിയക്കായി ലേഖനങ്ങള്‍ എഴുതുന്നു, ചിലര്‍ പുതിയതായി സമൂഹത്തില്‍ ചേരുന്നവരെ സ്വാഗതം ചെയ്യുന്നു, ചിലര്‍ തെറ്റുകള് തിരുത്തുന്നു, ചിലര്‍ ചിത്രങ്ങള്‍ ചേര്‍ക്കുന്നു, ചിലര്‍ ലേഖനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. അങ്ങിനെ അങ്ങിനെ നാനാ വിധ ജോലികള്‍ വിക്കിപീഡിയര്‍ ചെയ്യുന്നു . വിക്കിപീഡിയര്‍ക്ക് പോലീസോ, കോടതിയോ, ഒരു കെട്ടുറപ്പുള്ള നിയമസംഹിതയോ ഇല്ല. തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ചിലപ്പോള്‍ അവര്‍ തമ്മില് ആശയസംഘടനങ്ങള്‍ സൃഷ്ടിക്കാറുണ്ടെങ്കിലും അവര്‍ അത് സമവായത്തിലൂടെ പരിഹരിക്കുന്നു. വിക്കിപീഡിയയില്‍ വിക്കിപീഡിയര്‍ക്കായുള്ള താളുകളില് ഇവരെ പരിചയപ്പെടാം. ഇത്തരം താളുകളില്‍ ചെറുപെട്ടികളില്‍ (user box) ഉപയോഗിച്ച് സ്വന്തം ശൈലി വെളിപ്പെടുത്തുന്നു എന്നത് ഇവരുടെ മറ്റൊരു പ്രത്യേകതയാണ്.

കാര്യനിര്‍വ്വാഹകര്‍

വിക്കിപീഡിയരില്‍ ചിലരെ കാര്യനിര്‍വ്വാഹകര്‍ (സിസോപ്പുകള്‍) ആയി തിരഞ്ഞെടുക്കുന്നു. വിക്കിപീഡിയയില് ഉണ്ടായേക്കാവുന്നചപ്പും ചവറും എടുത്തുമാറ്റുക എന്നതാണ് കാര്യനിര്‍വ്വാഹകരുടെ പ്രധാന ജോലി. തങ്ങളുടെ ഇടയില് നുഴഞ്ഞുകയറിയിട്ടുണ്ടേക്കാവുന്ന വിക്കിവിരുദ്ധരെ ഭയന്ന്, സമൂഹത്തിന് നേരിട്ട് തിരുത്താന് കഴിയാത്ത രീതിയിലേക്ക് നിര്ദ്ദേശിച്ചിട്ടുള്ള താളുകളില് മാറ്റം വരുത്തുവാന് വിക്കിപീഡിയര്‍ കാര്യനിര്‍വ്വാഹകരെ നിയോഗിച്ചിരിക്കുന്നു. ഇത്തരം ആള്ക്കാരെ കണ്ടെത്തിയാല് അവരെ തിരുത്തലുകള്‍ വരുത്തുന്നതില്‍ നിന്നു തടയേണ്ട ചുമതലയും കാര്യനിര്‍വ്വാഹര്‍ക്കുണ്ട്. ഒരേ സമയം വിക്കിസമൂഹത്തിന്റെ പടയാളികളും തൂപ്പുകാരുമാണ് കാര്യനിര്‍വ്വാഹകര്‍. അതിനുപുറമേ സാധാരണ വിക്കിപീഡിയര്‍ ചെയ്യുന്നതെന്തും ഇവരും ചെയ്യുന്നു.

ബ്യൂറോക്രാറ്റുകള്‍

സാധാരണ വിക്കിപീഡിയരേയും സിസോപ്പുകളേയും അപേക്ഷിച്ച് ജോലിഭാരം കൂടിയ ഉപവിഭാഗമാണ് ബ്യൂറോക്രാറ്റുകള്. ഇവരേയും മറ്റു വിക്കിപീഡിയര് തിരഞ്ഞെടുക്കുന്നതാണ്. വൃത്തിയാക്കല്, തങ്ങളുടെ സൃഷ്ടികളേയും മറ്റും സംരക്ഷിക്കുക, എന്നീ ജോലികള്ക്കു പുറമേ വിക്കിപീഡിയര് നിയോഗിക്കുന്ന സിസോപ്പുകളേയും മറ്റു ബ്യൂറോക്രാറ്റുകളേയും അത്തരത്തില് മാറ്റുക, വിക്കിപീഡിയയുടെ സ്രോതസ് രൂപത്തില് എന്തെങ്കിലും മാറ്റം വരുത്തുക എന്നീ കാര്യങ്ങളും ബ്യൂറോക്രാറ്റുകള് ചെയ്യുന്നു.

പലഭാഷകളിലുള്ള വിക്കിപീഡിയകള്‍

2001 , ജനുവരി 15-നു ഇംഗ്ലീഷിലാണ് ആദ്യ വിക്കിപീഡിയ തുടങ്ങുന്നത്. 2001 മാര്‍ച്ച് 16നു ആരംഭിച്ച ജര്‍മ്മന്‍ ഭാഷയിലുള്ള വിക്കിപീഡിയയാണ് രണ്ടാമത്തെ വിക്കിപീഡിയ. തുടര്‍ന്നുള്ള മാസങ്ങളില്‍ ഫ്രഞ്ച്, ചൈനീസ്, ഡച്ച്, ഹീബ്രു, ഇറ്റാലിയന്‍, റഷ്യന്‍ തുടങ്ങിയ ഭാഷകളില്‍ വിക്കിപീഡിയ ആരംഭിച്ചു.

വര്‍ഷം ഒന്നു കഴിഞ്ഞ് 2002 പകുതി ആയിട്ടും ഒരു ഇന്ത്യന്‍ ഭാഷയില്‍ പോലും വിക്കി ആരംഭിക്കാനുള്ള ശ്രമങ്ങള്‍‍ ഉണ്ടായില്ല. ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം ഉണ്ടായത് 2002 ജൂണ്‍ മാസത്തില്‍ പഞ്ചാബി, അസ്സാമീസ്, ഒറിയ ഭാഷകളില്‍ ഉള്ള വിക്കിപീഡിയ ആരംഭിച്ചപ്പോഴാണ്. പക്ഷെ നിര്‍ഭാഗ്യകരം എന്നു പറയട്ടെ ഇന്ത്യന്‍ ഭാ‍ഷകളിലെ ആദ്യത്തെ വിക്കിപീഡിയകളായ ഇവ മൂന്നും ഇപ്പോള്‍ നിര്‍ജീവം ആണ്. ഈ മൂന്നു വിക്കിപീഡിഅയയിലും ലേഖനങ്ങളുടെ എണ്ണം ഇപ്പോഴും 250-ല്‍ താഴെയാണ്. ഈ മൂന്നു ഭാഷകള്‍ കഴിഞ്ഞാല്‍ വേറൊരു ഇന്ത്യന്‍ ഭാഷയില്‍ വിക്കിപീഡിയ ആരംഭിക്കുന്നത് മലയാളത്തിലാണ്.

മലയാളത്തിനു ശേഷം 2003-ഫെബ്രുവരിയില്‍‍ ബീഹാറി, മെയ് 2003-നു മറാഠി, ജൂണ്‍ 2003-നു കന്നഡ, ജൂലൈ 2003-നു ഹിന്ദി, സെപ്തംബര്‍ 2003-നു തമിഴ്, ഡിസംബര്‍ 2003-നു തെലുഗ്, ഗുജറാത്തി, ജനുവരി 2004-നു ബംഗാളി എന്നിങ്ങനെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഉള്ള വിക്കിപീഡിയകള്‍ ആരംഭിച്ചു.

മലയാളം യൂണിക്കോഡും വിക്കീപീഡിയയും

മലയാളം പോലുള്ള ഭാഷകള്‍ക്ക് കമ്പ്യൂട്ടരില്‍ എഴുതാനും വായിക്കാനുമുപയോഗിക്കുന്ന ലിപിവ്യവസ്ഥകളില്‍ ആദ്യമൊന്നും പൊതുവായ ഒരു മാനദണ്ഡമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഇത്തരം ഭാഷയില്‍ എഴുതുന്ന ലേഖനങ്ങള്‍ വായിക്കാന് പ്രസ്തുത ലേഖനം എഴുതിയ ആള് ഉപയോഗിച്ച ഫോണ്ടും കമ്പ്യൂട്ടര് വ്യവസ്ഥയും തന്നെ ഉപയോഗിക്കണം എന്ന സ്ഥിതി ആയിരുന്നു. യുണികോഡ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടര്‍ ലിപിവ്യവസ്ഥ വന്നതോടുകൂടി മലയാളം കമ്പ്യൂട്ടറിനു വഴങ്ങുന്ന ഒന്നായി. എല്ലാഭാഷയ്ക്കും തനതായ ലിപിസ്ഥാനങ്ങല്‍ നിശ്ചയിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തില്‍ നിലവില്‍ വന്നിട്ടുള്ള സംവിധാനമാണ് യുണികോഡ്. മലയാളം യൂണിക്കോഡ് സാര്‍‌വത്രികമായി ഉപയോഗിക്കുവാന് തുടങ്ങിയതോടെ മലയാളം വിക്കിപ്പീഡിയയും സജീവമായി.

മലയാളം വിക്കിപീഡിയയുടെ തുടക്കം

2002 ഡിസംബര്‍ 21-നു അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ തിരുവനന്തപുരം സ്വദേശിയായ ശ്രീ।വിനോദ് മേനോന്‍ എം. പി യാണ് മലയാളം വിക്കിപീഡിയയ്ക്കു തുടക്കം ഇട്ടതു. അദ്ദേഹം തന്നെയായിരുന്നു തുടര്‍ന്ന് 2 വര്‍ഷത്തോളംമലയാളം വിക്കിയെ സജീവമായി വിലനിര്‍ത്താന്‍ പ്രയത്നിച്ചതും. കുറേ കാലത്തോളം അദ്ദേഹം ഒറ്റയ്ക്കായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. മലയാളം വിക്കിപീഡിയയുടെ ആരംഭകാലങ്ങളില് ഉണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു.

മന്ദഗതിയിലുള്ള വളര്‍ച്ച

പക്ഷെ ഒന്നോ രണ്ടോ പേര്‍ ചേര്‍ന്ന് ഇത്രയും ബൃഹത്തായ ഒരു പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നത് അസാദ്ധ്യം ആയതിനാല് മലയാളം വിക്കിയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. 2002-ല്‍ തുടങ്ങിയിട്ടും 2004 വരെ മലയാളം വിക്കിയില് കാര്യമായ പുരോഗതിയുണ്ടായില്ല. 2004 മധ്യത്തോടെ മലയാളം യുണിക്കോഡ് എഴുത്തു സാമഗ്രികള്‍ സജീവമായിത്തുടങ്ങിയിരുന്നു. ബ്ലോഗുകളിലും മറ്റും പ്രചരിച്ച ഇത്തരം ടൈപ്പിങ്ങ് ഉപകരണങ്ങളുടെ സഹായത്തോടെ ഏതാനും പേര് വിക്കിപീഡിയയിലും സ്ഥിരമായി എത്തിത്തുടങ്ങി. മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും ഇക്കാലത്ത് ചെറിയ ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തില് നൂറെണ്ണം പോലും തികഞ്ഞിരുന്നുമില്ല. 2004 ഡിസംബറിലാണ് മലയാളം വിക്കിയില് നൂറു ലേഖനങ്ങള്‍ തികയുന്നത്. 2005 മധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങള്‍ എത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാള്‍ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങള്‍ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറില് ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഒരു മാസത്തിനുശേഷം ഇതേയാള്‍ ആദ്യത്തെ ബ്യൂറോക്രാറ്റുമായി. ഇതോടെ സാങ്കേതിക കാര്യങ്ങളില് മലയാളം വിക്കി ഏകദേശം സ്വയം പര്യാപ്തമായി.

2006-ലെ കുതിപ്പ്

മലയാളികള്‍ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യനുള്ള അജ്ഞത മൂലം മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ലാണ് ഇതിനുമാറ്റം കണ്ടുതുടങ്ങിയത്. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലും ഉള്ള അനേകര്‍ മലയാളത്തില്‍ ബ്ലോഗു ചെയ്യുവാന്‍ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ്ങ് അനായസം പഠിച്ചെടുത്ത ഇവരില്‍ പലരുടേയും ശ്രദ്ധ ‍ക്രമേണ വിക്കിപീഡിയയിലേക്ക് തിരിഞ്ഞു. അങ്ങനെ കുറച്ച് സജീവ പ്രവര്‍ത്തകര്‍ വിക്കിപീഡിയയിലെത്തിയതോടെ ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു. 2006 ഏപ്രില് 10ന് മലയാളം വിക്കിയില്‍ അഞ്ഞൂറാമത്തെ ലേഖനം പിറന്നു. ലേഖനങ്ങളുടെ എണ്ണം അതേവര്‍ഷം സെപ്റ്റംബറില്‍ 1000-വും, നവംബറില്‍ 1500ഉം ആയി ഉയര്ന്നു. ഈ കുതിപ്പ് ഇപ്പോഴും തുടരുകയാണ്. 2007 ജനുവരി 15-നു ലേഖനങ്ങളുടെ എണ്ണം 2000-ഉം, ജുണ്‍ 30ന് 3000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ലും മലയാളം വിക്കിപീഡിയ പിന്നിട്ടു കഴിഞ്ഞു. നിലവില്‍ മലയാളം വിക്കിയില്‍ ഏതാണ്ട് 3700ഓളം ലേഖനങ്ങള്‍ ഉണ്ട്.

മലയാളം വിക്കികളില്‍ ലേഖനം എഴുതാനുള്ള ഉപാധികള്‍

വായിക്കാനെന്നപോലെ കമ്പ്യൂട്ടറില്‍ മലയാളം എഴുതാനും എളുപ്പമാണ്. അതിനുവേണ്ടിയുള്ള പല പ്രോഗ്രാമുകളും ഇന്ന്‌ ലഭ്യമാണ്. ഭൂരിപക്ഷം പേരും മൊഴി വ്യവസ്ഥയിലുള്ള Transliteration സാമഗ്രി ഉപയൊഗിച്ചാണ് മലയാളം ടൈപ്പ് ചെയ്യുന്നത്.

എഴുതേണ്ട മലയാളവാക്കുകള്‍ക്കു സമാനമായി ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് ടൈപ്പുചെയ്യുന്ന മംഗ്ലീഷ് രീതിയെ ശാസ്ത്രീയമായി ലിപിമാറ്റം അഥവാ Transliteration എന്നു പറയുന്നു. ലിപിമാറ്റം തന്നെ പല രീതിയിലും ആവാം. ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള ലിപിമാറ്റരീതി ‘മൊഴി’ എന്ന വ്യവസ്ഥയാണ്. 1998 മുതല്‍ പ്രചാരത്തിലുള്ള മൊഴിയില്‍ മലയാളികള്‍ പൊതുവായി ഉപയോഗിക്കുന്ന മം‌ഗ്ലീഷ് കീ കോമ്പിനേഷന്‍ തന്നെയാണ് ഒരോ മലയാള അക്ഷരത്തിനും ഉപയോഗിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ‘മൊഴി’ സമ്പ്രദായം വളരെ കുറഞ്ഞ സമയം കൊണ്ട് ആര്‍ക്കും പഠിക്കാവുന്നതേ ഉള്ളൂ.

മലയാളം വിക്കിയുടെ തുടക്കത്തില്‍ വരമൊഴി എന്ന പ്രോഗ്രാം ആണ് മലയാളം വിക്കി പ്രവര്‍ത്തകര്‍ മലയാളം ടൈപ്പ് ചെയ്യാന്‍‍ വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരുന്നത്. മലയാളം അക്ഷരങ്ങളുടെ മൊഴി സ്കീമിലുള്ള വിവിധ കീകോംബിനേഷന്‍ പഠിച്ചെടുക്കുന്നതോടെ അതേ കീകോമ്പിനേഷന്‍ ഉപയോഗിക്കുന്ന വേറെ ഉപാധികളും ഉപയോഗിക്കാം എന്നായി. അങ്ങനെ ബ്രൌസറിലേക്ക് നേരിട്ടു മലയാളം ടൈപ്പു ചെയ്യാവുന്ന ഒരു ടൂള്‍ ആയ കീമാന്‍ എന്ന പ്രോഗ്രം ഉപയോഗിക്കാന്‍ തുടങ്ങി.

ഈ അടുത്ത കാലത്ത് വേറെ ഒരു ബാഹ്യ ഉപകരണങ്ങളുടേയും സഹായം ഇല്ലാതെ വിക്കിയില്‍ നേരിട്ട് മലയാളം ടൈപ്പു ചെയ്യാവുന്ന ഒരു ഇന്‍ബില്‍റ്റ് ടൂളും വിക്കിയില്‍ കൂട്ടിച്ചേര്‍ത്തു.

മൊഴി സ്കീമില്‍ താല്പര്യം ഇല്ലാത്ത വേറെ ചിലര്‍ ഒരു മാതിരി എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ളടക്കം ചെയ്തിരിക്കുന്ന ഇന്‍‌സ്ക്രിപ്റ്റ് എന്ന ടൂള്‍ ഉപയോഗിക്കാന്‍ തുടങ്ങി.

വിക്കിപീഡിയയിലെ തെളിവ് ചോദിക്കലും റെഫറന്‍‌സുകള്‍ ചേര്‍ക്കലും

സ്വന്തം കണ്ടെത്തലുകളും കാഴ്ചപ്പാടുകളും മാറ്റിനിര്‍ത്തി ലേഖനങ്ങളെഴുതുക എന്നതാണ് വിക്കിപീഡിയയുടെ ശൈലിയും കീഴ്‌വഴക്കവും. അതായത് എഴുതപ്പെടുന്ന കാര്യങ്ങള്‍ക്ക് വ്യക്തമായ തെളിവുകളുണ്ടാകണം. പത്രമാസികകളും ഇതര പ്രസിദ്ധീകരനങ്ങളും ഉദ്ധരിച്ചാണ് മിക്കവാറും വിക്കിപീഡിയയിലെ ലേഖനങ്ങള്‍ എഴുതപ്പെടുന്നത്. വിശ്വാസ്യയോഗ്യമായ രേഖകള്‍ പരിശോധിച്ച് ലേഖനങ്ങളെഴുതുക എന്നതു തുടക്കത്തില്‍ ശ്രമകരമായിത്തോന്നാം. എന്നാല്‍ വിക്കിപീഡിയയിലെ സജീവ പ്രവര്‍ത്തനത്തിലൂടെ ഇക്കാര്യത്തിലും പരിചയം നേടിയെടുക്കാവുന്നതേയുള്ളൂ. എഴുതുന്ന കാര്യങ്ങള്‍ക്കെല്ലാം തെളിവുകള്‍ വേണം എന്നതുകൊണ്ട് എല്ലാവരികള്‍ക്കും ഉറവിടം ചേര്‍ത്തുകൊള്ളണം എന്നില്ല. സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ക്കോ മറ്റുള്ളവര്‍ക്ക് അധികം സംശയമില്ലാത്ത കാര്യങ്ങള്‍ക്കോ ഇപ്രകാരം റഫറന്‍സുകള്‍ ചേര്‍ക്കണം എന്നു നിര്‍ബന്ധമില്ല.

ഒട്ടുമിക്ക ലേഖനങ്ങളിലും പ്രധാന റഫറന്‍സ് ദിനപത്രങ്ങളാണ്. അതായത് എതെങ്കിലും വിഷയത്തെപ്പറ്റി ലേഖനമെഴുതാനുദ്ദേശിക്കുന്ന വിക്കിപീഡിയന്‍ അതുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളും ലേഖനങ്ങളും സേര്‍ച്ച് ചെയ്തെടുക്കുന്നു. ഓണ്‍‌ലൈന്‍ ആക്റ്റിവിസത്തിന്റെ ഇക്കാലത്ത് അനായാസമായ ഈ സൌകര്യം പക്ഷേ മലയാളത്തില്‍ ശൈശവാവസ്ഥയിലാണ്. ഓണ്‍ലൈന്‍ തിരയിലിലൂടെ റഫറന്‍സുകള്‍ കണ്ടെത്തുക എന്നത് മലയാളഭാഷയില്‍ ബുദ്ധിമുട്ടാണെന്നകാര്യം എവര്‍ക്കുമറിവുള്ളതാണല്ലോ. കാരണം നമ്മുറ്റെ പത്രങ്ങള്‍ ഒക്കെ ഇപ്പോഴും യൂണിക്കോഡ് ഫോണ്ട് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല എന്നതാണ്.

കേരളത്തിനുള്ളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന വിക്കിപീഡയര്‍ ഏറെയുണ്ടാകുന്നതുകൊണ്ടുള്ള മറ്റൊരു സുപ്രധാനനേട്ടവും ഈ റഫറന്‍സുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരള ചരിത്രത്തെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയുമൊക്കെയുള്ള ഗ്രന്ഥങ്ങളും ലേഖനങ്ങളും എളുപ്പത്തില്‍ കണ്ടെത്താം എന്നതിനാല്‍ കേരളത്തിലുള്ളവര്‍ക്ക് ആധികാരിക രേഖകള്‍ അടിസ്ഥാനമാക്കി ലേഖനങ്ങളെഴുതുക കൂടതല്‍ സൌകര്യപ്രദമാണ്. മലയാളം വിക്കിപീഡിയ കേരളത്തിനുള്ളില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതും ഇക്കാരണംകൊണ്ടാണ്.

വിക്കിപീഡിയയിലെ ലേഖനങ്ങളുടെ സ്വഭാവം

വിക്കിപീഡിയയിലെ ഒരു ലേഖനത്തിനും കൃത്യമായൊരു രചയിതാവില്ല. അതായത്‌ ഒരു ലേഖനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പലരുണ്ടാവും. അവരുടെ കാഴ്ചപാടുകളും വ്യത്യസ്തമാവും. അതുകൊണ്ടുതന്നെ, എല്ലാവര്‍ക്കും ഒരു പോലെ യോജിക്കാനാവുന്ന ഒരു മധ്യമാ‍ര്‍ഗത്തിനേ വിക്കിയിലെ ലേഖനങ്ങളില്‍ നിലനില്‍പ്പുണ്ടാവൂ. അതായത്‌ വിക്കി വളരെ സ്വാഭാവികമായി തന്നെ നിഷ്പക്ഷത
ഉറപ്പാക്കുന്നു. കാശ്മീര്‍, സിന്ധൂനദീതടസംസ്കാരം, ഇസ്രായേല്‍-പാലസ്തീന്‍ എന്നിങ്ങനെയുള്ള ഏറ്റവും കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളില്‍ പോലും ഏറ്റവും നിഷ്പക്ഷമായ സമീപനത്തിന് പേരുകേട്ടതാണ് വിക്കിപീഡിയ. വിക്കിപീഡിയയിലെ വിവരണം മാത്രമേ ഏതു പ്രശ്നത്തിന്റേയും രണ്ടു വശങ്ങളും ഒരുപോലെ വിവരിക്കുന്നുള്ളൂ എന്നു വിശ്വസിക്കുന്നവരിപ്പോള്‍ ഏറി വരികയാണ്. ഇങ്ങനെ അനേകം പേരുടെ കൂട്ടയ്മയില്‍ നിന്നാണ് ഓരോ ലേഖനങ്ങളുടേയും ആധികാരികത ആരുറപ്പാക്കപ്പെടുന്നത്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തെറ്റെഴുതിയാല്‍ തിരുത്താനും ആളുണ്ടെന്നര്‍ഥം.


എല്ലാ ലേഖകരും, എല്ലാ വിവരസ്രോതസ്സുകളും വസ്തുതകളോട് പക്ഷപാതിത്വം ഉള്ളവരായിരിക്കും അതുകൊണ്ടുതന്നെ വലിയൊരു ലേഖകസംഘം തങ്ങളുടെ കാഴ്ചപ്പാടുകള്‍ സ്രോതസ്സുകളുടെ പിന്‍ബലത്തോടെ ഒരു ലേഖനത്തില്‍ അവതരിപ്പിക്കുമ്പോള്‍ ലേഖനത്തിന് സ്വതന്ത്രമായ ഒരു നിഷ്പക്ഷത ലഭിക്കേണ്ടതാണ്. ഇത്തരത്തില്‍ ചേരുന്നതും ചേരാത്തതുമായ വിവിധ കാഴ്ചപ്പാടുകളെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനെ സന്തുലിതമായ കാഴ്ചപ്പാട് എന്നാണ് വിക്കിപീഡിയ സ്വയം വിളിക്കുന്നത്. ഇനി ഒരാള്‍ക്ക് തന്റെ കാഴ്ചപ്പാട് വിക്കിപീഡിയയില്‍ ഇല്ല എന്നു തോന്നിയന്നിരിക്കട്ടെ, അയാള്‍ക്ക് അത് സ്വയം സ്രോതസ്സിന്റെ പിന്‍ബലത്തോടെ വിക്കിപീഡിയയില്‍ ചേര്‍ക്കാവുന്നതാണ്. ചിലര്‍ക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ മറ്റു ചിലര്‍ക്ക് അത് ചീത്തയായി അനുഭവപ്പെട്ടേക്കാം, അതുകൊണ്ട് വിവരങ്ങളെ വസ്തുതകള്‍ ആക്കി ചേര്‍ക്കാനാണ് വിക്കിപീഡിയ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് ജോര്‍ജ്ജ്. ഡബ്ല്യു. ബുഷ്. നല്ലവനാണോ ചീത്തയാണോ എന്ന് വിക്കിപീഡിയയില്‍ നിന്ന് അറിയാന്‍ കഴിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ജനനം മുതലുള്ള എല്ലാ പ്രധാന കാര്യങ്ങളും വിക്കിപീഡിയയില്‍ ഉണ്ടാവും. നിരൂപണങ്ങള്‍ വിക്കിപീഡിയയില്‍ ഉണ്ടാവില്ലന്നര്‍ത്ഥം.


എല്ലാവര്‍ക്കും എഴുതാനും മറ്റുള്ളവര്‍ എഴുതിയത് തിരുത്താനും പറ്റുന്ന ഒരു കൂട്ടായ്മയില്‍ നിന്ന് എങ്ങനെയാണ് ഒരു വിശ്വവിജ്ഞാനകോശം പിറക്കുക എന്നത് അല്‍ഭുതപ്പെടുത്തുന്ന കാര്യമാണ്। കൂടുതല്‍ കണ്ണുകള്‍ കാണുകയും തിരുത്തുകയുംചെയ്യുമ്പോള്‍ ലേഖനങ്ങളുടെ ഗുണനിലവാരം ഉയരുന്നു എന്നതാണ് മലയാളം വിക്കിപീഡിയയുടെയും മറ്റ് വിക്കികളുടെയുംപ്രവര്‍ത്തന തത്വം. ഉദാഹരണത്തിന് ഒറ്റവരി ലേഖനത്തെ മറ്റ് ഉപയോക്താക്കള്‍ വന്ന് കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത് വലുതാക്കി എടുക്കാറുണ്ട്. ചാലക്കുടി എന്ന ലേഖനം പത്തോളം പേര്‍ ചേര്‍ന്ന് 300-ഓളം തവണ വെട്ടിയും തിരുത്തിയും വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തും എഴുതിയതാണ്.

ഇങ്ങനെ അനേകം വിക്കിപീഡിയരുടെ ശ്രമഫലമായി ഇന്ന് മലയാളം വിക്കിപീഡിയയില്‍ ചെറുതും വലുതുമായി 3700-ല്‍ ഏറെ ലേഖനങ്ങള്‍ ഉണ്ട്. എല്ലാ മാസവും മുന്നൂറോളം പുതിയ ലേഖനങ്ങള്‍ ചേര്‍ക്കപ്പെടുന്നു. പല ലേഖനങ്ങളും സചിത്ര ലേഖനങ്ങള്‍ ആണ്. ലേഖനങ്ങളിലെ ചിത്രങ്ങളും വിക്കിപീഡിയര്‍ തന്നെയാണ് സംഭാവന ചെയ്യുക. മലയാളം വിക്കിപീഡിയയില്‍ ഉള്ള ലേഖനങ്ങളില്‍ ഇ. എം. എസ്. നമ്പൂതിരിപ്പാട്, എ. കെ. ആന്റണി, വി.എസ്. അച്യുതാനന്ദന്‍, മാണി മാധവ ചാക്യാര്‍, രാജാ രവിവര്‍മ്മ, തുടങ്ങിയവരുടെ ജിവചരിത്ര ലേഖനങ്ങള്‍, ‍സിന്ധൂ നദീതട സംസ്കാരം, കേരളത്തിലെ നാട്ടുരാജ്യങ്ങള്‍, മാമാങ്കം , തുടങ്ങിയ ചരിത്ര ലേഖനങ്ങള്‍, സൂപ്പര്‍നോവ, ജ്യോതിശാസ്ത്രം, തുടങ്ങിയ ശാസ്ത്ര ലേഖനങ്ങള്‍, കേരളത്തിലെയും ലോകത്തിലെ പല സ്ഥലങ്ങളെയും കുറിച്ചുള്ള ഭൂമിശാസ്ത്ര ലേഖനങ്ങള്‍, ഇസ്ലാം മതം, ക്രിസ്തീയ സഭകള്‍, ഹിന്ദുമതാചാരങ്ങള്‍, തുടങ്ങിയ മതപരമായ ലേഖനങ്ങള്‍, കണ്ണ്, ചെവി, ആന, വിശറിവാലന്‍, കുരങ്ങ്, തുടങ്ങിയ ജീവശാസ്ത്ര
ലേഖനങ്ങള്‍, സദ്യ, ചോക്കളേറ്റ് കേക്ക്, തുടങ്ങിയ ഭക്ഷണ സംബന്ധിയായ ലേഖനങ്ങള്‍, ഖസാക്കിന്റെ ഇതിഹാസം, ആരോഹണം (ചലച്ചിത്രം), തുടങ്ങിയ സിനിമ / നോവല്‍ സംബന്ധിയായ ലേഖനങ്ങള്‍, കുട്ടിയും കോലും, കീശേപ്പി, ക്രിക്കറ്റ്, തുടങ്ങിയ കളികളെക്കുറിച്ചുള്ള ലേഖനങ്ങള്‍, ലളിത കലകളെയും ക്ഷേത്രങ്ങളെയും കുറിച്ചുള്ള ലേഖനങ്ങള്‍, എന്നുവേണ്ട, മലയാളികളായ വായനക്കാര്‍ക്ക് വിജ്ഞാനപ്രദമായ എന്തും വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ക്ക് വിഷയമാവുന്നു.

മറ്റെവിടെയും കാണാത്ത ലേഖനങ്ങള്‍

ഒരു വിജ്ഞാനകോശമെന്ന നിലയില്‍ വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രത്യേകത അതിനു കൈവരിക്കാവുന്ന വ്യാപ്തിയാണ്. ഒരു പേപ്പര്‍ വിജ്ഞാനകോശത്തിന് അതിന്റെ വലിപ്പത്തില്‍ നിയന്ത്രണം പാലിക്കേണ്ടതിനാല്‍ ഉള്‍ക്കൊള്ളിക്കാനുള്ളതിലേറെ ഒഴിവാക്കാനുള്ള വിഷയങ്ങളായിരിക്കും ഉണ്ടാവുക. ഇവിടെയാണ് വിക്കിപീഡിയ വ്യത്യസ്തമാകുന്നത്. ഓണ്‍-ലൈന്‍ വിജ്ഞാനകോശമായതിനാല്‍ വിജ്ഞാനപ്രദമായ ഏതു ചെറുവിഷയത്തെയും വിക്കി സ്വാഗതം ചെയ്യുന്നു. ഒരുദാഹരണമെടൂത്താല്‍, മലയാളത്തില്‍ പ്രസിദ്ധീകൃതമായ ചെറുതും വലുതുമായ വിജ്ഞാനകോശങ്ങളിലൊന്നും ഒരുപക്ഷേ കുട്ടിയും കോലും എന്ന കളിയെക്കുറിച്ച് ഒരു ലേഖനം കണ്ടേക്കില്ല. വളരെ നിസാരമെന്നു തോന്നാവുന്ന ഈ വിഷയത്തെക്കുറിച്ചും അറിയാന്‍ താല്പര്യമുള്ളവര്‍ക്കാണും എന്നതില്‍ സംശയമില്ലല്ലോ. മലയാളം വിക്കിപീഡിയയില്‍ ഏറ്റവും താല്പര്യത്തോടെ തിരുത്തപ്പെടുന്ന ലേഖനങ്ങളിലൊന്നാണിത്.

കേരളത്തിനുള്ളിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചു തന്നെ സമഗ്രമായ വിവര ശേഖരമൊന്നും ഇന്റര്‍നെറ്റില്‍ കിട്ടിയേക്കില്ല. ഉള്ളവയാകട്ടെ കേവലം ട്രാവല്‍ ഗൈഡിന്റെ സ്വഭാവമുള്ളതായിരിക്കും. ഈ ഒരു കുറവുനികത്താനും വിക്കിയിലെ ഉപയോക്താക്കള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ചാലക്കുടി എന്ന ലേഖനം ഉദാഹരണം.

നമ്മുടെ സ്കൂളുകളിലെ പഠനസമ്പ്രദായങ്ങള്‍ വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകുന്ന ഇക്കാലത്ത് പാഠപ്പുസ്തകത്തിനപ്പുറമുള്ള വിവരശേഖരണം പ്രധാനമാണല്ലോ. സ്കൂളുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിച്ചുവരുന്നതിനാല്‍ കുട്ടികള്‍ക്ക് മലയാളം വിക്കിപീഡിയ പ്രയോജനപ്പെടുത്താ‍നുള്ള അവസരമുണ്ട്. ചരിത്രം, ഭൂമിശാ‍സ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളില്‍ മലയാളം വിക്കിയിലുള്ള ലേഖനങ്ങള്‍ വിജ്ഞാനപ്രദമാണ്.

തിരഞ്ഞെടുത്ത ലേഖനങ്ങള്‍

വിക്കിപീഡിയയുടെ വെബ് വിലാസത്തിന്റെ ആദ്യതാളില്‍ വരാനുള്ള ലേഖനങ്ങളാണ് തിരഞ്ഞെടുത്ത ലേഖനങ്ങള്‍. ഒരു വായനക്കാരന്റെ ശ്രദ്ധയില്‍ ആദ്യം പെടുന്ന ലേഖനം ആയതുകൊണ്ട് ഈ ലേഖനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ വിക്കിപീഡിയയിലെ ലേഖകര്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തുന്നു.

എല്ലാ മാസവും തിരഞ്ഞെടുത്ത ലേഖനം ആകുവാന്‍ സമര്‍പ്പിക്കപ്പെടുന്ന പല ലേഖനങ്ങള്‍ ഉണ്ടാവാം. ഇതില്‍ നിന്ന് ജനാധിപത്യ പ്രക്രിയയിലൂടെ വിക്കിപീഡിയര്‍ എല്ലാ മാസവും ഓരോ ലേഖനങ്ങളെ തിരഞ്ഞെടുക്കുന്നു. ഇംഗ്ലീഷ് പോലുള്ള വിക്കിപീഡിയകളില്‍ എല്ലാ ദിവസവും പുതിയ ലേഖനങ്ങളെ തിരഞ്ഞെടുത്ത് പ്രധാന താള്‍ പുതുക്കാരുണ്ട്. സാമാന്യം പൂര്‍ണ്ണമായ ഉള്ളടക്കവും കൃത്യതയും ഉള്ള ലേഖനങ്ങളെ ആണ് തിരഞ്ഞെടുത്ത ലേഖനങ്ങളാവാന്‍ സമര്‍പ്പിക്കുക. ഒരു ലേഖനം തിരഞ്ഞെടുത്ത ലേഖനം ആവുന്നതിനു മുന്‍പ് വിക്കിപീഡിയര്‍ ഈ ലേഖനത്തില്‍ ധാരാളം തിരുത്തലുകള്‍ വരുത്തുന്നു. ലേഖനത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ചേര്‍ത്ത് ലേഖനം സമ്പൂര്‍ണ്ണമാക്കുന്നതിനും എല്ലാ ചെറുതും വലുതുമായ തെറ്റുകള്‍ തിരുത്തുന്നതിനും വിക്കിപീഡിയര്‍ ശ്രദ്ധിക്കുന്നു.
ലേഖനത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഗ്രന്ഥങ്ങളെയും മറ്റ് വിജ്ഞാന ശ്രോതസ്സുകളെയും കുറിച്ചുള്ള വിവരങ്ങളും വിക്കിപീഡിയര്‍ ലേഖനത്തിനു അവലംബമായി ചേര്‍ക്കുന്നു. ലേഖനത്തിനു ആവശ്യമായ ചിത്രങ്ങളും ചേര്‍ക്കുമ്പോള്‍ വിജ്ഞാനപ്രദമായ ഒരു സമ്പൂര്‍ണ്ണലേഖനം പിറക്കുകയായി.

ചാലക്കുടി, ആന, ലാറി ബേക്കര്‍, റോമന്‍ റിപ്പബ്ലിക്ക്, ക്രിക്കറ്റ്, നൈട്രജന്‍, ഇന്ത്യന്‍ റെയില്‍‌വേ, തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ ഇതുവരെ തിരഞ്ഞെടുത്ത ലേഖനങ്ങളായി. പറയിപെറ്റ പന്തിരുകുലം, ഇബ്സന്‍, തുടങ്ങിയ ലേഖനങ്ങള്‍ ഈ മാസത്തെ തിരഞ്ഞെടുത്ത ലേഖനങ്ങളാവാന്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.

ലേഖനങ്ങളുടെ ഭാഷാപരമായ ഗുണങ്ങളും കോട്ടങ്ങളും


വലിയൊരു സംഘം വിക്കിപീഡിയര്‍ ആണ് വിക്കിപീഡിയയിലെ ലേഖനങ്ങള്‍ തയ്യാറാക്കുന്നത്. ചിലര്‍ക്ക് അനേകം വിജ്ഞാനശകലങ്ങള്‍ കൈമുതലായുണ്ടാവും, ചിലര്‍ക്ക് അസാമാന്യമായ ഭാഷാസ്വാധീനമുണ്ടാവും. വിജ്ഞാനശകലങ്ങള്‍
ചേര്‍ക്കുന്നവര്‍ക്കുണ്ടായേക്കാവുന്ന ഭാഷാപരമായ തെറ്റുകള്‍ ഭാഷയില്‍ സ്വാധീനമുള്ള ലേഖകര്‍ ശരിയാക്കുന്നു. അങ്ങിനെ അങ്ങിനെ നിരന്തരമായ തിരുത്തലുകള്‍ക്കൊടുവില്‍ നല്ലൊരു ലേഖനം പിറക്കുന്നു. മലയാളം വിക്കിപീഡിയയിലെ ലേഖകര്‍ മലയാളികളാണ് അതുകൊണ്ട് മലയാള ഭാഷയുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും തിരുത്തലുകളും മലയാളം വിക്കിപീഡിയയിലുണ്ടാകാറുണ്ട്. ഇത്തരത്തില്‍ സംവൃതോകാരത്തിന്റെ ഉപയോഗം സംബന്ധിച്ചിണ്ടായ ഇത്തരം ചര്‍ച്ച ഇന്നും അവസാനിച്ചിട്ടില്ല. ഇംഗ്ലീഷ് പദങ്ങളുടെ മലയാളീകരണമാണ് പ്രശ്നമുള്ള മറ്റൊരു മേഖല. പല ഇംഗ്ലീഷ് പദങ്ങള്‍ക്കും തുല്യമായ മലയാളം പദമില്ലാത്തതിനാല്‍ ചിലര്‍ അവിടെ അതേ പദം തന്നെ മലയാളം ലിപിയില്‍ ഉപയോഗിക്കുന്നു. മറ്റു ചിലരാകട്ടെ അവയ്ക്ക് സ്വന്തം കഴിവനുസരിച്ച് മലയാളം പദങ്ങള്‍ സൃഷ്ടിച്ച് ഉപയോഗിക്കുന്നു. മലയാളം വിക്കിപീഡിയയില്‍ ഉപയോക്താക്കളുടെ എണ്ണം വളരെയധികം ഇല്ലാത്തതിനാല്‍ ഇത്തരം കാര്യങ്ങളെല്ലാം ഇന്ന് കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. മലയാളം വിക്കിപീഡിയയില്‍ ലേഖകരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഇത്തരം പ്രശ്നം എല്ലാം പരിഹരിക്കപ്പെടുമെന്നാണ് പൊതുവേ വിശ്വസിക്കുന്നത്.

ഇംഗ്ലീഷ് വിക്കിപീഡിയയില്‍ പലപ്പോഴും ഭൂരിപക്ഷം ആളുകളുടെ അഭിപ്രായം സത്യം എന്ന രൂപത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ സാദ്ധ്യതയുണ്ടാവാറുണ്ട്। ഉദാ‍ഹരണത്തിന് കശ്മീര്‍ പ്രശ്നം - ഇതില്‍ പാക്കിസ്ഥാന്‍ വംശജരെക്കാളും കൂടുതല്‍ വിക്കിപീഡിയ ഉപയോക്താക്കള്‍ ഇന്ത്യയില്‍ നിന്ന് ഉള്ളവരായതിനാല്‍ ലേഖനത്തിന് ഇന്ത്യാ അനുകൂല ചായ്‌വ് വരാന്‍ സാദ്ധ്യതയുണ്ട്. അതുപോലെ തന്നെ ബെല്‍ഗാം ജില്ലയെച്ചൊല്ലി മഹാരാഷ്ട്രയും കര്‍ണ്ണാടകയും തമ്മില്‍ ഉള്ള തര്‍ക്കം. വിവിധ രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ചുള്ള ലേഖനങ്ങള്‍, അന്താരാഷ്ട്ര തര്‍ക്കങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചുള്ള ലേഖനങ്ങള്‍, എന്നിവയൊക്കെ തര്‍ക്ക വിഷയങ്ങള്‍ ആവാറുണ്ട്. അനേകം ഉപയോക്താക്കള്‍ തങ്ങളുടെ കാഴ്ച്ചപ്പാട് അനുസരിച്ച് ലേഖനം മാറ്റി എഴുതുമ്പോള്‍ പലപ്പൊഴും ഒരാള്‍ എഴുതിയ കാര്യങ്ങള്‍ പുതുതായി എഴുതുന്ന ആള്‍ മായ്ച്ചുകളയാറുമുണ്ട്. ഇങ്ങനെ വരുമ്പൊള്‍ വിക്കിപീഡിയയുടെ കാര്യ നിര്‍വ്വാഹകര്‍ ലേഖനത്തിന്റെ നിഷ്പക്ഷത സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ലേഖനത്തെ തിരുത്തല്‍ യുദ്ധത്തില്‍ നിന്നും സംരക്ഷിക്കേണ്ട ചുമതലയും പലപ്പോഴും ഇവര്‍ക്കാണ്.

മലയാളം വിക്കിപീഡിയയും മറ്റു ഭാരതീയ ഭാഷകളിലുള്ള വിക്കിപീഡിയകളും

നിലവില്‍ വിവിധ ഭാരതീയ ഭാഷകളിലുള്ള ലേഖനങ്ങളുടെ എണ്ണം താഴെ പറയുന്ന വിധത്തിലാണ്

  1. തെലുങ്ക് - 33109
  2. ബംഗാളി - 16033
  3. ഹിന്ദി - 12329
  4. തമിഴ് - 11027
  5. മറാഠി - 10364
  6. കന്നഡ - 4721
  7. സംസ്കൃതം - 3870
  8. മലയാളം - 3700
  9. ഭോജ് പുരി - 2231
  10. പാലി - 2227
  11. കശ്മീരി - 352
  12. ഗുജറാത്തി - 344

  13. പഞ്ചാബി - 228
  14. സിന്ധി - 182
  15. ആസ്സാമി 167
  16. ഒറിയ - 22

പുറത്തു നിന്നു നോക്കുന്ന ഒരാള്‍ക്ക് വിക്കിപീഡിയയുടെ വളര്‍ച്ചയും, വലിപ്പവും, ലേഖനങ്ങളുടെ ഗുണ നിലവാരവും ഒക്കെ നിര്‍ണ്ണയിക്കുന്നത് അതിലെ ലേഖനങ്ങളുടെ എണ്ണം മാത്രം നോക്കിയാണെന്നു മാത്രം തോന്നാം. ലേഖനങ്ങള് എഴുന്നവരുടെ
എണ്ണവും, തിരുത്തലുകള് നടത്തുന്നവരുടെ എണ്ണവും മറ്റും വലരെ ഉയര്ന്നു നില്ക്കുന്ന ഇംഗ്ലീഷ് വിക്കിപീഡിയയുടെ കാര്യത്തില് ഇതു ഒരു പരിധി വരെ ശരിയുമാണ്. പക്ഷെ വിക്കിപീഡിയയില് ഒരു ലേഖനം ആയി പരിഗണിച്ച് അതിനെ ലേഖനങ്ങളുടെ എണ്ണത്തിലേക്ക് ചേര്‍ക്കാന്‍ ഒരു തലക്കെട്ടും പിന്നെ ലേഖനത്തില് ഒന്നോ രണ്ടോ വരിയും മതി.


പല ഇംഗ്ലീഷേതര വിക്കികളിലും ഇതു ലേഖനങ്ങളുടെ എണ്ണം കൂട്ടി മത്സരത്തിനുള്ള ഒരു വിദ്യയായി കണ്ടു. അതായത് തലക്കെട്ട് മാത്രം ഉണ്ടാക്കി രണ്ട് വരി എഴുതിയിട്ട് ലേഖനങ്ങളുടെ എണ്ണം കൂട്ടുന്ന ഒരു പ്രക്രിയ. സത്യത്തില്‍ ലേഖനങ്ങളുടെ എണ്ണം കൂടുമെങ്കിലുംപ്രസ്തുത വിക്കിയുടെ ഗുണ നിലവാരം കുറയുകയാണ് ഇത്തരം തലക്കെട്ടു ലേഖനങ്ങള്‍ ഉണ്ടാക്കുന്നതിലൂടെ സംഭവിക്കുന്നത്.

വിക്കിയുടെ ഗുണനിലവാരം അളക്കുന്ന ഒരു ഏകകം പിന്നീട് വിക്കിയില് കൊണ്ട് വന്നു. വിക്കിയില് എത്ര ലേഖനങ്ങള് ഉണ്ട്, ഓരോ ലേഖനത്തിലും എത്ര തിരുത്തലുകള് നടന്നു, എത്ര മുഖ്യേതര ലേഖനങ്ങള്‍ ഉണ്ടാക്കി, ഇവയുടെ ഒക്കെ കണക്കെടുത്ത് ഒരു സമീകരണം കണ്ടുപിടിക്കും. അതിന്നാണ് പേജ് ഡെപ്ത് എന്നു പറയുന്നത്.

ആവശ്യമായ തിരുത്തലുകളോ , മുഖ്യേതര ലേഖനങ്ങളോ വിക്കിയില് ഉണ്ടാകുന്നില്ലെങ്കില് വിക്കിയുടെ പേജ് ഡെപ്ത്ത് താഴേക്ക് പോകും. നിലവില്‍ ഏറ്റവും അധികം പേജ് ഡെപ്ത്ത് ഉള്ളത് ഇംഗ്ലീഷ് വിക്കിക്കാണ്. ഓരോ ദിവസവും ലക്ഷക്കണക്കിനു തിരുത്തലുകളും നൂറുകണക്കിനു മുഖ്യേതര ലേഖനങളും ഉണ്ടാകുന്ന ഇംഗ്ലീഷ് വിക്കിയുടെ പേജ് ഡെപ്ത്ത് 320 ഓളം ആണ് ഇപ്പോള്‍. ഇംഗ്ലീഷ് വിക്കിയിലെ ലേഖനങ്ങളുടെ ഗുണ നിലവാരം പരിശോധിച്ചാല് നമുക്ക് ഇതിന്റെ പ്രാധാന്യവും മനസ്സിലാക്കാം.

പക്ഷെ ഇന്ത്യന് ഭാഷകളിലെ പല വിക്കികളും ലേഖനങ്ങളുടെ എണ്ണം കൂട്ടുക എന്ന ഒരൊറ്റ ഉദ്ദേശത്തിലാണ് മുന്നോട്ട് പോകുന്നത്. തുടക്കം മുതല് തന്നെ മലയാളം വിക്കിപീഡിയയുടെ പ്രവര്‍ത്തകര്‍ ലേഖനങ്ങളുടെ എണ്ണം കൂട്ടി മറ്റു വിക്കിപീഡിയകളോട് മത്സരിക്കുവാന് ശ്രമിച്ചില്ല. പുതിയതായി തുടുങ്ങുന്ന ഏതു ലേഖനത്തിലും ഏറ്റവും കുറഞ്ഞത് പ്രാഥമികമായ വിവരങ്ങളും, ചിത്രങ്ങള്‍ ലഭ്യമാണെങ്കില് അതു ചേര്‍ക്കാനും, അതോടൊപ്പം ആ ലേഖനത്തിനു ആവശ്യമായ മറ്റു അനുബന്ധ ലേഖനേതര സംഭവങ്ങള്‍ ഉണ്ടക്കാന് മലയാളം വിക്കിപീഡിയയുടെ പ്രവര്‍ത്തകര്‍ ശ്രമിച്ചു. അതിനാല് തന്നെ 3700 ലേഖനങ്ങള്‍ മാത്രമുള്ള മലയാളം വിക്കിപീഡിയയുടെ പേജ് ഡെപ്ത്ത് ഇന്നു 70നു മുകളില്‍ ആണ്. ഇക്കാര്യത്തില് മലയാളം വിക്കിപീഡിയ ഇതര ഭാരതീയ വിക്കികളെക്കാള് ബഹുദൂരം മുന്‍പിലാണ്. ഏതാണ്ട് 33,000 ലേഖങ്ങള്‍ ഉള്ള തെലുഗു വിക്കിപീഡിയയുടെ പേജ് ഡെപ്ത്ത് വെറും 2
മാത്രമാണ്. മലയാളത്തിനു പിറകില്‍ രണ്ടാമതായി പേജ് ഡെപ്ത്ത് ഉള്ളത് ബംഗാളി വിക്കിപീഡിഅയക്കാണ്. അതു പക്ഷെ വെറും 35 മാത്രമാണ്.

പക്ഷെ പേജ് ഡെപ്ത്ത് കൂടിയിരുന്നതു കൊണ്ട് മാത്രം വിക്കിയുടെ ഗുണനിലവാരം ഒരു പരിധിക്ക് അപ്പുറം ഉയരില്ല. പേജ് ഡെപ്ത്തും, ലേഖനങ്ങളുടെ എണ്ണവും ഒക്കെ ആഭരണമായി കൊണ്ടുനടക്കാം എന്നതിനപ്പുറം വിക്കിയുടെ ഗുണനിലവാരം നല്ല എഴുത്തുകാരുടെ സഹായത്തോടെ ഉയര്‍ത്തുക എന്നതാണ് മലയാളം വിക്കി പ്രവര്‍ത്തകരുടെ ആഗ്രഹം. കാരണം വിക്കിയില്‍ ഇപ്പോള്‍ സംഭാവന നല്കുന്ന പത്തോ പതിനഞ്ചോ ആള്‍ക്കാര്‍ക്ക് കൈവെക്കാവുന്ന വിഷയങ്ങള്‍ക്കും, എഴുതാവുന്ന ലേഖനങ്ങള്‍ക്കും, നടത്താവുന്ന തിരുത്തലുകള്‍ക്കും ഒക്കെ പരിധി ഉണ്ട്. അതിനാല് വിവിധ വിഷയത്തില് നൈപുണ്യം ഉള്ള, നല്ല തിരുത്തലുകള്‍ നടത്താന് കഴിവുള്ള നിരവധി ആളുകള്‍ വിക്കിപീഡിയയിലേക്ക് വരേണ്ടതാണ്.

വാന്‍‌ഡലിസവും അജ്ഞാത ഉപയോക്താക്കളുടെ തിരുത്തലുകളും

ദുരുദ്ദേശത്തോടുകൂടി വിക്കിപീഡിയയില്‍ മോശമായ തിരുത്തലുകള്‍ നടത്തുന്നതിനാണ് വാന്‍ഡലിസം എന്നുപറയുക. ആര്‍ക്കും വിക്കിപീഡിയയില്‍ എഴുതാവുന്നതുകൊണ്ട് നല്ല ലേഖനങ്ങള്‍ ചില ഉപയോക്താക്കള്‍ വന്ന് പാടേ മായ്ച്ചുകളയുന്നതും, പരസ്പരബന്ധമില്ലാത്ത കാര്യങ്ങളും തമാശകളും എഴുതിവെക്കുന്നതും, ലേഖനങ്ങളില്‍ അശ്ലീല ചിത്രങ്ങള്‍ ചേര്‍ക്കുന്നതും ഒക്കെ വാന്‍ഡലിസത്തിന് ഉദാഹരണമാണ്. വാന്‍ഡലിസം കാണിക്കുന്ന ഉപയോക്താവിന് അങ്ങനെ ചെയ്യരുത് എന്ന് മറ്റു വിക്കിപീഡിയര്‍ താക്കീതു കൊടുക്കുന്നു. താക്കീതുകള്‍ കേള്‍ക്കാതെ വീണ്ടും ദുഷ്:പ്രവര്‍ത്തി തുടരുകയാണെങ്കില്‍ ഈ ഉപയോക്താവിനെ ഏതെങ്കിലും അഡ്മിന്മാര്‍ വീണ്ടും തിരുത്തുകള്‍ നടത്തുന്നതില്‍ നിന്നും തടയുന്നു.

പലപ്പോഴും പുതിയ ഉപയോക്താക്കള്‍ തങ്ങള്‍ക്ക് തിരുത്തലുകള്‍ വരുത്താന്‍ പറ്റുമോ എന്ന് പരീക്ഷിച്ചുനോക്കാന്‍ താളുകളില്‍ അര്‍ത്ഥമില്ലാത്ത തിരുത്തലുകള്‍ നടത്തി നോക്കാറുണ്ട്. ഇത് വാന്‍ഡലിസം അല്ല. മറ്റ് വിക്കിപീഡിയര്‍ സാധാരണയായി ഇത്തരം തിരുത്തലുകളോട് സഹിഷ്ണുക്കള്‍ ആണ്.

വിക്കിപീഡിയയില്‍ ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്ത് തിരുത്തലുകള്‍ നടത്താന്‍ സൌകര്യമുണ്ട്. കൂടുതലും വാന്‍ഡലിസം
വരുന്നത് ലോഗിന്‍ ചെയ്യാത്ത ഉപയോക്താക്കളില്‍ നിന്നാണ് (അജ്ഞാത ഉപയോക്താക്കള്‍ എന്ന് ഇവരെ വിളിക്കുന്നു).
വാന്‍ഡലിസം തടയുവാനായി അജ്ഞാത ഉപയോക്താക്കള്‍ക്ക് വിക്കിപീഡിയയില്‍ ചിത്രങ്ങള്‍ ചേര്‍ക്കാനോ പുതിയ ലേഖനങ്ങള്‍ തുടങ്ങുവാനോ ഉള്ള അനുമതി ഇല്ല. എന്നാല്‍ ഇവര്‍ക്ക് ഉള്ള ലേഖനങ്ങളില്‍ തിരുത്തലുകള്‍ നടത്തുവാനും ലേഖനങ്ങള്‍ മെച്ചപ്പെടുത്തുവാനും സാധിക്കും. പല ഉപയോക്താക്കളും ലോഗിന്‍ ചെയ്യാതെ തിരുത്തലുകള്‍ നടത്തുവാന്‍ ഇഷ്ടപ്പെടുന്നു. വിക്കിപീഡിയ ഇവരെ തടയുന്നില്ല.

വിക്കിപീഡിയയില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നല്ല. ചിലപ്പോഴെല്ലാം ചില സാമൂഹ്യവിരുദ്ധര്‍ സത്യവിരുദ്ധമായ വസ്തുതകളും സ്വകാര്യലാഭത്തിനു വേണ്ടി പരസ്യപ്രചരണമോ ചില താളുകളില്‍ കൂട്ടിച്ചേര്‍ത്തെന്നുവരും. എന്നാലും ആ താളുകള്‍‍ ശ്രദ്ധിക്കുന്നവര്‍ അവയെല്ലാം പെട്ടന്നുതന്നെ മാച്ചു കളയുന്നു. ഇംഗ്ലീഷ് വിക്കിപീഡിയ ഇത്തരം പ്രശ്നങ്ങളില്‍ നിന്നു പൂര്‍വ്വസ്ഥിതിയിലെത്തുവാന്‍ എത്ര സമയം എടുക്കുന്നു എന്നറിയുവാന്‍ വിക്കിമീഡിയ ഓര്‍ഗനൈസേഷന്‍ ഒരു ടെസ്റ്റു നടത്തി. അഞ്ചുമിനിറ്റിനുള്ളില്‍ അനാശ്യാസമായ എഡിറ്റുകളെല്ലാം പൂര്‍വ്വസ്ഥിതിയിലായി. ഒരു വലിയ സന്നദ്ധസമൂഹം ഇതിനു പിന്നിലുണ്ടെങ്കിലേ ഇതൊക്കെ സാധ്യമാ‍വുകയുള്ളൂ. എന്നാല്‍ അതൊട്ട്‌ അപ്രാപ്യമല്ല താനും. ഇംഗ്ലീഷ് വിക്കിപീഡിയ കാണിച്ചു തരുന്നതതാണ്.

ആര്‍ക്കൊക്കെ വിക്കിയിലെഴുതാം?

പണ്ഡിതനും പാമരനും സംഭാവന ചെയ്യാനും രണ്ടു പേര്‍ക്കും ഒരേ പരിഗണനയും കിട്ടുന്ന ഒരു സംവിധാനം ആണ് വിക്കിപീഡിയയില്‍. ഓണത്തെപ്പറ്റി പത്തുവാചകം എഴുതാന്‍പോരുന്നവരാ‍യാല്‍ വിക്കിയിലേക്കും എന്തെങ്കിലും ഒക്കെ സംഭാവന്‍ ചെയ്യാം. സ്കൂള്‍ കൂട്ടികള്‍ മുതല്‍ ശാസ്ത്രജ്ഞന്മാര്‍ വരെ വിക്കിപീഡിയയില്‍ എഴുതുന്നുണ്ട്. വിക്കിഎഴുതുന്നതെല്ലാം പെര്‍ഫക്റ്റാവണം എന്ന വാശി ആര്‍ക്കും വേണ്ട; പുറകേ വരുന്നവര്‍ തിരുത്തിക്കോളും അല്ലെങ്കില്‍ കൂട്ടിച്ചേര്‍ത്തോളും എന്ന അവബോധം വിക്കിയില്‍ എഴുതുന്ന സാധാരണം ഉപയൊക്താക്കള്‍ക്ക് വലിയൊരാത്മവിശ്വാസം നല്‍കുന്നുണ്ട്‌.

ഒരു പ്രൈമറി സ്ക്കൂള്‍ ടീചര്‍ അവരുടെ സ്കൂളിനെ പറ്റിയെഴുതുന്നു; പ്രൈമറി വിദ്യാ‍ഭ്യാസത്തിന്റെ വിവിധഘട്ടങ്ങളെ പറ്റിയെഴുതുന്നു. ഒരു ബാങ്ക്‌ ജീവനാക്കാരന്‍ ബാങ്കിങ് മേഖലയെ കുറിച്ചും സ്വന്തം ബാങ്കിന്റെ ചരിത്രവും; ഒരു ഡിഗ്രിവിദ്യാര്‍ഥി അവന്‍ പഠിക്കുന്ന വിഷയത്തിലെ ചില വാക്കുകള്‍ എന്താണെന്ന്‌ നിര്‍വചിക്കുന്നു. പാര്‍ട്ടിപ്രവര്‍ത്തകന്‍ നേതാക്കന്മാരുടെ ജീവിതരേഖ കുറിക്കുന്നു. ഒരു
വീട്ടമ്മ അന്നുകണ്ട സിനിമ ആരുണ്ടാക്കി, അഭിനയിക്കുന്നവരാരെല്ലാം എന്നെഴുതുന്നു. ഒരു കര്‍ഷകന്‍ കൃഷിയെപറ്റിയുള്ള അനേകം നാട്ടറിവുകള്‍ പങ്കുവയ്ക്കുന്നു... അങ്ങനെ അങ്ങനെ അനേകം ചെറുതുള്ളികള്‍ ചേര്‍ന്നൊരു പെരുമഴയാവുകയാണ്.

കേരളവും ഇന്റര്‍നെറ്റും

കാര്യങ്ങള്‍ നേരാംവണ്ണം മനസ്സിലാക്കിയെടുക്കാന് പാകപ്പെട്ടിട്ടുള്ളൊരു സൈക്കിയാണ് കേരളീയ സമൂഹത്തിന്റേത്. സമൂഹത്തില് നിലനിന്നിരുന്ന പല അസമത്വങ്ങളും മാറ്റിയെടുക്കാന് ഈ സൈക്കി, കേരളത്തിനെ സഹായിച്ചിട്ടുണ്ട്. അങ്ങിനെ വിപ്ലവങ്ങളുടെ നാടെന്നും കേരളത്തിന് പേരു വീണു. കാര്യങ്ങള് ഇതൊക്കെയാണെങ്കിലും ഡിജിറ്റല് ഡിവൈഡ് എന്ന അസമത്വം അവസാനിപ്പിക്കാന് നമുക്കായിട്ടില്ല. ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് ഐടിയുടെ അനന്തസാധ്യതകള് അനുഭവിക്കുന്നത്. ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌, മലയാള ഭാഷയ്ക്ക് കമ്പ്യൂട്ടറില് സ്ഥാനമില്ലാത്തതാണ്. ഇംഗ്ലീഷെന്ന ഭാഷയ്ക്ക്
ഇത്രയധികം പ്രാധാന്യം കിട്ടിയത് ഐടി ഈ ഭാഷയെ ദത്തെടുത്തതോടെയാണ്. സൈറ്റുകളും മെയില് - മെസ്സെഞ്ചര് കമ്മ്യൂണിക്കേഷനും സെര്ച്ച് എഞ്ചിന് പ്രവര്ത്തനങ്ങളും ഇംഗ്ലീഷിലാവുമ്പോള് ഈ ഭാഷയ്ക്ക് പ്രാധാന്യം കിട്ടുന്നത് സ്വാഭാവികം മാത്രം. ഇംഗ്ലീഷ് വളരുന്നതിനൊപ്പം മറ്റുള്ള ഭാഷകള് തളരാനും ഇത് വഴിവെച്ചു. ചൈന, ജപ്പാന്, ജര്മ്മനി തുടങ്ങിയ രാജ്യങ്ങളാണ് ഇംഗ്ലീഷിന്റെ മേല്ക്കോയ്മക്കെതിരെ ആദ്യം പടവാളോങ്ങിയത്. തുടര്ന്ന് പ്രതിഷേധമുയര്ത്തുന്ന ഭാഷകളിലെല്ലാം വമ്പന് കമ്പനികളുടെ സോഫ്റ്റ്വെയര് പതിപ്പുകളിറങ്ങി. ഇന്റര്‍നെറ്റുമായുള്ള അനുയോജ്യതയാണ് ഇനി ഭാഷകളുടെ ഭാഗധേയം നിര്ണ്ണയിക്കുക.

അതേസമയം തന്നെ, വലിയൊരു മാറ്റത്തിന്റെ പാതയിലാണ് ഇന്ത്യന്‍ ഐടി രംഗം. മൈക്രോസോഫ്റ്റും നോക്കിയയും മോട്ടറോളയും ഒക്കെ ഇന്ത്യന് ഭാഷകളില് ഉല്പ്പന്നങ്ങള് ഇറക്കാന് തുടങ്ങിയിരിക്കുന്നു. ഇന്ത്യന് ഉപഭൂഖണ്ഡത്തില് ഉല്പ്പന്നങ്ങള് വിറ്റഴിക്കണമെങ്കില് പ്രാദേശികഭാഷകള്ക്ക് തുല്യ പ്രാധാന്യം നല്കണമെന്ന പാഠം ഐടി കമ്പനികള് പഠിച്ചു കഴിഞ്ഞിരിക്കുന്നു. അടുത്ത അഞ്ചു വര്ഷത്തിനുള്ളില് ഇപ്പോള് നിലവിലുള്ള എല്ലാ ഐടി സൌകര്യങ്ങളും മലയാള ഭാഷയിലും ലഭ്യമാവും.

അതിനോടൊപ്പം, മലയാളത്തിന്റെ കാര്യത്തില്‍, ഐടി മേഖലയില് പ്രവര്ത്തിക്കുന്ന ഭാഷാസ്നേഹികള് ആവുംവിധം ചിലതൊക്കെ ഭാഷയ്ക്ക് വേണ്ടി ചെയ്തിട്ടുണ്ട്. ലിപിമാറ്റ സോഫ്റ്റ്വയറുകളും വിക്കിപീഡിയയുടെ മലയാളം പതിപ്പും ബ്ലോഗുകളും സൈറ്റുകളും ഇവയില് ചിലതാണ്. ഇവ ഉപയോഗിച്ച് ഭാഷയെ പരിപോഷിപ്പിക്കേണ്ട കേരളീയ സമൂഹം, പക്ഷേ, ഒന്നുമറിയാത്ത മട്ടില് ഉറക്കത്തിലാണ്.


മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, എഴുതിവയ്ക്കപ്പെടേണ്ടത്‌ ഏതു സംസ്കാരത്തിന്റേയും നിലനില്‍പിനെന്നതു പോലെ
കേരളസംസ്കാരത്തിനും ആവശ്യമാണ്. എഴുതിവയ്ക്കപ്പെടുക എന്നാല്‍ വരാനിരിക്കുന്ന അനേകം തലമുറകളിലേയ്ക്ക്‌ സം‌പ്രേക്ഷണം ചെയ്യപ്പെടുക എന്നാണര്‍ഥം.സംസ്കാരമെന്നാല്‍ മറഞ്ഞുപോയ തലമുറകളില്‍ നിന്നും പകര്‍ന്നു കിട്ടിയതും. ഇത്രയും നമുക്ക്‌ ദാനം കിട്ടിയതാണെങ്കില്‍, ഒരണ്ണാറക്കണ്ണന് ആവുന്നിടത്തോളമെങ്കിലും വരാനിക്കുന്നവര്‍ക്കു് വേണ്ടിയെടുത്തു വയ്ക്കാന്‍ നമുക്ക്‌ കടമയില്ലേ?

കേരള സമൂഹത്തില് വിക്കീപീഡിയയുടെ പ്രാധാന്യം


ആശയങ്ങളെ ജനാധിപത്യരീതിയില്‍ സംരക്ഷിക്കുകയും ക്രോഡീകരിക്കുകയും ചെയ്യുന്നതാണ് വിക്കിയുടെ സ്വഭാവം. രാഷ്ട്രീ‍യപരമായ പക്ഷപാതിത്വം ജ്ഞാനത്തിന്റെ വിതരണത്തില്‍ പ്രകടമാകുന്നത് സാധാരണമായിരിക്കുന്ന കാലത്ത് ഇത് അനുപേക്ഷണീയവുമാണ്. ഇതെല്ലാം മാതൃഭാഷയിലാകുന്നത്, ഭാഷയോടും, ആ ഭാഷമാത്രം കൈകാര്യം ചെയ്യുവാന്‍ കഴിയുന്ന സാധാരണക്കാരോടും പ്രകടിപ്പിക്കുവാന്‍ കഴിഞ്ഞേയ്ക്കുന്ന സാമൂഹികധാര്‍മ്മികതയുമായിരിക്കും. രാ‍ഷ്ട്രീയ-വര്‍ഗ്ഗ പക്ഷപാതിത്വങ്ങള്‍ ഇല്ലാതിരിക്കുന്ന ഒരു വിജ്ഞാനകോശം സമൂഹത്തിന്റെ ആവശ്യമായിരിക്കെ തന്നെ, അത് ആ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിനും ചിന്തിക്കുവാന്‍ കഴിയുന്ന മാതൃഭാഷയില്‍ ആയിരിക്കേണ്ടതിനു പ്രധാനകാരണങ്ങള്‍ രണ്ടെണ്ണമാണ്.

അതില്‍ ആദ്യത്തേത് ഇപ്രകാരമാണ്, വിദൂരഭാവിയിലാണെങ്കില്‍ കൂടെ ഒരു സാധാരണക്കാരന്റെ ശബ്ദം, വിജ്ഞാനത്തിന്റെ വിതരണത്തില്‍ പരിഗണിക്കപ്പെട്ടേയ്ക്കും, ചരിത്രത്തിനെയും സാമൂഹികതയേയും രേഖപ്പെടുത്തുമ്പോള്‍ അവന്റെ അഭിപ്രായവും രേഖപ്പെടുത്തപ്പെടും.

രണ്ടാമത്തെ കാരണം കുറേകൂടി പ്രത്യക്ഷസ്വഭാവമുള്ളതാണ്, ഇന്നത്തെ സമൂഹത്തിന്റെ അടിയന്തിര ആവശ്യങ്ങളിലൊന്നുമാണ്. സ്കൂള്‍ കുട്ടികള്‍ മുതല്‍ രാജ്യത്തെ മുതിര്‍ന്ന പൌരന്മാര്‍ മുതല്‍ വിവരസമാഹരണത്തിനു നേരിട്ടോ അല്ലാതെയോ ഇന്റര്‍നെറ്റ് എന്ന മാധ്യമത്തെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ വിവരം സൃഷ്ടിക്കപ്പെടുന്നതിനും, അത് രേഖപ്പെടുത്തുന്നതിനും സാമ്പത്തികബാധ്യതകള്‍ ഉള്ളതാകയാല്‍, മാനവരാശിക്ക് ആവശ്യമുള്ളതാണെങ്കില്‍ തന്നെയും അത് എല്ലാവര്‍ക്കും ഒരേ പോലെ ലഭ്യമല്ലാത്ത ഒന്നാണ്. ഈ അവസ്ഥയിലാണ് വിവരസാങ്കേതികവിദ്യയില്‍ വിജ്ഞാനം പങ്കുവയ്ക്കുന്നതില്‍ സ്വാതന്ത്ര്യവും സൌജന്യവും അവശ്യമാണെന്ന രീതിയില്‍ പലരും ചിന്തിക്കുവാന്‍ തുടങ്ങിയത്. വിക്കിപീഡിയ ഇത്തരം ചിന്തകളുടെ ശ്രമഫലമായുണ്ടായ സാങ്കേതികസംരംഭമാണ്.

കേരളം പോലെ ഒരു സമൂഹത്തില്‍, (വിവരസമ്പാദനത്തിനു ആവശ്യമായ ഗ്രന്ഥശാലകളില്ലാത്ത അനവധി സ്കൂളുകള്‍ ഉള്ള സമൂഹം എന്നും വായിക്കാം) കേവലമായ ഒരു ഇന്റര്‍നെറ്റ് ആക്സസിന്റെ ബലത്തില്‍ ലോകത്തിലെ വിജ്ഞാനത്തിന്റെ നല്ലൊരു പങ്കും വലിയ സാമ്പത്തികബാധ്യതകള്‍ വരുത്തിവയ്ക്കാതെ ലഭ്യമാകുന്നു. എങ്കിലും ‘പാവപ്പെട്ടവന്റെ ബ്രിട്ടാനിക്ക’യല്ല വിക്കിപീഡിയ, സൌജന്യത്തിനേക്കാള്‍ ഉപരി, വിജ്ഞാനത്തിന്റെ നിയന്ത്രണത്തിനു അതനുവദിക്കുന്ന സ്വാതന്ത്ര്യമാണ് കേരളം പോലെ ഒരു സമൂഹത്തില്‍, ഇന്ത്യയെന്ന രാജ്യത്തില്‍ വിക്കിപീഡിയയ്ക്കുള്ള പ്രസക്തി.

പുതിയ പാഠ്യപദ്ധതിയില്‍ തിരക്കഥാ‍രചന പരിശീലിപ്പിക്കുന്നതു പോലെ, വിജ്ഞാനകോശങ്ങള്‍ എഴുതുവാന്‍ ഭാഷ പഠിക്കുന്ന വിദ്യാര്‍ഥികളെ പഠിപ്പിച്ചിരുന്നെങ്കില്‍ വിജ്ഞാനം പങ്കുവയ്ക്കുന്നതിലെ ജനാധിപത്യത്തിലെത്തിച്ചേരുവാ‍ന്‍ എളുപ്പം നമുക്കായേക്കും.

നിങ്ങള്‍ക്കെങ്ങിനെ പങ്കെടുക്കാം ?

സംഘാത പ്രവര്‍ത്തനമാണ് വിക്കിപീഡിയ എന്ന സംരംഭത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടുതല്‍ പേര്‍ ഈ പദ്ധതിയില്‍ പങ്കെടുക്കുന്തോറും ഇതിന്റെ മാറ്റേറുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ നിന്നും ധാരാളം പേര് മലയാളം വിക്കിപീഡിയയില്‍ അംഗങ്ങളായി വന്നാല്‍ മാത്രമേ ഈ സംരംഭം അതിന്റെ ഫലപ്രാപ്തിയിലെത്തുകയുള്ളൂ.

ലേഖനങ്ങളുടെ എണ്ണം പൊലെ തന്നെ പ്രധാനമാണ് വിക്കിപീഡിയയിലെ സജീവ അംഗങ്ങളും. മലയാളം വിക്കിയില് ഇപ്പോള് 2000 -ത്തില്‍ ഏറെ രജിസ്റ്റര് ചെയ്ത അംഗങ്ങളുണ്ട്. പക്ഷേ ഇവരില് ലേഖനങ്ങളെഴുതിയും ചിത്രങ്ങള് നല്കിയും വിക്കിയെ പരിപോഷിപ്പിക്കുന്നവര് 20-ല്‍ താഴെയാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നാണ് മലയാളം വിക്കിപീഡിയയുടെ സജീവപ്രവര്‍ത്തകരുടെയെല്ലാം ആഗ്രഹം. മലയാളം ടൈപ്പ് ചെയ്യൂന്നതിലുള്ള പരിചയക്കുറവും വിജ്ഞാനകോശത്തില് ലേഖനങ്ങളെഴുതുന്നതിനുള്ള ശങ്കയുമൊക്കെയാകാം ഒരുപക്ഷേ ലേഖനങ്ങളെഴുതുന്നതില് നിന്നും കൂടുതല്‍ പേരേയും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ വിക്കിയിലെ പ്രവര്‍ത്തനങ്ങളിലൂടെ മാറ്റിയെടുക്കാവുന്നതേയുള്ളു. നൂറുകണക്കിന് ലേഖനങ്ങള്‍ എഴുതപ്പെടുന്ന മലയാളം വിക്കിയില്‍ എല്ലാ ലേഖനങ്ങളും ഭാഷാശുദ്ധിയുള്ളതാകണമെന്നില്ല. അക്ഷരത്തെറ്റുകള്‍ തീര്‍ച്ചയായുമുണ്ടാകും. ഇത്തരം ചെറുകാര്യങ്ങള്‍ തിരുത്തിയാണ് മിക്കവരും വിക്കിപീഡിയയിലേക്കു കടന്നുവരുന്നത്. നിങ്ങള്‍ക്കും ഇപ്രകാരം കടന്നുവരാം.

ലേഖനങ്ങളെഴുതാന്‍ കഴിവില്ലെങ്കിലും ഒരുപക്ഷേ നിങ്ങള്‍ നല്ല ചിത്രങ്ങളെടുക്കുന്ന ഒരു ഫൊട്ടോഗ്രാഫറോ രേഖാചിത്രങ്ങളും മറ്റും തയാറാക്കുന്നതില്‍ വൈദഗ്ദ്ധ്യമുള്ള ചിത്രകാരനോ ആയിരിക്കാം. ഇങ്ങനെയുള്ളവരെയും വിക്കിപീഡിയ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. കേരളത്തിലെ സ്ഥലങ്ങള്‍, പ്രമുഖ വ്യക്തികള്‍, സ്ഥാപനങ്ങള്‍, പക്ഷിമൃഗാദികള്‍ എന്നിങ്ങനെ മലയാളം വിക്കിപീഡിയയ്ക്ക് ഒട്ടേറെ ചിത്രങ്ങള്‍ ആവശ്യമുണ്ട്. ഇന്റര്‍നെറ്റിലോ മറ്റുമാസികകളിലോ‍ പ്രസിദ്ധീകൃതമാകാത്ത സ്വതന്ത്ര ചിത്രങ്ങളാണ് വിക്കിയിലേക്കു വേണ്ടത്. വിക്കിപീഡിയയില്‍ ചിത്രങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ അതിവിദഗ്ദ്ധനായ ഫൊട്ടോഗ്രാഫര്‍ ആകണമെന്നില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ജീവിതത്തിലെ തിരക്കുകള്‍ കാരണം ഒരുപക്ഷേ വിക്കിപീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും ഈ സംരംഭത്തിന്റെ പ്രാധാന്യത്തെപ്പറ്റി മറ്റുള്ളവരോടു പറയുവാനും ഈ സംരംഭത്തിനു പ്രയോജനപ്പെടുമെന്നുതോന്നുന്നവരെ വിക്കിപീഡിയയിലേക്കു നയിക്കവാനും നിങ്ങള്‍ക്കു സാധിച്ചേക്കും. നിങ്ങള്‍ക്ക് അംഗത്വമുള്ള വായനശാലയിലോ ക്ലബിലോ നിങ്ങളുടെ കലാലയത്തിലോ ജോലിസ്ഥലത്തോ ഒക്കെ വിക്കിപീഡിയയെപ്പറ്റിയുള്ള സന്ദേശം നല്‍കുക.വരുന്ന തലമുറയ്ക്കുവേണ്ടി വിജ്ഞാനം സൂക്ഷിച്ചുവയ്ക്കുന്ന ഈ സംരംഭത്തെക്കുറിച്ച് കൂടുതല്‍പേര്‍ അറിയേണ്ടത് അത്യാവശ്യമാണ്.

മലയാളം വിക്കീപീഡിയയുടെ സഹോദര സംരംഭങ്ങള്‍

വിക്കിപീഡിയ എന്ന ഓണ്‍‌ലൈന്‍ വിജ്ഞാനകോശത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയെത്തുടര്‍ന്ന് വിക്കിമീഡിയ ഫൌണ്ടേഷന്‍ ഇതര വിവരശേഖരണ മേഖലകളിലേക്കും ശ്രദ്ധതിരിച്ചു. സ്വതന്ത്ര ബഹുഭാഷാ നിഘണ്ടുവായ വിക്‍ഷ്ണറി, പഠനസഹായികളും മറ്റും ചേര്‍ക്കുന്ന വിക്കിബുക്ക്സ്, സിറ്റിസണ്‍ ജേണലിസത്തെ പ്രോത്സാഹിപ്പിക്കുന്ന വിക്കിന്യൂസ്, പകര്‍പ്പവകാശകാലാവധി കഴിഞ്ഞ പുസ്തകങ്ങള്‍ ശേഖരിച്ചുവയ്ക്കുന്ന വിക്കിസോഴ്സ്, ഓണ്‍‌‌ലൈന്‍ പരിശീലനം നല്‍കുന്നു വിക്കിവാഴ്സിറ്റി, ചൊല്ലുകള്‍ ശേഖരിച്ചുവയ്ക്കുന്ന വിക്കിക്വോട്ട്സ് എന്നിങ്ങനെ ഒട്ടേറെ സഹോദര സംരംഭങ്ങള്‍ വിക്കിപീഡിയയ്ക്കുണ്ട്. ഇതില്‍ വിക്കിസോഴ്സ് മലയാളത്തില്‍ വിക്കിവാ‍യനശാല എന്ന പേരിലും, വിക്ക്ഷ്ണറി വിക്കിനിഘണ്ടു എന്ന പേരിലും, വിക്കിബുക്സ് വിക്കിപുസ്തകശാല എന്ന പേരിലും വിക്കിക്വോട്സ് വിക്കിചൊല്ലുകള്‍ എന്ന പേരിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പദ്ധതികളെല്ലാം തന്നെ മലയാളത്തില്‍ ശൈശവദശയിലാണെന്നു പറയാം.

മേല്‍പ്പറഞ്ഞവയില്‍ മിക്കവയ്ക്കും മലയാളത്തില്‍ ഏറെ പ്രസക്തിയുണ്ട്. പകര്‍പ്പവകാശകാലാവധി കഴിഞ്ഞ് പൊതുസഞ്ചയത്തിലെത്തിയ ഒട്ടേറെ പുസ്തകങ്ങള്‍ നാ‍മിപ്പോഴും വിലകൊടുത്തു വാങ്ങേണ്ടിവരുന്നുണ്ട്. ഇതിനൊരു പരിഹാരമാണ് വിക്കിവായനശാല. അദ്ധ്യാത്മരാമായണം, സത്യവേദപുസ്തകം, വിശുദ്ധ ഖുറാന്‍, കുഞ്ചന്‍‌നമ്പ്യാരുടെ കൃതികള്‍, നാരായണീയം, കൃഷ്ണഗാഥ, ജ്ഞാനപ്പാന എന്നിങ്ങനെ ഒട്ടേറെ അമൂല്യ ഗ്രന്ഥങ്ങള്‍ മലയാളം വിക്കിസോഴ്സില്‍ സമാഹരിച്ചുവരുന്നു.

സൌജന്യ ബഹുഭാഷാ നിഘണ്ടു തയാറാക്കാനുള്ള പരിശ്രമങ്ങളും മലയാളം വിക്കിനിഘണ്ടുവില്‍ നടക്കുന്നുണ്ട്. മലയാളം വാക്കുകള്‍ക്ക് തത്തുല്യമായ ഇതരമലയാള പദങ്ങളും അന്യഭാഷാ പദങ്ങളും ചേര്‍ത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ ഈ സംരംഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ആവശ്യമായ പഠനസഹായികളും മറ്റും പുതുതായി രചിച്ചു ചേര്‍ക്കുന്ന വിക്കിപുസ്തകശാലയും കേരളീയര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. നിലവില്‍ ഈ സംരംഭത്തില്‍ വലിയ പ്രവര്‍ത്തനങ്ങളില്ല. എന്നാല്‍ മത്സരപ്പരീക്ഷാ സഹായികള്‍, വിനോദയാത്രാ സഹായികള്‍, പഠനസഹായികള്‍ എന്നിവ ആര്‍ക്കും രചിച്ചുചേര്‍ക്കാവുന്ന ഈ പദ്ധതി വരും കാലങ്ങളില്‍ ഏറെപ്രയോജനപ്പെട്ടേക്കും.

മലയാളം വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളും അവയുടെ വെബ്‌വിലാസങ്ങളും താഴെച്ചേര്‍ക്കുന്നു:

  1. വിക്കിവായനശാല- http://ml.wikisource.org
  2. വിക്കിപുസ്തകശാല - http://ml.wikibooks.org
  3. വിക്കിനിഘണ്ടു - http://ml.wiktionary.org
  4. വിക്കിചൊല്ലുകള്‍ - http://ml.wikiquote.org

09 May, 2007

SN 2006gy - പുതിയ ഒരു സൂപ്പര്‍ നോവാ സ്ഫോടനം

ജ്യോതിശാസ്ത്രബ്ലോഗില്‍ സൂപ്പര്‍നോവയെ കുറിച്ച് എഴുതിയ ഈ ലേഖനം വന്ന സമയത്തു തന്നെ പുതിയ ഒരു സൂപ്പര്‍നോവയെ കണ്ടെത്തിയിയതായുള്ള വിവരങ്ങളുള്‍ പുറത്തു വന്നിരിക്കുന്നു. അതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ ഇന്നത്തെ പത്രത്തില്‍ വായിച്ചിരിക്കുമല്ലോ. ആ വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക്. മലയാളം വിക്കിയെ മുന്നില്‍ കണ്ട് എഴുതിയ ലേഖനം ആണെങ്കിലും സമകാലീന പ്രസക്തി ഉള്ളതിനാലും ജ്യോതിശാസ്ത്ര ബ്ലോഗിലെ സൂപ്പര്‍ നോവ എന്ന പോസ്റ്റുമായി ബന്ധമുള്ളതിനാലും ഇതു ഇവിടെ പോസ്റ്റുന്നു.

2006, സെപ്തംബര്‍ 18 നു R. Quimby and P. Mondol എന്നീ രണ്ടു ജ്യോതിശാസ്ത്രജ്ഞന്‍മാര്‍ ആണ് SN 2006gy എന്ന ഒരു പുതിയ സൂപ്പര്‍നോവയെ കണ്ടെത്തിയത്. അതിനു ശേഷം ചന്ദ്ര എക്സ് റേ ദൂരദര്‍ശിനിയും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് ഇതിനെപറ്റി കൂടുതല്‍ പഠനങ്ങള്‍ നടത്തി. 2007, മെയ് 7നു ഈ സൂപ്പര്‍നോവയെ കുറിച്ചുള്ള ആദ്യത്തെ വിശദാംശങ്ങള്‍ നാസയും ചില ജ്യോതിശാസ്ത്രജ്ഞന്മാരും ചേര്‍ന്ന് പുറത്തു വിട്ടു. മനുഷ്യനു കണ്ടെത്താന്‍ പറ്റിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സ്ഫോടനം ആണ് ഈ സൂപ്പര്‍നോവ ഉണ്ടാക്കിയത് എന്നു ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.

sn2006gy ചിത്രകാരന്റെ ഭാവനയില്‍. ഒപ്പം ചന്ദ്ര ലിക്ക് ഒബ്സര്‍വേറ്ററികളില്‍ നിന്നുള്ള ചിത്രവും. ചിത്രത്തിന്റെ ഒപ്പം ഉണ്ടായിരുന്ന അടിക്കുറിപ്പ് അതേ പോലെ താഴെ ചേര്‍ക്കുന്നു.
ചിത്രത്തിനു കടപ്പാട്: ചന്ദ്ര എക്‍സ് റേ ഒബ്സര്‍വേറ്ററി.
According to observations by NASA's Chandra X-ray Observatory and ground-based optical telescopes, the supernova SN 2006gy is the brightest and most energetic stellar explosion ever recorded and may be a long-sought new type of explosion. The top panel of this graphic is an artist's illustration that shows what SN 2006gy may have looked like if viewed at a close distance. The fireworks-like material in white shows the explosion of an extremely massive star. This debris is pushing back two lobes of cool, red gas that were expelled in a large eruption from the star before it exploded. The green, blue and yellow regions in these lobes shows where gas is being heated in a shock front as the explosion material crashes into it and pushes it backwards. Most of the optical light generated by the supernova is thought to come from debris that has been heated by radioactivity, but some likely comes from the shocked gas.
Credits:Image credit: Illustration: NASA/CXC/M.Weiss; X-ray: NASA/CXC/UC Berkeley/N.Smith et al.; IR: Lick/UC Berkeley/J.Bloom & C.Hansen

പൊട്ടിത്തെറിച്ച നക്ഷത്രത്തിന്റെ വിശദാംശങ്ങള്‍

23.8 കോടി പ്രകാശവര്‍ഷം അകലെയുള്ള NGC 1260 എന്ന ഗാലക്സിയിലാണ് ഈ നക്ഷത്രസ്ഫോടനം നടന്നത് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 150M നോളം ദ്രവ്യമാനമുള്ള ഒരു ഭീമന്‍ നക്ഷത്രം ആണ് പൊട്ടിത്തെറിച്ച് സൂപ്പര്‍നോവയായത്.

ഈ കണ്ടെത്തലിന്റെ പ്രത്യേകതകള്‍

സ്ഫോടനത്തിനു കാരണമായ നക്ഷത്രത്തിന്റെ ഗാലക്സി നമ്മില്‍ നിന്നു 23.8 കോടി പ്രകാശവര്‍ഷം അകലെയാണ്. ചുരുക്കത്തില്‍ നമ്മള്‍ 23.8 കോടി വര്‍ഷം പുറകിലേക്കാണ് നോക്കുന്നത് എന്നര്‍ത്ഥം. അതിനാല്‍ ആദിമ പ്രപഞ്ചത്തില്‍ ഇത്തരം സ്ഫോടനങ്ങള്‍ സര്‍വ്വ സാധാരണം ആയിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. നമ്മുടെ ഗാലക്സിയില്‍ ഒക്കെ വരും കാലങ്ങളില്‍ ഇത്തരം കൂടുതല്‍ സ്ഫോടനങ്ങള്‍ക്ക് സാദ്ധ്യത ഉണ്ട് എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

പല ആദിമ നക്ഷത്രങ്ങളും ഈ നക്ഷത്രത്തെ പോലെ ദ്രവ്യമാനം കൂടിയവ ആണെന്നും അതിനാല്‍ ഇത്തരം സ്ഫോടനങ്ങള്‍ ആദിമ നക്ഷത്രങ്ങള്‍ എങ്ങനെയാണ് മരണമടഞ്ഞത് എന്നതിനെകുറിച്ച് ഉള്ള അറിവ് തരുമെന്ന് പല ജ്യോതിശസ്ത്രജ്ഞരും കരുതുന്നു. പക്ഷെ ഇത്തരം നക്ഷത്രങ്ങളുടെ മരണം കാണാന്‍ ഇതു വരെ കഴിഞ്ഞിരുന്നില്ല. മാത്രമല്ല സൈദ്ധാന്തികമായി പ്രവചിരുന്നതില്‍ നിന്നു വ്യത്യസ്തമായാണ് ഇത്തരം ഭീമന്‍ നക്ഷത്രങ്ങളുടെ മരണം എന്നു മനസ്സിലാക്കാനും ഈ കണ്ടെത്തലിലൂടെ കഴിഞ്ഞു. സൂപ്പര്‍നോവയെ കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ മാറ്റിയെഴുതേണ്ടി വരുമെന്ന് സാരം.

ഈ സൂപ്പര്‍നോവയെ കുറിച്ചുള്ള രണ്ട് പഠനസംഘങ്ങളെ നയിച്ച നാഥന്‍ സ്മിത്തിന്റെ അഭിപ്രായത്തില്‍ സാധാരണ സൂപ്പര്‍നോവയെക്കാളും നൂറ് ഇരട്ടി അധികം ഊര്‍ജ്ജം പുറത്തേക്ക് വിട്ട ഒരു അപൂവ്വ സൂപ്പര്‍നോവ ആയിരുന്നു SN 2006gy. അതിന്റെ അര്‍ത്ഥം പൊട്ടിത്തെറിച്ച നക്ഷത്രത്തിന്റെ ദ്രവ്യമാനം ഒരു നക്ഷത്രത്തിനു കൈവരിക്കാവുന്ന പരമാവധി ദ്രവ്യമാനം ആയിരുന്നു എന്നാണ്. അതായത് സൂര്യന്റെ 150 ഇരട്ടിയോളം.

SN 2006gy സൂപ്പര്‍നോവാ സ്ഫോടനത്തിന്റെ കമ്പ്യൂട്ടര്‍ സിമുലേഷന്‍.
വീഡിയോയ്ക്ക് കടപ്പാട്: നാസ

SN 2006gy-യും Eta Carinae-യും തമ്മിലുള്ള സാമ്യത

SN 2006gy എന്ന സൂപ്പര്‍നോവയ്ക്കു കാരണമായ നക്ഷത്രത്തിനു സ്ഫോടനത്തിനു തൊട്ടു മുന്‍പ് വലിയ അളവില്‍ ദ്രവ്യനഷ്ടം സംഭവിച്ചിരുന്നു. ഇതു നമ്മുടെ ഗാലക്സിയിലെ ഒരു ഭീമന്‍ നക്ഷത്രമായ Eta Carinae ക്കു സംഭവിക്കുന്ന ദ്രവ്യനഷ്ടത്തിനു സമാനം ആയതിനാല്‍ Eta Carinae ഒരു സൂപ്പര്‍നോവ ആയിത്തീരാന്‍ സാദ്ധ്യത ഉള്ളതായി ചില ശാസ്ത്രജ്ഞര്‍ കരുതുന്നു. SN 2006gy ഇതു വരെ നമ്മള്‍ നിരീക്ഷിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രകാശമാനമായ സൂപ്പര്‍നോവ ആണെങ്കിലും അത് 23.8 കോടി പ്രകാശവര്‍ഷം അകലെ കിടക്കുന്നതിനാല്‍ നമുക്ക് അതിന്റെ തീവ്രത അനുഭവപ്പെട്ടില്ല. എന്നാല്‍ Eta Carinae നമ്മില്‍ നിന്നു വെറും 7,500 പ്രകാശവര്‍ഷം അകലെ കിടക്കുന്ന നക്ഷത്രം ആയതിനാല്‍ അത് ഒരു സൂപ്പര്‍നോവ ആയി മാറുകയാണെങ്കില്‍ അതിന്റെ തീവ്രത അതി ഭീമമായി തന്നെ നമുക്ക് ദര്‍ശിക്കാനാവും.

പക്ഷെ ഇതിനര്‍ത്ഥം Eta Carinae ഒരു സൂപ്പര്‍നോവ ആയി മാറും എന്നല്ല പക്ഷെ അങ്ങനെ സംഭവിക്കാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ശാസ്ത്രജ്ഞന്മാര്‍ അതിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. Eta Carinae സൂപ്പര്‍ നോവയായി മാറിയാല്‍ ആധുനിക മനുഷ്യന്‍ ദശിച്ചിട്ടുള്ള ഏറ്റവും വലിയ നക്ഷത്രക്കാഴ്ച ആയിരിക്കും അത് എന്ന് ബാള്‍ട്ടിമോറിലെ Space Telescope Science Institute ലെ മരിയോ ലിവിയോ അഭിപ്രായപ്പെട്ടു.

മുകളില്‍ ഉള്ള ചിത്രങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുന്ന വേറെ ഒരു വീഡിയോ.
വീഡിയോയ്ക്ക് കടപ്പാട്: നാസ

SN 2006gy പുതിയ തരം സൂപ്പര്‍നോവയാണ്

സൂപ്പര്‍നോവയെകുറിച്ചുള്ള ലേഖനത്തില്‍ പറഞ്ഞതു പോലെ ഭീമന്‍ നക്ഷത്രങ്ങളില്‍ ഇന്ധനം തീര്‍ന്ന് നക്ഷത്രം അതിന്റെ ദ്രവ്യത്താല്‍ തകര്‍ന്ന അടിയുന്ന ഘട്ടത്തിലാണല്ലോ സൂപ്പര്‍നോവ ഉണ്ടാകുന്നത്. പക്ഷെ ജ്യോതി ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ SN 2006gy എന്ന സൂപ്പര്‍നോവയ്ക്ക് കാരണമായ പ്രചോദനം മറ്റു ചില കാരണങ്ങള്‍ ആണെന്നാണ്. ചില പ്രത്യേക സാഹചര്യത്തില്‍ ഒരു ഭീമന്‍ നക്ഷത്രത്തിന്റെ കാമ്പ് ഗാമാ റേ കിരണത്തിന്റെ രൂപത്തില്‍ വളരെയധികം ഊര്‍ജ്ജം പുറപ്പെടുവിക്കും. ഇതില്‍ നിന്നു ഒരു ചെറിയ ശതമാനം പാര്‍ട്ടിക്കിള്‍-ആന്റി പര്‍ട്ടിക്കിള്‍ പെയര്‍ ആയി മാറും. ഇതുമൂലമുണ്ടാകുന്ന ഊര്‍ജ്ജ നഷ്ടം നക്ഷത്രത്തിന്റെ തകര്‍ച്ചയ്ക്ക് വഴിവെക്കും എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പഠനഫലം പുറത്തു വരുംപ്പോള്‍ ലഭിയ്ക്കും എന്നു കരുതുന്നു.

ഈ അതി ഭീമമായ തകര്‍ച്ചയ്ക്ക് ശേഷം നക്ഷത്രത്തില്‍ അണുസംയോജനപ്രക്രിയകള്‍ അവസാനിക്കുകയും നക്ഷത്രം പൊട്ടിത്തെറിക്കുകയും ചെയ്യും. SN 2006gy -ല്‍ നിന്നു ലഭിച്ച വിവരം അനുസരിച്ച് ആദിമ നക്ഷത്രങ്ങളില്‍ നിന്നുള്ള സൂപ്പര്‍നോവ സ്ഫോടനങ്ങള്‍ ശാസ്ത്രജ്ഞന്മാര്‍ വിചാരിച്ചിരുന്നതിനേക്കാള്‍ സാമാന്യമായി നടക്കുന്ന ഒന്നാണെന്നു മനസ്സിലായി. ദ്രവ്യമാനം കൂടിയ നക്ഷത്രങ്ങള്‍ എല്ലാം തമോഗര്‍ത്തം ആയി മാറും എന്നായിരുന്നു അവര്‍ സിദ്ധാന്തിച്ചിരുന്നത്.

സ്മിത്തിന്റേയും കൂട്ടരുടേയും പഠനഫലങ്ങള്‍ താമസിയാതെ അസ്ട്രോഫിസിക്കല്‍ ജേര്‍ണലില്‍ കൂടി പുറത്തു വരും.

റെഫറന്‍‌സ്

  1. നാസയുടെ പത്രക്കുറിപ്പ്
  2. വിക്കിപ്പീഡിയ ലേഖനം
  3. ചന്ദ്ര എക്സ്‌റേ ഒബ്സര്‍വേറ്ററി ലേഖനം

27 April, 2007

shadjnE pAya yE vardhAn- ഒരു ജീവന്‍ മരണ പോരാട്ടം

പൂര്‍ത്തിയാകാത്ത ഒരു ചിത്രത്തില്‍ ഇവര്‍ ഒരുക്കിയ ഒരപൂര്‍വ്വ ഗാനം പണ്ട് 'വിവിധ്ഭാരതി'യില്‍ നിന്ന് റെക്കൊഡ് ചെയ്തതിന്റെെ അല്പഭാഗം ♫ഇവിടെ♫.(ശബ്ദശകലത്തിന്റെനിലവാരം മോശമാണെങ്കില്‍ ദയവായി പൊറുക്കുക)

ഇതു കുറച്ച് ദിവസം മുന്‍പ് സുരലോഗം ചേട്ടന്‍ തന്റെ ബ്ലോഗില്‍ ഇട്ടിരുന്ന ഒരു പോസ്റ്റിലെ വരികള്‍ ആണ്. ആ പോസ്റ്റില്‍ അദ്ദേഹം പൊതുവായി രവീന്ദ്ര ജയിനെനെ കുറിച്ചാണ് പറഞ്ഞത്.

യേശുദാസും രവീന്ദ്ര ജയിനും ചേര്‍ന്ന് ഹിന്ദി സംഗീതലോകത്ത് സൃഷ്ടിച്ച അത്ഭുതങ്ങള്‍ നമുക്ക് ഒക്കെ അറിയാവുന്നതാണ്.

പക്ഷെ സുരലോഗം ചേട്ടന്‍ അവസാനം നമുക്ക് എല്ലാവര്‍ക്കും വേണ്ടി പങ്ക് വെച്ച ഒരു പാട്ടുണ്ടല്ലോ. അത് ഒരു അത്ഭുതം ആണ്. അതിന്റെ കഥയിലേക്ക്.

കൈമള്‍

താഴോട്ടുള്ളത് വയിച്ച് ഈ ഷിജു ഇങ്ങനൊക്കെ എഴുതാന്‍ തുടങ്ങിയോ എന്നൊന്നും വിചാരിച്ച് ആരുടേയും കണ്ണ് തള്ളരുത്. കാരണം ഇതിന്റെ ഒരു ഭാഗം മാത്രമേ ഞാന്‍ എഴുതിയിട്ടുള്ളൂ.

ബാക്കി എഴുതിയത് ഈ വിഷയം കേട്ടതില്‍ പിന്നെ ഉറക്കം നഷ്ടപ്പെടുകയും അതോടൊപ്പം കോഡ് ചെയ്യുന്നത് എങ്ങനെ എന്നു മറന്നു പോകുകയും ചെയ്ത പൊന്നപ്പന്‍ - the Alien ആണ് . ഇതു ഇപ്പോള്‍ കിട്ടിയില്ലെങ്കില്‍ തട്ടിപോയാല്‍ സ്വര്‍ഗ്ഗം കിട്ടെല്ലെന്നാ പുള്ളി പറഞ്ഞത്.

ഈ പോസ്റ്റിന്റെ തിരക്കഥയും സംഭാഷണവും പൊന്നപ്പന്റെ വകയാണ്. കഥയും സംവിധാനവും പിന്നെ ഈ മുകളില്‍ കീടക്കുന്നതും താഴെകിടക്കുന്നതുമായ ചില അല്ലറ ചില്ലറ പരിപാടികള്‍ മാത്രം ആണ് എന്റെ വക. (ഈ പോസ്റ്റ് കൊണ്ടെങ്കിലും ഈ ബ്ലോഗില്‍ നാലാള്‍ കയറട്ടെ :)).

ഇനി ഈ പോസ്റ്റ് വായിച്ച് ആരുടെ എങ്കിലും ഉറക്കം നഷ്ടപ്പെട്ടാല്‍ ഞാന്‍ ഉത്തരവാദിയല്ല. കഴിഞ്ഞ ഒരു വര്‍ഷമയി ഈ പാട്ടിന്റെ പുറകേ ഓടിയിട്ട് എന്റെ കുറേ ഉറക്കം നഷ്ട്ടപ്പെട്ടതാ. )

മൈക്ക് പൊന്നപ്പനു കൈമാറുന്നു. :)

ഇടയ്ക്കിടയ്ക്ക് പുട്ടിനു പീര ഇടുന്നതു പോലെ ഞാന്‍ വരാം. :)

ജീവന്‍ മരണ പോരാട്ടം

സഹൃദയരേ..

കലാസ്നേഹികളേ..

തുടങ്ങും മുന്‍പേ പറയാം ഇതു സം‌ഗതി സീരിയസ്സാ..
ചില സ്വപ്നങ്ങളെ പറ്റിയുള്ള ശാസ്ത്രീയ വിശകലനം പോലെ അറുബോറും എന്നാല്‍ ആത്മാവിന്റെ അന്തരാളങ്ങളെ കീറി മുറിക്കുന്നതുമായ ഒരു സമസ്യ...
കൃത്യമായി പറഞ്ഞാല്‍ ഒരു ജീവന്‍ മരണ പോരാട്ടം..

അല്ലാ.. സങ്ങതി എന്നാന്നു വച്ചാ..????

പറയാം..
ശ്രദ്ധിച്ചു കേട്ടോ..
ഞാനിങ്ങനെ ഒരു പണിയുമില്ലാതെയും കുറച്ചു പണിയോടു കൂടെയും അതികൂലങ്കഷങ്ങളായ പണികളോടു കൂടിയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇങ്ങനെ ജീവിച്ചു വരികയായിരുന്നു.

അപ്പോഴാണ് ഉണ്ടിരിക്കുന്ന നായര്‍‌ക്കൊരു വിളി പോലെ, കൃസ്ത്യന്‍ പള്ളിയില്‍ കൂട്ടമണിയടിക്കുന്ന പോലെ, പാതിരാത്രിയിലെ ബാങ്കു വിളി പോലെ (മൂന്നെണ്ണവും കൃത്യമായല്ലോ... റിസ്കെടുക്കാന്‍ ഒട്ടും താല്പര്യമില്ല.) സോറി.. ബുദ്ധവിഹാരങ്ങളിലെ ആ കറക്കുന്ന സാധനം പോലെ കൂടി.. (ബാലേട്ടാ.. അരൂപിയെങ്കിലും അങ്ങിവിടെയൊക്കെയുണ്ടാവുമെന്ന് ഞാന്‍ മറന്നു പോയി.. നോ ഫീലിങ്ങ്സേ....)ആ ഞെട്ടിക്കുന്ന ഓര്‍‌മ്മ എന്നിലേക്കു തുളച്ചു കേറിയത്..

എന്ത്?

ആറാം തമ്പുരാനില്‍ ലാലേട്ടന്‍ പറയുന്നതുപോലെ.. (ഒരു സൈഡ് ചരിഞ്ഞ്.. ഒന്നു ചിരിച്ച്..)"ഹിന്ദുസ്ഥാനി സംഗീതം പഠിക്കണം" - ചെറിയൊരു ചെയ്ഞ്ച്.. "കേള്‍‌ക്കണം". അറ്റ്‌ലീസ്റ്റ് ഒരു ഹിന്ദി പാട്ടെങ്കിലും കേള്‍‌ക്കണം..

വെറുതേ കേട്ടാല്‍ പോരാ..

കിണ്ണന്‍ പാട്ടു തന്നെ കേള്‍‌ക്കണം..

അതും നമ്മുടെ ദാസേട്ടന്‍ പാടിയതു തന്നെ കേള്‍‌ക്കണം..

അതേതാ.. അങ്ങിനൊരു പാട്ട്.. ?ഞാന്‍ പിടിക്കുന്ന മുയലിനു മുന്നൂറ്റി പതിനാറര കൊമ്പാണല്ലോ പണ്ടു തൊട്ടേ..ചില കണ്ടീഷന്‍സ് ഉണ്ടാവണം..


1. പടം റിലീസാവാന്‍ പാടില്ല..

2. കാസറ്റും റിലീസാവാന്‍ പാടില്ല..

3. യേശുദാസിനു താന്‍ പാടിയ ഹിന്ദി പാട്ടുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഹിന്ദി പാട്ടു തന്നെ ആവണം..

4. സം‌ഗീത സം‌വിധായകന്‍ കണ്ട ആപ്പ ഊപ്പ ഒന്നും ആവരുത്..

5. മൂന്ന് ഒക്ടേവുകളും കവര്‍ ചെയ്യുന്ന പാട്ടാവണം

6. പുതി‌യ പാട്ടെന്റെ നാടുവിട്ടു പോയ പട്ടിക്കുട്ടി ജിമ്മിക്കു വേണം.. ഒണ്‍ലി പഴയത്.. അതും എഴുപതുകളിലേത്

7. പിന്നെ പാട്ടുതു കേട്ടാല്‍ മൂളിപ്പാട്ടു പാടാന്‍ പോലും ആരുമൊന്നു മടിക്കണം..

അതേതാ അങ്ങിനെയൊരു പാട്ട്.. ?? കണ്‍‌ഫൂഷനായോ..??ഒരു കണ്‍‌ഫൂഷനും വേണ്ടാ..അങ്ങിനെയൊറ്റ പാട്ടേയുള്ളൂ..

പുറത്തിറങ്ങാത്ത ഒരു ഹിന്ദി പടമായ താന്‍സന്‍-നിലെ "ഷടജനേ പായ യേ വര്‍ദ്ധാന്‍" എന്ന പാട്ട്..

ഈ പാട്ടിന്റെ പിന്നില്‍ ചില കഥകളുണ്ട്..ബോംബൈയിലെ രാജശ്രീ പ്രോഡക്ഷനു 79 ലോ 80 ലോ ഒരു പൂതി..താന്‍‌സനെ പറ്റി ഒരു പടമെടുക്കണം.. പ്രീ പ്രൊഡക്ഷന്‍ സെറ്റപ്പൊക്കെയായി.. സം‌ഗീതപ്പണി അവരുടെ സ്ഥിരം ഗഡി രവീന്ദ്ര ജൈനിനും കൊടുത്തു.

രവീന്ദ്ര ജെയിനെ അറിയുമല്ലോ..?കണ്ണില്‍ കിട്ടേണ്ടിയിരുന്ന നിറങ്ങള്‍ കൂടെ തന്റെ സം‌ഗീതത്തിലേക്കു പകര്‍‌ത്തുന്ന അനുഗ്രഹീതനായ ഒരു കലാകാരനാണ് അദ്ദേഹം (അദ്ദേഹത്തിനു കാഴ്ചയില്ല).

സം‌ഗീതത്തിനെ മഴപ്പെരുക്കമാക്കിയ താന്‍‌സനെ പറ്റിയുള്ള ആ ചിത്രത്തില്‍ (ഇതു ഫുള്‍ തള്ളലാണ്.. സത്യമായും എനിക്കറിയില്ല ആ സിനിമയുടെ കഥ എന്തായിരുന്നു എന്ന്..

പണ്ടാറം..

അതൊന്നിറങ്ങിയിട്ടു വേണ്ടേ കഥയറിയാന്‍ !

അദ്ദേഹം ആത്മാവു ചാലിച്ചു സം‌ഗീതമൊരുക്കി. അതിലൊരു പാട്ട്.. (അതേ..ലവന്‍ തന്നെ..ല്ല പുലി..) വെറും 15 മിനുട്ടു മാത്രം..


അതും കൊണ്ട് അദ്ദേഹം മൊഹമ്മദ് റാഫിച്ചേട്ടനെ കാണാന്‍ പോയി. റാഫിച്ചേട്ടനാണേല് അന്നു കത്തിക്കേറി അഗ്നികുണ്ഠമായി ഞെരിച്ചു നില്‍‌ക്കണ സമയം.. ജെയിന്‍ ആ പാട്ടങ്ങു കയ്യില്‍ കൊടുത്തു.. (ചിലപ്പോ പാടിക്കൊടുത്തു കാണും.. കഥയില്‍ ചോദ്യം ചോദിക്കുന്നോ.. അടി.. അടി..) പാട്ടു കേട്ടതും അഗ്നികുണ്ഠത്തിനു കുണ്ഠിതമായി.. കണ്ഠത്തില്‍ ശ്വാസം തടഞ്ഞു.. പിന്നെ പൊട്ടിക്കരച്ചിലായി.. എന്നിട്ടു ജെയിന്റെ കാലു പിടിച്ചു പറഞ്ഞു.. "അണ്ണാ... ഈ ജമ്മത്തിലെന്നെക്കൊണ്ടിതു പറ്റത്തില്ല.. ഇനീം നിര്‍‌ബന്ധിച്ചെനിക്കു കോം‌പ്ലെക്സടിപ്പിക്കരുത്.."

ജെയിന്‍ പിന്നെ ഹേമന്ത് ദാ യെ കാണാന്‍ പോയി.. ദാ ഓടിയ വഴി ദോ ദവിട ദിപ്പഴും കാണാം.. "എനിക്കു പേടിയാവുന്നേ" ന്നും പറഞ്ഞാ പുള്ളി ഓടിയത്..


പിന്നാണ് ദാസേട്ടന്‍ വെള്ളുടപ്പും വെള്ള ഷൂസും ചുക്കു വെള്ളവുമായി രം‌ഗത്തെത്തുന്നത്..ആളു ഹിന്ദിക്കാരുടെ മുന്നിലൊക്കെ ഞെളിഞ്ഞു നിന്നു ക്ലാസ്സിക്കലും സെമി ക്ലാസ്സിക്കലുമൊക്കെ തകര്‍‌ക്കുന്ന സമയം.. പോരാഞ്ഞു ജൈന്‍ ദാദ യുടെ സ്വന്തം പുള്ളിയും.."ഇതിങ്ങു തന്നേ.. ജൈന്‍ ദാദാ.. ഒരു മൂന്നു മൂന്നര മിനുട്ട്.. മ്മക്കിതിപ്പോ റെക്കോഡ് ചെയ്ത് രണ്ട് ചുക്കു വെള്ളം ചീയേഴ്സടിച്ചു വീട്ടിപ്പോകാം" ന്നായി ദാസേട്ടന്‍.


ജൈന്‍ ദാദ ഒന്നു ചിരിച്ചു.

പരിപാടി തുടങ്ങി..


സത്യം പറയാല്ലോ.. ചുക്കു വെള്ളം പോയിട്ടു രണ്ടു ദിവസം രണ്ടാളും പച്ച വെള്ളം കുടിച്ചില്ല.. കരിമ്പട്ടിണി..അങ്ങോട്ടൊരു സ്വരമൊക്കുമ്പോ ഇങ്ങോട്ടൊരു സ്വൈരക്കേട്. ഇങ്ങോട്ടൊരു രാഗത്തിന് അങ്ങോട്ടൊരു രാഗേഷ് കുരുത്തക്കേട്.. (കുറുമാഞ്ചേട്ടാ.. ഇതു ഞാനല്ലാ...)

ദിവസം ഒന്നു കഴിഞ്ഞു. എന്തെങ്കിലും ആയോ. ഇല്ല.

പിന്നേം പഠിത്തം തന്നെ പഠിത്തം...

ദിവസം രണ്ട് കഴിഞ്ഞു.

ദിവസം മൂന്നു കഴിഞ്ഞു..

നാലായി..

അപ്പോ ജൈന്‍ ദാദക്കൊരു തോന്നല്‍ .. ഇനിയൊന്നു പാടി നോക്കിപ്പിക്കാം..

പാടി നോക്കി.. എവിടൊക്കാന്‍..??

ടേക്ക് ഒന്നു കഴിഞ്ഞു.. രണ്ടു കഴിഞ്ഞു.. പത്തായി.. ഇരുപതായി.. ഇരുപത്തി രണ്ടായി..

(അയ്യടാ.. ഇരുപത്തി മൂന്നിലോ നാലിലോ ഞാന്‍ വണ്ടിയൊതുക്കുമെന്നു കരുതിയോ.. അതങ്ങു റെഡ്‌സ്റ്റാര്‍ ആര്‍‌ട്സ് സ്പോര്‍‌ട്സ് ക്ലബ്ബിന്റെ ജനറല്‍ ബോഡിക്കു പറഞ്ഞാല്‍ മതി..)

മുപ്പത്.. നാല്പ്പത്.. അമ്പത്..എവിടെ, പറ്റുന്നില്ല


അവസാനം ആറാം ദിവസം പരിപാടി നിര്‍‌ത്തിയപ്പോമൊത്തം 59 ടേക്ക്..


പാടിക്കഴിഞ്ഞിട്ടു രണ്ടാളും എന്തു ചെയ്തെന്നറിയോ..?വെള്ള ഷൂസും വെള്ള ഡ്രസ്സും അതിന്റെ ഉള്ളിലെ പുള്ളിയും കൂടെ ആ പാവം ജൈന്‍ ദാദയും ഒരു വെള്ള ആം‌ബുലന്‍സില്‍ കേറി പോയി..രണ്ടാള്‍‌ക്കും സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ഡിസൂസ.. സ്ട്രെസ്സ്..!!

(ദാസേട്ടനൊരു പാട്ടു പഠിക്കാന്‍ 30 മിനിട്ടു മതീന്നാ ബാക്കി സം‌ഗീതക്കാരൊക്കെ പറയുന്നേ.. അസൂയ കൊണ്ടു പറയുന്നതാവും അല്ലേ..?)


എന്നിട്ടോ.. പണ്ടാറം പടം റിലീസും ചെയ്തില്ല.. പാട്ടുമിറങ്ങീല..നിധി കാക്കുന്ന ഭൂതം പോലെ ആകാശവാണി മാത്രം വിവിധ ഭാരതി മറിയാമ്മ അയിഷക്കുട്ടി പ്രോഗ്രാമ്മില്‍ അതിടക്കിടക്കിടും..


കാസറ്റും റിലീസ് ചെയ്തില്ല. അതിനാല്‍ ഈ അദ്ധാനത്തിന്റെ ഫലം നമ്മള്‍ക്ക് കേള്‍ക്കാന്‍ പറ്റിയില്ല. ഇന്ന് ഈ പാട്ട് ഞങ്ങളുടെ അറിവ് വെച്ച് ആകാശവാണിയുടെ വിവിധ് ഭാരതിയില്‍ മാത്രം ആണ് ഉള്ളത്. വിവിധഭാരതിയില്‍ ഈ പാട്ട് വന്നപ്പോള്‍ ആരോ റെക്കാര്‍ഡ് ചെയ്ത് (അതിന്റെ രണ്ട് മിനിട്ട് മാത്രം) അത് നെറ്റില്‍ ഏതോ ഫോറത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. അവിടെ നിന്നാണ് എന്റെ ഒരു സുഹൃത്ത് വഴി എനിക്ക് ഇതിന്റെ 2 മിനിട്ട് വേര്‍ഷന്‍ ലഭിച്ചു.

സുരലോഗത്തിന്റെ പോസ്റ്റും ലിങ്കും കണ്ടപ്പോള്‍ ഞന്‍ സന്തോഷിച്ചു. പാട്ട് മൊത്തം കേള്‍ക്കാലൊ എന്ന് ആലോചിച്ച്. പക്ഷെ അതും റേഡിയോയില്‍ നിന്നുള്ള 2 മിനിട്ട് വേര്‍ഷന്‍ തന്നെ.
ഈ രണ്ട് മിനിറ്റ് സേമ്പിള്‍ ഈ പാട്ട് ഇതു വരെ കേള്‍ക്കാത്തവര്‍ക്കായി ഓഡിയോ പ്ലെയറിലേക്ക് അപ്‌ലോഡ് ചെയ്ത് വച്ചിരിക്കുന്നു. കോപ്പി റൈറ്റ് വയലെഷന്‍ ഒക്കെ വരുന്നതിനു മുന്‍പ് ഇതു എല്ലവരും ഒന്ന് കേട്ടോ. താമസിയാതെ ഈ ലിങ്ക് മാറ്റും.





powered by ODEO



ഡീറ്റൈല്‍സ് ദാ ഒന്നും കൂടെ താഴെയുണ്ട്..


പടം : താന്‍സന്‍ (റിലീസ് ചെയ്തിട്ടില്ല)

നിര്‍മ്മാണം: രാജശ്രീ പ്രൊഡക്ഷ്ന്‍‌സ് (മേം നേ പ്യാര്‍ കിയാ, ദില്‍ വാലെ ദുല്‍ഹനി..... വിവാഹ്, തുടങ്ങിയ പടങ്ങള്‍ ഇറക്കിയ അതേ നിര്‍മ്മാണ കമ്പനി തന്നെ)

സം‌ഗീത സം‌വിധാനം : രവീന്ദ്ര ജെയിന്‍

പാടിയത് : യേശുദാസ്

കാലം :1979 ആണെന്നു തോന്നുന്നു

പാട്ട് : ഷടജനേ പായ യേ വര്‍ദ്ധാന്‍ (15 മിനുട്ട് ഉണ്ട് പാട്ട്)


അതാണു കാര്യം.. കാര്യമെന്തായാലും കാര്‍‌ത്ത്യാനിക്കുട്ടിക്കു കമ്മലു വേണം.. എനിക്കിപ്പോ പാട്ടു വേണം... കൊണ്ടു വന്നു തരുന്നവര്‍‌ക്കു രണ്ടു പോപ്പിന്‍സ് കവറു പൊട്ടിക്കാതെ തരാം.. എവിടെ കിട്ടുമെന്നു ബിബരം തരുന്നവര്‍‌ക്കു പൊട്ടിച്ച പോപ്പിന്‍സ് (വയലറ്റ് കളറ് - പച്ചേം മഞ്ഞേം ഞാനെടുക്കും.)


എങ്ങിനേലും ബാക്കി ഒപ്പിച്ചു തരണം..

ആകാശവാണിയിലെ ആരേലും പരിചയമുണ്ടെങ്കില്‍ അങ്ങിനെയോ വേറെ ഏതേലും വഴിയോ..

എനിക്കിതു കേള്‍ക്കാതെ ജീവിക്കാന്‍ മേലാ.. എന്റെ ജീവന്‍ ഇപ്പോ നിങ്ങളുടെ കയ്യിലാ..



ഈ പാട്ടിനെ കുറിച്ച് പറയുമ്പോഴൊക്കെ പലരും എടുത്തു പറയുന്ന ഒന്നാണ്.
The song from Tansen composed by Ravindra Jain spans FULL THREE OCTAVES and it is intensely classical.


സംഗീതം അറിയാത്ത എനിക്ക് (ഷിജു) ഇതു എന്തു കുന്തമാണെന്ന് അറിയില്ലെങ്കിലും ഇതു ഭയങ്കരം ആയിരിക്കും അല്ലെ. :)

ഈ പാട്ട് ദാസേട്ടന്‍ പല കച്ചേരികള്‍ക്കും പാടാരുണ്ടെന്ന് കേട്ടിട്ടുണ്ട്.


അനുബന്ധം


ഇനി ഈ പാട്ടിനെ കുറിച്ചും യേശുദാസും രവീന്ദ്ര ജയിനും തമ്മിലുള്ള സംഗീത ബന്ധത്തെ കുറിച്ചും പറയുന്ന ചില വാര്‍ത്തകള്‍ :

1. The raga of friendship - യേശുദാസും രവീന്ദ്രജയിനും ഈ അടുത്ത് ചെന്നെയില്‍ വച്ച് കണ്ട (?)തിനെ കുറിച്ച് ഹിന്ദുവില്‍ വന്ന വാര്‍ത്ത. http://www.hindu.com/thehindu/mp/2007/04/10/stories/2007041000830100.htm



2. http://www.tribuneindia.com/2005/20051015/saturday/main1.htm



3. http://www.themusicmagazine.com/yesudas60.html

4. ദാസേട്ടന്‍ തന്നെ തന്റെ പല ഇന്റര്‍വ്യൂവിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ ഹിന്ദി ഗാനം ഇതാണെന്ന് പറഞ്ഞിട്ടുണ്ട്.



5. http://www.studio-systems.com/Playback&Fastforward/PlayBack/1988/October/47oct.htm

11 April, 2007

നക്ഷത്രങ്ങളുടെ ഊര്‍ജ്ജ ഉല്‌പാദനം - ഭാഗം രണ്ട്

കഴിഞ്ഞ പോസ്റ്റില്‍ നിന്നു Nuclear fusion, Nuclear fission എന്നിവ വഴി എങ്ങനെയാണ് ഊര്‍ജ്ജം ഉണ്ടാവുക എന്നു നമ്മള്‍ മനസ്സിലാക്കി. ഈ ലേഖനത്തില്‍ അണുസംയോജനപ്രക്രിയ (Nuclear fusion) വഴി നക്ഷത്രങ്ങള്‍ ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നതിന്റെ വിവിധ പ്രക്രിയകള്‍ പരിചയപ്പെടുത്തുന്നു. ഏറ്റവും പ്രധാനപ്പെട്ട പ്രക്രിയകളെ മാത്രമേ ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നുള്ളൂ. പിന്നീട് ഏതെങ്കിലും ലേഖനത്തില്‍ ആവശ്യം വരികയാണെങ്കില്‍ മറ്റുള്ള പ്രക്രിയകളേയും പരിചയപ്പെടുത്താം. നക്ഷത്രങ്ങളില്‍ മാത്രമല്ല അണുസംയോജനം മൂലം ഉയര്‍ന്ന മൂലകങ്ങള്‍ ഉണ്ടായത്. മഹാസ്ഫോടന സിദ്ധാന്ത (Bigbang theory) പ്രകാരം പ്രപഞ്ചത്തിന്റെ ആദിമ മണിക്കൂറുകളില്‍ അണുസംയോജനം മൂലം ലിത്തിയം വരെയുള്ള മൂലകങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആദിമപ്രപഞ്ചത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ ഇടുമ്പോള്‍ വിശദീകരിക്കാം. ഈ പോസ്റ്റില്‍ നക്ഷത്രങ്ങളില്‍ അണുസംയോജനം വഴി ഉയര്‍ന്ന മൂലകങ്ങള്‍ ഉണ്ടാകുന്നതും അതോടൊപ്പം ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നതിനെ കുറിച്ചും പ്രദിപാദിക്കുന്നു.

നക്ഷത്രങ്ങളില്‍ ഉള്ള ഹൈഡ്രജന്റെ ഭീമമായ അളവ് എങ്ങനെയാണ് ഹൈഡ്രജന്‍ മറ്റു ഉയര്‍ന്ന മൂലകങ്ങള്‍ ആയി മാറുന്നത് എന്നത് അന്വേഷിക്കാന്‍ ശാസ്ത്രജ്ഞന്മാരെ പ്രേരിപ്പിച്ചു. ആദ്യം രാസപ്രക്രിയ (Chemical reaction), ഗുരുത്വസങ്കോചം (Gravitational contraction) ഒക്കെ ആണ് നക്ഷത്രങ്ങളുടെ ഊര്‍ജ്ജത്തിനു പിന്നിലെന്നു കരുതിയിരുന്നത്. എന്നാല്‍ ഇപ്രകാരം കിട്ടുന്ന ഊര്‍ജ്ജത്തിന്റെ അളവ് വളരെ കുറവാണ് എന്നതു പുതിയ സിദ്ധാന്തങ്ങള്‍ രൂപീകരിക്കാന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചു. അങ്ങനെയാണ് അണുസംയോജനം എന്ന പ്രക്രിയ ആയിരിക്കാം നക്ഷത്രങ്ങളുടെ ഊര്‍ജ്ജത്തിനു പിന്നിലെ ശക്തി എന്നുള്ള സിദ്ധാന്തത്തിലേക്കു വഴിതെളിച്ചത്. ഈ സിദ്ധാന്തം ശരിയാണെന്ന് പിന്നിടു പരീക്ഷണങ്ങളിലൂടെ ശാസ്ത്രജ്ഞന്മാര്‍ ഉറപ്പാക്കുകയും ചെയ്തു. ഹൈഡ്രജന്‍ അണുക്കള്‍ അണുസംയോജനം വഴി ഹീലിയം അണുവായി മാറുന്ന രണ്ട് പ്രക്രിയകള്‍ കൂടുതല്‍ ശ്രദ്ധ നേടി. അത് താഴെ പറയുന്നവ ആണ്.

  1. Proton-Proton chain
  2. CNO Cycle

ആദ്യത്തെ പ്രക്രിയ വഴി ആണ് സൂര്യനെ പോലുള്ള ലഘു നക്ഷത്രങ്ങള്‍ ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നത്. രണ്ടാമത്തേത് കുറച്ചു കൂടി ഉയര്‍ന്ന താപനില ഉള്ള ഭീമന്‍ നക്ഷത്രങ്ങളില്‍ നടക്കുന്നതാണ്. രണ്ട് പ്രക്രിയകളുടേയും അവസാനം കിട്ടുന്ന ആകമാന ഫലം ഒന്നാണ്. അതയത് 4 ഹൈഡ്രജന്‍ അണുകേന്ദ്രങ്ങള്‍ സംയോജിച്ച് ഒരു ഹീലിയം അണുകേന്ദ്രം ഉണ്ടാകുന്നു. അതോടൊപ്പം വളരെ ചെറിയ അളവില്‍ ഉള്ള ദ്രവ്യം ഊര്‍ജ്ജം ആയി മാറുന്നു. അതോടൊപ്പം ന്യൂടിനോ പോലുള്ള കണികകളേയും പുറത്തു വിടുന്നു.

നമുക്ക് ഈ പ്രക്രിയകളുടെ വിശദാംശങ്ങളിലേക്ക് കടക്കാം.

1. Proton- Proton Chain

സൂര്യന്റെ ദ്രവ്യമാ‍നത്തോട് അടുത്ത നക്ഷത്രങ്ങള്‍ ആണ് ഇത്തരത്തില്‍ ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നത്.ആര്‍തര്‍ എഡിങ്ങടണ്‍ എന്ന വിശ്രുത ശാസ്ത്രജ്ഞനാണ് Proton- Proton Chain വഴി ആണ് ലഘു നക്ഷത്രങ്ങള്‍ ഊര്‍ജ്ജ ഉല്പാദനം നടത്തുക എന്ന് സിദ്ധാന്തിച്ചത്. ജോര്‍Proton- Proton Chain-നു മൂന്നു ശാഖകള്‍ ഉണ്ട്.

ഇതിന്റെ പ്രാഥമിക ശാഖയ്ക്ക് PPI എന്നു പറയുന്നു. ഈ ശാഖ വഴിയാണ് സൂര്യന്റെ ഊര്‍ജ്ജത്തിന്റെ 85%-നവും ഉല്പാദിപ്പിക്കുന്നത്. ഇതു മൂന്ന് പടികളായാണ് സംഭവിക്കുന്നത്.



1H + 1H ---------> 2H + e+ + νe -------------(1)
2H + 1H ---------> 3He + γ -----------------(2)
3He + 3H ---------> 4He + 21H ------------ (3)

------------------------------------------------------
41H + 3H ---------> 4He + 2γ + 2e+e

മൂന്നാമത്തെ റിയാക്ഷന്‍ നടക്കണം എങ്കില്‍ ഒന്നാമത്തേയും രണ്ടാമത്തേയും റിയാക്ഷന്‍ രണ്ട് പ്രാവശ്യം നടക്കണം.

ഈ പ്രക്രിയയില്‍ ഒന്നാമത്തെ റിയാക്ഷനില്‍ 2 പ്രോട്ടോണുകള്‍ കൂടി ചേര്‍ന്നു ഒരു ഡ്യൂട്രോണ്‍ ഉണ്ടാവുന്നു. അതോടൊപ്പം ഒരു പോസിട്രോണും ഒരു ന്യൂട്രിനോയും ഉണ്ടാവുന്നു.

രണ്ടാമത്തെ റിയാക്ഷനില്‍ ഒന്നാമത്തെ റിയാക്ഷനില്‍ ഉണ്ടായ ഡ്യൂട്രോണ്‍ ഒരു പ്രോട്ടോണുമായി ചേര്‍ന്നു ഹീലിയത്തിന്റെ ഒരു ഐസോടോപ്പ് ആയ 3He ഉണ്ടാകുന്നു. അതോടൊപ്പം γ കിരണങ്ങളുടെ രൂപത്തില്‍ ഊര്‍ജ്ജ ഫോട്ടോണും ഉണ്ടാകുന്നു. മൂന്നാമത്തെ റിയാക്ഷനില്‍ രണ്ട് 3He അണുകേന്ദ്രങ്ങള്‍ സംയോജിച്ച് ഒരു 4He ഹീലിയം അണുകേന്ദ്രം ഉണ്ടാകുന്നു. അതോടൊപ്പം 2 പ്രോട്ടോണുകളും പുറത്ത് വരുന്നു.

ഓരോ 3He അണുകേന്ദ്രവും ഉണ്ടാകുന്നത് മൂന്ന് 1H അണുകേന്ദ്രങ്ങളില്‍ നിന്നാണ്. അതിനാല്‍ PPI പ്രക്രിയകളില്‍ മൊത്തം 61H അണുകേന്ദ്രങ്ങള്‍ ഉപയോഗിച്ചാണ് ഒരു 4He അണുകേന്ദ്രം ഉണ്ടാക്കുന്നത്. പക്ഷെ അവസാനം ഈ പ്രക്രിയയില്‍ രണ്ട് 1H ഉണ്ടാവുന്നുണ്ട്. അതിനാല്‍ ഈ പ്രക്രിയയുടെ ആകമാന ഫലം 4 ഹൈഡ്രജന്‍ അണുക്കള്‍ സംയോജിച്ച് ഒരു ഹീലിയം അണുകേന്ദ്രം ഉണ്ടായി അതോടൊപ്പം ഊര്‍ജ്ജവും പുറത്തു വിടുന്നു എന്നാകുന്നു.

മുകളില്‍ പറഞ്ഞ പ്രക്രിയകളുടെ സംക്ഷിപ്തം ചിത്ര രൂപത്തില്‍.
ചിത്രത്തിനു കടപ്പാട്: http://www.csiro.au/

ഇപ്പോള്‍ നമ്മള്‍ മനസ്സിലാക്കിയ PPI എന്ന ശാഖ കൂടാതെ Proton- Proton Chain-നിനു PPII, PPIII എന്നിങ്ങനെ രണ്ട് തരം ശാഖകള്‍ കൂടി ഉണ്ട്. വിശദാംശങ്ങളിലേക്ക് പോകാതെ അതിനേയും താഴെ പരിചയപ്പെടുത്തുന്നു.

PPII ശാഖ

സൂര്യന്റെ ഊര്‍ജ്ജോല്പാദനത്തിന്റെ ഏതാണ്ട് 15% ശതമാനം വരുന്നത് ഈ ശാഖവഴിയാണ്. ഈ ശാഖയില്‍ താല്ക്കാലികമായി Beryllium (Be)-യും Lithium(Li)-യും നിര്‍മ്മിക്കപ്പെടുന്നു.




3He + 4He ---------> 7Be + γ
7Be + e- ---------> 7Li + νe
7Li + 1H ---------> 4He + 4He


PPIII ശാഖ

സൂര്യന്റെ ഊര്‍ജ്ജത്തിന്റെ ഏതാണ്ട് 0.02 % നിര്‍മ്മിക്കപ്പെടുന്നത് ഈ പ്രക്രിയ വഴി ആണ്.
ഈ പ്രക്രിയയുടെ വിവിധ റിയാക്ഷനുകള്‍ താഴെ




3He + 4He ---------> 7Be + γ
3Be + 1H ---------> 8B + γ

8B ---------> 8Be + νe + e+
8Be --------->4He + 4He



PPII ശാഖയും PPIII ശാഖയും സൂര്യന്റെ തേജസ്സിലേക്ക് വളരെ ചെറിയ ഒരു ഘടകം മാത്രമേ സംഭാവന നല്‍കുന്നുള്ളൂ എങ്കിലും ഈ ശാഖ വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഈ ശാഖകള്‍ വ്യത്യസ്ത ഊര്‍ജ്ജം ഉള്ള ന്യൂട്രിനോകളെ ഉണ്ടാക്കും. ഈ വ്യത്യസ്ത ഊര്‍ജ്ജം ഉള്ള ന്യൂട്രിണോകളാണ് നക്ഷത്രങ്ങളുടെ ഊര്‍ജ്ജോല്പാദനത്തെകുറിച്ച് ഉള്ള തെളിവുകള്‍ തരുന്നത്. അതിന്റെ വിശാംശങ്ങളുമായി താമസിയാതെ വേറെ ഒരു പോസ്റ്റ് ഇടാം.

2. CNO Cycle

കാമ്പിലെ താപനില 16 X 107 K യിലും അധികം ഉള്ള ഭീമന്‍ താരങ്ങളില്‍ ആണ് CNO Cycle വഴി ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നത്. ഈ പ്രക്രിയയില്‍ കാര്‍ബണ്‍ ഒരു ഉത്പ്രേരകം ആയി വര്‍ത്തിക്കുന്നു. ഈ പ്രക്രിയ 1939-ല്‍ ഹാന്‍സ് ബെഥെ എന്ന വിശ്രുത ശാസ്ത്രജ്ഞന്‍ ആണ് കണ്ടെത്തിയത്. കാര്‍ബണ്‍ (C) അണുമര്‍മ്മം ഒരു പ്രോട്ടോണിനെ ആവാഹിച്ച് വിവിധ പ്രക്രിയകളുടെ അവസാനം ഹീലിയം അണുകേന്ദ്രം ഉണ്ടാക്കുന്നു. ഈ പ്രകിയകളുടെ ഇടയ്ക്ക് നൈട്രജനും (N) ഓക്സിജനും (O) ഒക്കെ ഉണ്ടാവുന്നു. അതു കൊണ്ടു ഈ പ്രക്രിയയയെ CNO Cycle എന്നു പറയുന്നു. CNO Cycle -ലെ ആറു റിയാക്ഷനുകള്‍ താഴെ പറയുന്നവ ആണ്.



6C12 + 1H1 ---------> 7N13 + γ

7N13 ---------> 6C13 + e+ + νe

6C13 + 1H1 ---------> 7N14 + γ
7N14 + 1H1 ---------> 8O15 + γ

8O15 ---------> 7N15 + e+ + νe

7N15 + 1H1 ---------> 6C12 + 2He4

മുകളിലെ പ്രക്രിയയുടെ ആകെ തുക ഇതാണ്. 4 ഹൈഡ്രജന്‍ അണുകേന്ദ്രങ്ങള്‍ സംയോജിച്ച് ഒരു ഹീലിയം അണുകേന്ദ്രം ഉണ്ടാകുന്നു. ഒപ്പം ഊര്‍ജ്ജവും ന്യൂട്രിനോകളും പുറത്തു വരുന്നു. ഈ പ്രക്രിയകളുടെ അവസാനം കാര്‍ബണ്‍ തിരിച്ചു കിട്ടുന്നു. അതിനാല്‍ അത് തുടര്‍ച്ചയായി ഉപയോഗിക്കപ്പെടുന്നു.

CNO Cycle- ചിത്ര രൂപത്തില്‍.
ചിത്രത്തിനു കടപ്പാട്: വിക്കിപ്പീഡിയ

പക്ഷെ ഈ പ്രക്രിയ പ്രകാരം ഉല്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജം PP Chain -നില്‍ നിന്നു പുറത്തു വരുന്ന ഊര്‍ജ്ജത്തേക്കാള്‍ കുറച്ച് കുറവ് ആണ്. അതിനു കാരണം ഊര്‍ജ്ജത്തിന്റെ ഒരു ഭാഗം ന്യൂട്രിനോകള്‍ കൊണ്ടു പോകുന്നു എന്നതാണ്.

മുകളില്‍ പരിചയപ്പെടുത്തിയതു കൂടാതെ Triple-alpha process തുടങ്ങി വേറെ പല പ്രക്രിയകളും ഉണ്ട്. പക്ഷെ അതൊക്കെ വളരെയധികം ഉന്നതമായ തപനിലയില്‍ വളരെ അത്യപൂര്‍വ്വമായി മാത്രം നടക്കുന്നതാണ്. അതിനാല്‍ അതിലേക്ക് നമ്മള്‍ കടക്കുന്നില്ല. ഈ പ്രക്രിയകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍‌പര്യം ഉള്ളവര്‍ വിക്കിയിലെ ഈ ലേഖനവും ലേഖനത്തിന്റെ വശത്ത് ഉള്ള വിവിധ അണുസംയോജന പ്രക്രിയകളുടെ ലിങ്കുകള്‍ പിന്തുടര്‍ന്നാല്‍ കിട്ടുന്ന ലേഖനങ്ങളും വായിക്കുക. അടുത്ത പോസ്റ്റില്‍ ന്യൂട്രിനോ എന്ന അടിസ്ഥാന കണികയെ പരിചയപ്പെടുത്താം.

സൂര്യനെ പോലുള്ള നക്ഷത്രങ്ങളില്‍ Proton-proton chain reaction വഴിയാണ് അതിന്റെ ഊര്‍ജ്ജത്തിന്റെ സിംഹഭാഗവും ഉല്പാദിപ്പിക്കുന്നത്. വളരെ പ്രധാനപ്പെട്ട പ്രക്രിയകളെ മാത്രം പരിചയപ്പെടുത്തുക എന്നതായിരുന്നു ഈ പോസ്റ്റിന്റെ ഉദ്ദേശം. അതിനു സാധിച്ചു എന്നു കരുതട്ടെ.

ജ്യോതിശാസ്ത്ര ബ്ലോഗിലെ നക്ഷത്രങ്ങളുടെ ജീവചരിത്രം - ഭാഗം III- മുഖ്യധാരാ ദശഎന്ന പോസ്റ്റിനു അനുബന്ധമായി എങ്ങനെയാണ് നക്ഷത്രങ്ങള്‍ ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നത് എന്നു വിശദീകരിക്കുന്നതിനാണ്, ഈ ബ്ലോഗില്‍ കഴിഞ്ഞ രണ്ട് പോസ്റ്റ് ഇട്ടത്. അത് വിശദീകരിക്കുവാന്‍ കഴിഞ്ഞ രണ്ട് പോസ്റ്റുകള്‍ കൊണ്ടു കഴിഞ്ഞു എന്നു വിശ്വസിക്കട്ടെ.

നക്ഷത്രങ്ങളില്‍ ഏത് തരം അണുസംയോജനം ആണു നടക്കുന്നത് എന്നു മനഃസ്സില്ലാക്കാന്‍ നമ്മെ സഹയിക്കുന്നത് അതില്‍ നിന്നു വരുന്ന ന്യൂട്രിനോകള്‍ ആണ്. ഓരോ അണുസംയോജന പ്രക്രിയകളും പുറത്തു വിടുന്ന ന്യൂട്രിനോകളുടെ തരവും ഊര്‍ജ്ജവും വ്യത്യസ്ഥമാണ്. അപ്പോള്‍ ന്യൂട്രിനോകളെ പഠിച്ചാല്‍ നക്ഷ്ത്രത്തില്‍ നടക്കുന്ന അണുസംയോജന പ്രക്രിയകളെകുറിച്ച് നമുക്ക് മനഃസ്സിലാക്കാം. അടുത്ത പോസ്റ്റില്‍ ന്യൂട്രിനോ എന്ന അടിസ്ഥാന കണികയെ പരിചയപ്പെടുത്താം.

07 March, 2007

അണുസംയോജനവും നക്ഷത്രങ്ങളുടെ ഊര്‍ജ്ജ ഉല്‌പാദനവും

ജ്യോതി ശാസ്ത്രബ്ലോഗിലെ “നക്ഷത്രങ്ങളുടെ ജീവചരിത്രം - ഭാഗം III- മുഖ്യധാരാ ദശ“ എന്ന പോസ്റ്റിനു ഒരു ചെറു അനുബന്ധമായി, അണുസംയോജന പ്രക്രിയകളെ കുറിച്ച് എഴുതി തുടങ്ങിയതാണ് ഈ പോസ്റ്റ്. പക്ഷെ എഴുതി തുടങ്ങിയപ്പോള്‍ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളുടെ ബാഹുല്യം നിമിത്തം ഇത് ഒരു അനുബന്ധത്തില്‍ പോയിട്ട് ഒരു പോസ്റ്റില്‍ പോലും ഒതുങ്ങുകയില്ല എന്നു മനസ്സിലായി. അതിനാല്‍ ഇതു വരെ എഴുതി വന്നതൊക്കെ ഒരു പോസ്റ്റായി ഇവിടെ ഇടുന്നു. അണുസംയോജനത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ തുടരുന്നതായിരിക്കും

കല്ലേച്ചിയുടെ ചോദ്യം‍

എഴുതി വന്നപ്പോള്‍ കല്ലേച്ചി കഴിഞ്ഞ പോസ്റ്റിന്റെ കമെന്റില്‍ ചോദിച്ച ചില ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടതായി വരും, അതില്‍ നിന്നു തന്നെ നമുക്കു തുടങ്ങാം. അദ്ദേഹം ചോദിച്ച ഒരു ചോദിച്ച ഒരു ചോദ്യം ഇതാണ്.

സംശയം നമ്പര്‍ 1

ഇവിടെ പ്ലാസ്മാവസ്തയില്‍ ഇലക്ട്രോണുകള്‍ വേര്‍പെട്ട ഹൈഡ്രജന്റെ പ്രോട്ടോണുകള്‍ പരസ്പരം കൂടിയോജിച്ച്‌ ഹീലിയമാകുന്നതിന്‌ എന്ത്‌ ശക്തിയാണ്‌ ഉപയോഗിക്കുന്നത്‌? കാരണം, രണ്ട്‌ പ്രോട്ടോണുകള്‍ കൂടിച്ചേരുന്നതില്‍ അവയിലെ സമാന ബലങ്ങള്‍ (പോസിറ്റീവ്‌) തടയില്ലേ? സമാന ബലങ്ങള്‍ വികര്‍ഷിക്കുന്നു എന്നാണല്ലോ പാഠം. ഈ ബലങ്ങളെ അതിജയിക്കാന്‍ കേവലം ഗുരുത്വാകര്‍ഷണത്തിനാകുമോ? ബലങ്ങള്‍ എന്നുപയോഗിച്ചത്‌, ന്യൂക്ലിയര്‍ അതിബലവും വിദ്യുത്‌കാന്തിക ബലവും ചേര്‍ത്താണ്‌.

ഇതിനുള്ള ഉത്തരം എന്താണെന്നു നമുക്കൊന്ന് നോക്കാം. അണുവിന്റെ ഘടന നമ്മള്‍ ചെറിയ ക്ലാസ്സുകളില്‍ നിന്നു പഠിച്ചിട്ടുണ്ട്. പ്രോട്ടോണും ന്യൂട്രോണും ഉള്ള അണു കേന്ദ്രം. അതിനു ചുറ്റും കറങ്ങുന്ന ഇലക്‌ട്രോണ്‍. ഇതാണല്ലോ അണുവിന്റെ ഏറ്റവും ലളിതമായ ഘടന. ഇലക്‌ട്രോണിനു ഋണ ചാര്‍ജ്ജ് (negative charge) ആണ് ഉള്ളതെന്നും, പ്രോട്ടോണിനു ധന ചാര്‍ജ്ജ് (positive charge) ആണെന്നും, ന്യൂട്രോണിനു ചാര്‍ജ്ജ് ഒന്നും ഇല്ല എന്നും നമ്മള്‍ക്ക് അറിയാം.

ഇനി നമ്മള്‍ പഠിച്ചു കൊണ്ടിരിക്കുന്ന നക്ഷത്രത്തിന്റെ കാര്യം എടുത്താല്‍ അത്യധികം ഉയര്‍ന്ന താപനില കാരണം അവിടെ അണുക്കള്‍ ഒക്കെ അയണീകൃതമാകും എന്ന് നമുക്ക് അറിയാം. അതായത് നക്ഷത്രം പദാര്‍ത്ഥത്തിന്റെ നാലാമത്തെ അവസ്ഥയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അണുവില്‍ നിന്നു വേര്‍പ്പെട്ട ഋണ ചാര്‍ജ്ജുള്ള ഇലക്‌ട്രോണിന്റെ കടലില്‍ ഒഴുകി നടക്കുന്ന ധന ചാര്‍ജ്ജുള്ള അണുകേന്ദ്രങ്ങള്‍. അണുകേന്ദ്രത്തില്‍ പ്രോട്ടോണും ന്യൂട്രോണുമാണ് ഉള്ളത്. പ്രോട്ടോണിന്റെ എണ്ണം Z എന്ന അക്ഷരം കൊണ്ടും ന്യൂട്രോണിന്റെ എണ്ണം N എന്ന അക്ഷരം കൊണ്ടും സൂചിപ്പിക്കുന്നു. പ്രോട്ടോന്റേയും ന്യൂട്രോണിന്റേയും ആകെ എണ്ണത്തെ mass number എന്നു പറയുന്നു. അതിനെ A എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. അതായത് A= Z + N

ഒരു സാധാരണ നക്ഷത്രത്തിന്റെ വ്യാപ്‌തത്തിന്റെ സിംഹഭാഗവും ഹൈഡ്രജന്‍ അണുക്കള്‍ ആയിരിക്കും എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. അപ്പോള്‍ അവിടെ അണുകേന്ദ്രം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഹൈഡ്രജന്‍ അണുകേന്ദ്രങ്ങള്‍ ആണ്. ഹൈഡ്രജന്‍ അണുകേന്ദ്രം എന്നാല്‍ ഒരു പ്രോട്ടോണ്‍ ആണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.

പ്രപഞ്ചത്തില്‍ നാല് അടിസ്ഥാന ബലങ്ങളാണ് ഉള്ളത് എന്ന് നമ്മള്‍ കേട്ടിട്ടുണ്ടല്ലോ. അത് താഴെ പറയുന്നവ ആണ്.

  1. ഗുരുത്വാകര്‍ഷണ ബലം (Gravitational force)
  2. വിദ്യുത്കാന്തിക ബലം (Electromagentic force)
  3. ദുര്‍ബ്ബല ന്യൂക്ലിയര്‍ ബലം (Weak nuclear force)
  4. തീവ്ര ന്യൂക്ലിയര്‍ ബലം (Strong Nuclear force)

ജ്യോതിശാസ്ത്രബ്ലോഗില്‍ ആദിമ പ്രപഞ്ചത്തെ കുറിച്ച് പഠിക്കുമ്പോള്‍ വിവിധബലങ്ങളെ കുറിച്ച് വളരെ വിശദമായി പഠിക്കുന്നതായിരിക്കും. ഇപ്പോള്‍ നമ്മുടെ ഈ വിഷയത്തിന്റെ ആവശ്യത്തിനു കല്ലേച്ചിയുടെ ചോദ്യത്തിലേക്ക് വരാം.

കല്ലേച്ചിയുടെ ചോദ്യത്തിനുള്ള ഉത്തരം

ഇനി കല്ലേച്ചി ചോദിച്ചിരിക്കുന്ന ചോദ്യം നോക്കൂ “രണ്ട്‌ പ്രോട്ടോണുകള്‍ കൂടിച്ചേരുന്നതില്‍ അവയിലെ സമാന ബലങ്ങള്‍ (പോസിറ്റീവ്‌) തടയില്ലേ? സമാന ബലങ്ങള്‍ വികര്‍ഷിക്കുന്നു എന്നാണല്ലോ പാഠം. ഈ ബലങ്ങളെ അതിജയിക്കാന്‍ കേവലം ഗുരുത്വാകര്‍ഷണത്തിനാകുമോ? ബലങ്ങള്‍ എന്നുപയോഗിച്ചത്‌, ന്യൂക്ലിയര്‍ അതിബലവും വിദ്യുത്‌കാന്തിക ബലവും ചേര്‍ത്താണ്‌.

രണ്ട്‌ പ്രോട്ടോണുകള്‍ കൂടിച്ചേരുന്നതില്‍ അവയിലെ സമാന ബലങ്ങള്‍ എന്ന് കല്ലേച്ചി ഉദ്ദേശിച്ചത് സമാന ചാര്‍ജ്ജ് എന്നായിരിക്കും എന്നു കരുതികൊണ്ട് ഇതിന്റെ വിശദീകരണത്തിലേക്ക്.

ഹൈഡ്രജന്‍ അണുകേന്ദ്രത്തില്‍ ഒരു പ്രോട്ടോണ്‍ മാത്രമാണ് ഉള്ളത് എന്ന് നമുക്ക് അറിയാമല്ലോ. പ്രോട്ടോണിനു ധന ചാര്‍ജ്ജ് ആണ് ഉള്ളത് എന്നും നമുക്ക് അറിയാം. ഹീലിയം അണുകേന്ദ്രത്തില്‍ 2 പ്രോട്ടോണാണ് ഉള്ളത്. പക്ഷേ ഒരേ ചാര്‍ജ്ജുള്ള രണ്ട് കണങ്ങള്‍ തമ്മില്‍ വികര്‍ഷിക്കും എന്ന് നമുക്ക് അറിയാമല്ലോ. അപ്പോള്‍ എങ്ങനെയാണ് ഒരേചാര്‍ജ്ജുള്ള രണ്ട് പ്രോട്ടോണുകള്‍ ഹീലിയം അണുകേന്ദ്രത്തില്‍ ഒരുമിച്ചിരിക്കുന്നത്. അത് വികര്‍ഷിച്ച് പോകേണ്ടതല്ലേ?

ഇതിനുള്ള ഉത്തരം വളരെ ലളിതമായി പറയാം. കൂടുതല്‍ സാങ്കേതികതകളിലേക്ക് കടക്കുന്നില്ല. അണുകേന്ദ്രത്തിലെ കണങ്ങളെ കൂട്ടി യോജിപ്പിച്ചു നിര്‍ത്തുന്നത് വിദ്യുത് കാന്തിക ബലം കൊണ്ടോ ഗുരുത്വാകര്‍ഷണ ബലം കൊണ്ടോ അല്ല, മറിച്ച് തീവ്ര ന്യൂക്ലിയര്‍ ബലം കൊണ്ടാണ്.

തീവ്ര ന്യൂക്ലിയര്‍ ബലം

അപ്പോള്‍ അണുകേന്ദ്രത്തില്‍ കണങ്ങളെ യോജിപ്പിച്ച് നിര്‍ത്തുന്നത് തീവ്രന്യൂക്ലിയര്‍ ബലം കൊണ്ടാണെന്നു നമ്മള്‍ മനസ്സിലാക്കി. പക്ഷെ തീവ്ര ന്യൂക്ലിയര്‍ ബലത്തിനു ഒരു കുഴപ്പമുണ്ട്. അത് വളരെ ചെറിയ വ്യാപ്തിയില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഏതാണ്ട് 10-15 m വ്യാപ്തിയില്‍ മാത്രം. അതിപ്പുറത്തേക്ക് അതിനു ശക്തിയില്ല. അതിനാല്‍ രണ്ടു പ്രോട്ടോണുകള്‍ തമ്മില്‍ വികര്‍ഷിച്ചു പോകാതിരിക്കണം എങ്കില്‍ അത് കുറഞ്ഞത് 10-15 m ദൂരത്തേക്ക് എങ്കിലും അത് അടുക്കണം. അങ്ങനെ അടുക്കണം വേണമെങ്കില്‍ കണങ്ങള്‍ അതിവേഗം സഞ്ചരിച്ച് തമ്മില്‍ കൂട്ടിയിടിക്കണം. അതായത് കണങ്ങളുടെ ഗതികോര്‍ജ്ജം ഭീമമായിരിക്കണം. അങ്ങനെ സംഭവിക്കണം എങ്കില്‍ ഉന്നതമായ താപനില വേണം. അതായത് കണങ്ങള്‍ സംയോജിക്കണം എങ്കില്‍ (അതായത് കൂടിചേര്‍ന്ന് ഇരിക്കണം എങ്കില്‍) അതിനു ചേര്‍ന്ന അന്തരീക്ഷവും വേണം. അതിനാല്‍ ഉന്നത താപനിലയുള്ള നക്ഷത്രങ്ങളില്‍ മാത്രമേ ഇങ്ങനെ ഒരു സംയോജനത്തിനു സാധ്യതയുള്ളൂ. ഇനി നമ്മള്‍ ഇപ്പോള്‍ പറഞ്ഞ സിദ്ധാന്തത്തിന്റെ കണ്ടുപിടത്തിലേക്കൊക്കെ വഴിവച്ച ചരിത്രത്തിലേക്ക്.

അണുകേന്ദ്രത്തിന്റെ ദ്രവ്യമാനവും കുറച്ചു ചരിത്രവും

1920-ല്‍ F.W Aston എന്ന ശാസ്ത്രജ്ഞന്‍ നിരവധി അണുക്കളുടെ ദ്രവ്യമാനം വളരെ കൃത്യമായി അളന്നു അതില്‍ പഠനങ്ങള്‍ നടത്തി. അതില്‍ സ്വാഭാവികമായും ഹൈഡ്രജനും ഹീലിയവും ഉണ്ടായിരുന്നു. നാല് ഹൈഡ്രജന്‍ അണുകേന്ദ്രങ്ങളുടെ ദ്രവ്യമാനം എത്രയാണോ അത്രയും ദ്രവ്യമാനം ആയിരിക്കും ഒരു ഹീലിയം അണുകേന്ദ്രത്തിനു ഉണ്ടാവുക എന്ന് അന്നത്തെ അറിവ് വച്ച് ശാസ്ത്രജ്ഞന്മാര്‍ സിദ്ധാന്തിച്ചിരുന്നു.

അണുസംയോജനം നടക്കുമ്പോള്‍ ദ്രവ്യനഷ്ടം ഉണ്ടാകുന്നു

Aston-നെ അത്ഭുതപ്പെടുത്തികൊണ്ട് ഹീലിയം അണുകേന്ദ്രത്തിന്റെ ദ്രവ്യമാനം നാല് ഹൈഡ്രജന്‍ അണുകേന്ദ്രങ്ങളുടെ ദ്രവ്യമാനത്തേക്കാള്‍ അല്‌പം കുറവാണെന്ന് കണ്ടു. ഇതു എന്തുകൊണ്ടാണെന്നു വിശദീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇതിന്റെ വിശദാംശം എന്താണെന്നു നോക്കാം.

പ്രോട്ടോണിന്റെ ദ്രവ്യമാനം = 1.00728 amu (1 amu = 1.6604 X 10 -27 kg ആണ്)

ന്യൂട്രോണിന്റെ ദ്രവ്യമാനം = 1.00866 amu

അപ്പോള്‍ ഒരു പ്രോട്ടോണും ഒരു ന്യൂട്രോണും കൂടിചേര്‍ന്ന് ഉണ്ടാകുന്ന ഡ്യുറ്റീരിയം അണുകേന്ദ്രത്തിന്റെ ദ്രവ്യമാനം 1.00728 amu + 1.00866 amu = 2.01594 amu ആയിരിക്കണം. പക്ഷെ ഡ്യുറ്റീരിയം അണുകേന്ദ്രത്തിന്റെ ദ്രവ്യമാനം അളന്നപ്പോള്‍ അത് 2.01355 amu ആണെന്നാണ് കിട്ടിയത്. അതായത് ഒരു പ്രോട്ടോണും ഒരു ന്യൂട്രോണും ചേര്‍ന്ന് ഡ്യുറ്റീരിയം അണുകേന്ദ്രം ഉണ്ടായപ്പോള്‍ അതിന്റെ ദ്രവ്യമാനത്തില്‍ ഏതാണ്ട് 0.00239 amu (2.01594 amu - 2.01355 amu) ദ്രവ്യം എങ്ങനെയോ നഷ്ടപ്പെട്ടിരിക്കുന്നു.

ഇതേ പോലെ മറ്റു ഉയര്‍ന്ന മൂലകങ്ങള്‍ക്കൊക്കെ ദ്രവ്യനഷ്ടം ഉണ്ടായിട്ടുണ്ട് എന്നു പിന്നീടുള്ള പരീക്ഷണങ്ങള്‍ തെളിയിച്ചു.

ഹീലിയം അണുകേന്ദ്രത്തിന്റെ കാര്യത്തില്‍ ഇത് എത്രയാണെന്ന് നോക്കാം. ഹീലിയം അണുവില്‍ 2 പ്രോട്ടോണും 2 ന്യൂട്രോണും ആണല്ലോ ഉള്ളത്. അതിനാല്‍ , ‍

2 പ്രോട്ടോണിന്റെ ദ്രവ്യമാനം = 2 x 1.00728 amu = 2.01458 amu

2 ന്യൂട്രോണിന്റെ ദ്രവ്യമാനം = 2 x 1.00866 amu = 2.01732 amu

ഇവയുടെ ആകെതുകയായ 4.03190 amu (2.01458 + 2.01732) ആണ് ഹീലിയം അണു കേന്ദ്രത്തിന്റെ ദ്രവ്യമാനം സാധാരണ കണക്കില്‍ വരേണ്ടത്.

പക്ഷെ ഹീലിയം അണുകേന്ദ്രത്തിന്റെ ദ്രവ്യമാനം അളന്നപ്പോള്‍ അത് 4.00150 amu മാത്രമേ ഉള്ളൂ എന്നു കണ്ടു. അതായത് 0.03040 amu (4.03190 amu - 4.00150 amu) ദ്രവ്യം നഷ്ടപ്പെട്ടിരിക്കുന്നു.

ആര്‍തര്‍ ഏഡിങ്ങ്ടന്റെ വിശദീകരണം

ആസ്റ്റന്റെ കണ്ടുപിടുത്തത്തിന്റെ പ്രാധാന്യം ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ ആര്‍തര്‍ ഏഡിങ്ങ്ടന്‍ വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കി. ഹൈഡ്രജന്‍ അണുക്കള്‍ ഹീലിയം അണുക്കളായി മാറ്റുന്ന പ്രക്രിയയിലൂടെ ആണ് സൂര്യന്‍ പ്രകാശിക്കുന്നത് എന്നാണ് ആസ്റ്റണിന്റെ പരീക്ഷണ ഫലങ്ങള്‍ തെളിയിക്കുന്നത് എന്ന് ആ വര്‍ഷം ബ്രിട്ടണില്‍ നടന്ന ഒരു ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ഏഡിങ്ങടന്‍ വാദിച്ചു. ഇങ്ങനെ നഷ്ടപ്പെടുന്ന ദ്രവ്യം ഐന്‍‌സ്റ്റൈന്റെ പ്രശസ്തമായ E = mc2 എന്ന സമവാക്യം വഴി ഊര്‍ജ്ജം ആയി മാറുകയാണ് എന്നു പിന്നീടു മനസ്സിലായി. അണുസംയോജന പ്രക്രിയകളുടെ പിന്നിലുള്ള സങ്കീര്‍ണതകള്‍ ഒന്നും അറിയാതെ ഏഡിങ്ങ്ടന്‍ നടത്തിയ ഈ പ്രവചനം പിന്നീട് ശരിയാണെന്ന് തെളിഞ്ഞു. അത് എന്താണെന്ന് നമുക്ക് നോക്കാം.

ബന്ധനോര്‍ജ്ജം അഥവാ Binding energy

ഡ്യുറ്റീരിയം അണുകേന്ദ്രത്തിന്റെ കാര്യത്തില്‍ നഷ്ടപ്പെട്ട 0.00239 x 1.6604 X 10 -27 x (3 X 108)2 = 0.035715204 X 10 -11 Joules ഊര്‍ജ്ജം ആയി പുറത്തുവന്നു. Joulesനു പകരം കുറച്ച് കൂടി സൌകര്യപ്രദമായ ഒരു ഏകകമാണ് ശാസ്ത്രജ്ഞന്മാര്‍ ഇവിടെ ഉപയോഗിക്കുക. MeV എന്നാണ് ഈ ഏകകത്തിന്റെ പേര്. മുകളില്‍ Joules-ല്‍ ഉള്ള ഊര്‍ജ്ജത്തെ MeV ലേക്ക് മാറ്റിയാല്‍, ഒരു പ്രോട്രോണും ഒരു ന്യൂട്രോണും ചേര്‍ന്ന് ഡ്യുറ്റീരിയം അണുകേന്ദ്രം ഉണ്ടാകുമ്പോള്‍ 2.23 MeV ഊര്‍ജ്ജം പുറത്തുവിടുന്നു എന്നു കാണാം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഡ്യുറ്റീരിയം അണുകേന്ദ്രത്തിലെ പ്രോട്ടോണിനേയും ന്യൂട്രോണിനേയും വേര്‍തിരിക്കണം എങ്കില്‍ 2.23 MeV ഊര്‍ജ്ജം നല്‌കണം. അതായത് 2.23 MeV ഊര്‍ജ്ജം കൊണ്ടാണ് ഈ രണ്ട് കണങ്ങളേയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നത്. പ്രോട്ടോണിനും ന്യൂട്രോണിനും ശരാശരി 1.12 MeV (2.23/2) ക്ക് തുല്യമായ ദ്രവ്യനഷ്ടം സംഭവിച്ചിരിക്കുന്നു. ഇതിനാണ് ബന്ധനോര്‍ജ്ജം അഥവാ Binding energy എന്നു പറയുന്നത്.

ഹീലിയം അണുകേന്ദ്രത്തിന്റെ കാര്യത്തില്‍ ഇത് കണക്കു കൂട്ടിയപ്പോള്‍ അതിന്റെ ശരാശരി ബന്ധനോര്‍ജ്ജം 7.075 MeV ആണെന്നു കണ്ടു. ഇതു ഡ്യുട്ടീരിയത്തിന്റേതിനേക്കാള്‍ വളരെ കൂടുതല്‍ ആണെന്നു കാണാം. മറ്റുചില മൂലകങ്ങളുടെ ബന്ധനോര്‍ജ്ജം ഇനി പറയുന്ന വിധമാണ്. കാര്‍ബണ്‍ = 7.45 MeV, ഓക്സിജന്‍ = 7.67 MeV, കാല്‍‌സിയം = 8.277 MeV, ഇരുമ്പ് = 8.49 MeV, അയഡിന്‍ = 8.295 MeV, ഈയം = 7.541 MeV, യുറേനിയം = 7.245 MeV.

ബന്ധനോര്‍ജ്ജം എന്നതു കൊണ്ട് ഒരു അണുകേന്ദ്രത്തിലെ ഒരു കണത്തിനു അത്രയും ഊര്‍ജ്ജം ഉണ്ട് എന്നല്ല അര്‍ത്ഥം, മറിച്ച് ആ അണുകേന്ദ്രത്തിലെ കണങ്ങളെ അതില്‍ നിന്നു വേര്‍പിരിക്കുവാന്‍ ആ അണുകേന്ദ്രത്തിലെ ഓരോ കണത്തിനും അത്രയും ഊര്‍ജ്ജം നല്‌കണം എന്നാണ് അര്‍ത്ഥം. അതായത് കണങ്ങള്‍ കൂടിചേര്‍ന്നപ്പോള്‍ ഒരു കണത്തിനു ശരാശരി എത്ര ദ്രവ്യം നഷ്ടപ്പെട്ടുവോ ആ ദ്രവ്യത്തിനു തുല്യമായ ഊര്‍ജ്ജം കൊടുക്കണം.

ബന്ധനോര്‍ജ്ജ ഗ്രാഫ്

താഴെ കൊടുത്തിരിക്കുന്ന കൊടുത്തിരിക്കുന്ന ഗ്രാഫ് ശ്രദ്ധിക്കുക. ഇതില്‍ Y-അക്ഷത്തില്‍ അണുകേന്ദ്രത്തിലെ കണത്തിന്റെ ശരാശരി ബന്ധനോര്‍ജ്ജവും X-അക്ഷത്തില്‍ അണുകേന്ദ്രത്തിലെ കണങ്ങളുടെ എണ്ണവും (Atomic mass) കൊടുത്തിരിക്കുന്നു.

ബന്ധനോര്‍ജ്ജ ഗ്രാഫും അണുഭൌതീകവും

ഈ ഗ്രാഫ് വളരെ ന്യൂക്ലിയര്‍ ഫിസിക്സില്‍ വളരെ പ്രാധാന്യം ഉള്ള ഒന്നാണ്. നമ്മുടെ മുന്നോട്ടുള്ള പഠനത്തിനും ആണവോര്‍ജ്ജത്തെ സംബന്ധിച്ചുള്ള സുപ്രധാന വിവരങ്ങളും ഈ ഗ്രാഫ് വഴി നമ്മള്‍ കിട്ടും. ഈ വക്രരേഖയുടെ ഉയര്‍ന്ന ഭാഗങ്ങള്‍ കൂടിയ ബന്ധനോര്‍ജ്ജത്തെ കാണിക്കുന്നു. ബന്ധനോര്‍ജ്ജം കൂടുതലുള്ള മൂലകങ്ങളിലെ അണുകേന്ദ്രത്തില്‍ കണങ്ങള്‍ തീവ്രമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണര്‍ത്ഥം. അതായത് ആ അണു കൂടുതല്‍ സ്ഥിരത ഉള്ളതായിരിക്കും എന്നര്‍ത്ഥം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇത്തരം അണുകേന്ദ്രങ്ങളിലെ കണങ്ങളിലെ വേര്‍പെടുത്താന്‍ കൂടുതല്‍ ഊര്‍ജ്ജം നല്‌കണം എന്നര്‍ത്ഥം. ഇനി ഇതുതന്നെ വേറൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ വക്രരേഖയില്‍ താഴെ കിടക്കുന്ന അണുകേന്ദ്രങ്ങളിലെ കണങ്ങള്‍ താരതമ്യേനെ ദുര്‍ബ്ബലമായിട്ടാണ് അണുകേന്ദ്രത്തില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നത് എന്നും അതിനാല്‍ അത്തരം അണുകേന്ദ്രങ്ങളിലെ കണങ്ങളെ വേര്‍പെടുത്താന്‍ കുറഞ്ഞ ഊര്‍ജ്ജം നല്‌കിയാല്‍ മതി എന്ന് പറയാം.

നമ്മള്‍ മുകളില്‍ പറഞ്ഞ ഈ ഖണ്ഡിക അണുഭൌതീകത്തിന്റെ (Nuclear Physics) അടിസ്ഥാന പ്രമാണങ്ങളാണ്. അത് എന്താണെന്ന് നോക്കാം. ഗ്രാഫിന്റെ വലത് വശത്തു കാണുന്ന അണുകേന്ദ്രങ്ങള്‍ വിഭജിക്കുകയാണെങ്കില്‍ അത് ഇടത് വശത്ത് ബന്ധനോര്‍ജ്ജം കൂടുതല്‍ ഉള്ള (അതായത് കൂടുതല്‍ സ്ഥിരതയുള്ള/കെട്ടുറപ്പുള്ള അണുകേന്ദ്രം) അണുകേന്ദ്രം ആയി മാറും. അതായത് കുറഞ്ഞ ഊര്‍ജ്ജം കൊടുത്ത് ഗ്രാഫിന്റെ വലത് വശത്തുള്ള അണുകേന്ദ്രങ്ങളെ വിഭജിച്ചാല്‍ അത് കൂടുതല്‍ കെട്ടുറപ്പുള്ള അണുകേന്ദ്രം ആയി മാറും. ഇതിനാണ് അണുവിഭജനം അഥവാ Nuclear fission എന്നു പറയുന്നത്. അണുവിഭജനത്തില്‍ ഉയര്‍ന്ന അറ്റോമികഭാരമുള്ള മൂലകങ്ങളായ യുറേനിയത്തിന്റേയും പ്ലൂട്ടോണിയത്തിനേയും അണുകേന്രങ്ങളെ വിഭജിച്ച് ചെറിയ അണുകേന്ദ്രങ്ങള്‍ ആക്കുക ആണ് ചെയ്യുന്നത്. ഈ പ്രക്രിയയിലൂടെ ആണ് ആണവനിലയങ്ങളും ആറ്റം ബോംബും ഒക്കെ ഊര്‍ജ്ജം ഉല്‌പാദിപ്പിക്കുന്നത്.

നമ്മള്‍ ഇപ്പോള്‍ പറഞ്ഞ അതേ യുക്തി ഉപയോഗിച്ച് ബന്ധനോര്‍ജ്ജ ഗ്രാഫ് വേറെ ഒരു സാധ്യതയും കൂടി തരുന്നു. അതായത് ഗ്രാഫിന്റെ ഇടത് ഭാഗത്ത്, താഴ്ന്ന മൂലകങ്ങളുടെ മൂന്നു നാല് അണുകേന്ദ്രങ്ങള്‍ കൂടിചേരുകയാണെങ്കില്‍ അത് കൂടുതല്‍ സ്ഥിരതയുള്ള ഒരു മൂലകം ആയി തീരുന്നു. ഈ പ്രക്രിയക്കാണ് അണു സംയോജനം അഥവാ Nuclear fusion എന്നു പറയുന്നത്. നക്ഷത്രങ്ങളില്‍ ഈ പ്രക്രിയ വഴിയാണ് ഊര്‍ജ്ജം ഉല്‌പാദിപ്പിക്കുന്നത്. പക്ഷെ അണുസംയോജനത്തിന്റെ കാര്യത്തില്‍ ലഭിയ്ക്കുന്ന ഊര്‍ജ്ജത്തിന്റെ അളവിന്റെ കാര്യത്തില്‍ വ്യത്യാസം ഉണ്ട്. അതിനെകുറിച്ചുള്ള വിവരങ്ങള്‍ താഴെ.

  1. ഈ ഗ്രാഫ് പരിശോധിച്ചാല്‍ മനസ്സിലാകും ഹൈഡ്രജന്റെ ബന്ധനോര്‍ജ്ജം 0 MeV ആകുമ്പോള്‍, ഹീലിയത്തിന്റേത് 7.075 MeV ആണ്. അതായത് ഹൈഡ്രജന്‍ അണുകേന്ദ്രങ്ങളെ (പ്രോട്ടോണുകളെ) സംയോജിച്ചിപ്പിച്ച് ഹീലിയം അണുവാക്കുമ്പോള്‍ ആണ് ഊര്‍ജ്ജത്തിന്റെ അളവ് ഏറ്റവും കൂടുതല്‍. മറിച്ച് ഹീലിയത്തെ സംയോജിപ്പിച്ച് അതിനടുത്ത മൂലകം (കാര്‍ബണ്‍) ഉണ്ടാക്കുമ്പോള്‍ ഉള്ള കാര്യം നോക്കുക. കാര്‍ബണിന്റെ ബന്ധനോര്‍ജ്ജം 7.45 MeV ആണ്. ഹീലിയത്തിന്റേത് 7.075 MeV തും. അതിനാല്‍ ഹീലിയത്തിന്റെ അണുകേന്ദ്രത്തെ പ്രോട്ടോണുമായി (ഹൈഡ്രജന്‍ അണുകേന്ദ്രവുമായി) സംയോജിപ്പിച്ച് കാര്‍ബണ്‍ അണുകേന്ദ്രം ഉണ്ടാകുമ്പോള്‍ 0.375 MeV (7.45 - 7.075) ഊര്‍ജ്ജം (energy released per nucleon) മാത്രമാണ് പുറത്തുവരിക. മറ്റു ഉയര്‍ന്ന മൂകലങ്ങളിലേക്ക് പോകുംതോറും പുറത്തു വരുന്ന ഊര്‍ജ്ജത്തിന്റെ അളവ് പിന്നേയും കുറഞ്ഞു വരുന്നത് കാണാം. അതിനാല്‍ ഹൈഡ്രജന്‍ അണുകേന്ദ്രങ്ങളെ സംയോജിപ്പിച്ച് ഹീലിയം അണുകേന്ദ്രം ആക്കുന്ന പ്രക്രിയക്കാണ് പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം പുറത്തു വിടുവാന്‍ കഴിയുക. നക്ഷത്രങ്ങള്‍ ഒക്കെ ഊര്‍ജ്ജം ഉല്‌പാദിപ്പിക്കുന്നത് ഈ പ്രക്രിയ വഴിയാണ്. ഈ ഊര്‍ജ്ജ ഉല്‍‌പാദനത്തിന്റെ വിശദാംശങ്ങള്‍ നമ്മള്‍ അടുത്ത പോസ്റ്റില്‍ പരിചയപ്പെടും.
  2. ഈ ഗ്രാഫില്‍ നിന്നു ഏറ്റവും കൂടുതല്‍ ബന്ധനോര്‍ജ്ജം ഉള്ളത് ഇരുമ്പിനാണെന്നു (Iron) നമുക്ക് മനസ്സിലാക്കാമല്ലോ. അതിന്റെ അര്‍ത്ഥം വളരെ വ്യക്തവുമാണല്ലോ. അണു സംയോജനം വഴി ഇരുമ്പിനു മുകളിലുള്ള മൂലകങ്ങള്‍ ഉണ്ടാകുമ്പോള്‍ ഊര്‍ജ്ജം പുറത്തു വിടുകയല്ല മറിച്ച് ഊര്‍ജ്ജം ആഗിരണം ചെയ്യുകയാണ്. അപ്പൊള്‍ നക്ഷത്രങ്ങളില്‍ ഒക്കെ അത്തരം ഒരു പ്രക്രിയക്ക് വഴിയില്ല. കാരണം ഊര്‍ജ്ജം ഉല്‍‌പാദിപ്പിക്കുവാന്‍ പറ്റാത്ത പ്രക്രിയ നടക്കുമ്പോള്‍ നക്ഷത്രങ്ങളില്‍ ഗുരുത്വാകര്‍ഷണം മേല്‍ക്കൈ നേടുന്നു. അതോടെ നക്ഷത്രങ്ങളുടെ താപനില കുറയുകയും അണുസംയോജനം നടക്കാതാവുകയും ചെയ്യും. അപ്പോള്‍ പിന്നെ ഇരുമ്പിനു മുകളില്‍ ഉള്ള മൂലകങ്ങള്‍ ഈ പ്രപഞ്ചത്തില്‍ എങ്ങനെ ഉണ്ടായി? അതിനുള്ള ഉത്തരം ജ്യോതിശാസ്ത്ര ബ്ലോഗ്ഗിലെ തുടര്‍ന്നുള്ള പോസ്റ്റുകളില്‍ നിന്നു നമുക്ക് മനസ്സിലാക്കാം. പ്രപഞ്ച രഹസ്യങ്ങളുടെ അത്ഭുത കലവറയിലേക്കുള്ള യാത്ര നമ്മള്‍ തുടങ്ങിയിട്ടേ ഉള്ളൂ. അവിടെ നമ്മളെ കാത്തിരിക്കുന്ന അത്ഭുത സത്യങ്ങള്‍ അനവധിയാണ്.

അപ്പോള്‍ ഈ പോസ്റ്റില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കിയത് ഇതൊക്കെയാണ്.

  1. അണു സംയോജനം എന്ന പ്രക്രിയ വഴിയാണ് നക്ഷത്രങ്ങളില്‍ ഊര്‍ജ്ജം ഉല്‍‌പാദിപ്പിക്കുന്നത്.
  2. അണു വിഭജനം എന്ന പ്രക്രിയ വഴി ആണ് ആണവ നിലയങ്ങളിലും ആറ്റം ബോംബും ഊര്‍ജ്ജം പുറത്തുവിടുന്നത്.
  3. അണു സംയോജനം വഴി നക്ഷത്രങ്ങളില്‍ ഇരുമ്പ് വരെയുള്ള മൂലകങ്ങളെ ഉണ്ടാകൂ. അതിനു മുകളില്‍ ഉള്ള മൂലകങ്ങളെ ഉല്‍‌പാദിപ്പിക്കുവാന്‍ നക്ഷത്രങ്ങള്‍ക്കാവില്ല.

ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വാഭാവികമായും ചോദിക്കും. അണുസംയോജനത്തെ കുറിച്ച് വളരെയധികം കാര്യങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കി. പക്ഷെ എങ്ങനെയാണ് ഈ പ്രക്രിയ എന്നു പറഞ്ഞില്ലല്ലോ. മാത്രമല്ല ജ്യോതിശാസ്ത്ര ബ്ലോഗ്ഗിലെ പോസ്റ്റില്‍ നക്ഷത്രങ്ങളുടെ ദ്രവ്യമാനം അനുസരിച്ച് പല വിധത്തിലുള്ള പ്രക്രിയകളാണ് നടക്കുന്നത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് (i) Proton-Proton chain-ഉം (ii) CNO Cycle-ഉം ആണ്. എന്നൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷെ അതൊന്നും ഇതുവരെ പറഞ്ഞില്ലല്ലോ? അതിനെ കുറിച്ചാണ് നമ്മുടെ അടുത്ത പോസ്റ്റ്. സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും നടക്കുന്ന ഊര്‍ജ്ജ ഉല്‍‌പാദനത്തിന്റെ വിശദാംശങ്ങള്‍.