02 October, 2012

മലയാളം വിക്കിപീഡിയ- ഐടി@സ്കൂൾ വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതി - ഓഗസ്റ്റ് - സെപ്റ്റംബർ റിപ്പോർട്ട്



മലയാളം വിക്കിസമൂഹവും ഐടി@സ്കൂളും സംയുക്തമായി അഞ്ചൽ വെസ്റ്റ് സ്കൂളിൽ നടക്കുന്ന മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതിയെ കുറിച്ച് മെയിൽ വഴിയും വിക്കിമീഡിയ ഫൗണ്ടേഷൻ ബ്ലോഗിലെ ഒരു പോസ്റ്റ് വഴിയും ജൂലൈ ആദ്യം സൂചിപ്പിച്ചിരുന്നല്ലോ.
  

ജൂലൈ മാസത്തെ റിപ്പോർട്ടിൽ പ്രധാനമായും ഐടി@സ്കൂൾ ഡയറക്ടർ കൊല്ലത്ത് വന്നപ്പോൾ  അദ്ദേഹത്തെ നമ്മുടെ സൗകര്യാർത്ഥം കിട്ടാൻ ബുദ്ധിമുട്ടായതിനാൽ നടത്തിയ ഉൽഘാടന ചടങ്ങിനെ കുറിച്ചായിരുന്നല്ലോ വാർത്ത. അതിനു ശേഷം ഏകദേശം 3 മാസം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഈ മൂന്നു മാസത്തിടയ്ക്ക് ഓണപരീക്ഷ, ഓണാവധി, സ്കൂളുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ, ഹർത്താലുകൾ തുടങ്ങിയ മൂലം കുറച്ച് ദിവസങ്ങൾ പദ്ധതിയിൽ ഒന്നും നടന്നില്ല. ബാക്കി സമയത്ത് നടന്ന കാര്യങ്ങളും പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതിയും ആണ് ഇതിൽ വിവരിച്ചിരിക്കുന്നത്.



ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്ന സതീശൻ ‌മാഷ് ഇതു വരെ നടന്ന കാര്യങ്ങൾ നടക്കുന്ന ക്രമമനുസരിച്ച് പദ്ധതിയുടെ റിപ്പോർട്ട് താളിൽ പുതുക്കുന്നുണ്ട്. അത്  ഇവിടെ നിന്ന് വായിക്കാം.

ജൂലൈ മാസത്തിൽ നടന്ന പ്രധാന പരിപാടികൾ പദ്ധതിയുടെ ഉൽഘാടനവും അതിനെ തുടർന്ന് ജൂലൈ 14ശനിയാഴ്ച അഞ്ചൽ സ്കൂളിൽ പദ്ധതിയിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടന്ന വിക്കിപീഡിയ പഠനശിബിരവും ആണ്. നമ്മുടെ പ്രതീക്ഷയ്ക്ക്  അപ്പുറം ഏതാണ്ട് 150-ഓളം കുട്ടികൾ ആണ് പദ്ധതിയിൽ താല്പര്യം  പ്രകടിപ്പിച്ച് ജൂലൈ 14നു നടന്ന വിക്കിപീഡിയ പഠന ശിബിരത്തിൽ പങ്കെടുത്തത്. പ്രസ്തുത ശിബിരത്തിൽ ഈ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങളും വിശദീകരിച്ചതിനു ശേഷം പദ്ധതിയുടെ ഭാഗമാകാൻ താല്പര്യമുള്ള കുട്ടികളോട് അഞ്ചലുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് ലേഖനം എഴുതി സമർപ്പിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ  സമർപ്പിച്ച നൂറോളം കുട്ടികളിൽ നിന്നു് ഓഗസ്റ്റ് 8 ഓടുകൂടി 48 കുട്ടികളെ തിരഞ്ഞെടുത്തു.  

ഓഗസ്റ്റ് 9നു പദ്ധതിയുടെ ഭാഗമായ കുട്ടികളുടെ യോഗം സ്കൂൾ ഐ.ടി. ലാബിൽ നടന്നു. പദ്ധതിക്ക് ഏറ്റവും  ആവശ്യം പദ്ധതിയുടെ ഭാഗമായ കുട്ടികൾക്ക് മലയാളം ടൈപ്പിങ്ങ് അറിയുക എന്നായതിനാൽ കുട്ടികൾക്കെല്ലാം മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് ലൈഔട്ടിന്റെ പ്രിന്റ് എടുത്തുനൽകി. കൂടുതൽ വിശദമായി മലയാളം ടൈപ്പിങ്ങ് സിലബസ്സിന്റെ ഭാഗമായ ഏഴാംക്ലാസ്സിലെ ഐ.ടി. പാഠപുസ്തകം പരിശോധിക്കാൻ അവസരം നൽകി. കുട്ടികളോട് അടുത്ത 2 മാസങ്ങൾക്കുള്ളിൽ മലയാളം ടൈപ്പിങ്ങ്  പഠിക്കണം. എന്നാൽ മാത്രമേ പദ്ധതി വിജയകമായി പൂർത്ത്തിയാക്കാൻ കഴിയൂ എന്ന് അറിയിച്ചു. അന്ന് തൊട്ട് കുട്ടികൾ മലയാളം ടൈപ്പിങ്ങ് പരിശീലനത്തിലാണ്.

പദ്ധതിയുടെ ഭാഗമായ 48 കൂട്ടികളിൽ 12 പേരുടെ വീടുകളിലേ കമ്പ്യൂട്ടർ ഉള്ളൂ. ബാക്കിയുള്ള 36 പേർക്കും സ്കൂളിലെ ഐടി ലാബിലുള്ള കമ്പ്യൂട്ടറുകൾ മാത്രമാണ് മലയാളം ടൈപ്പിങ്ങിനും തുടർന്ന് ഈ പദ്ധതിയുടെ മുൻപോട്ടുള്ള പോക്കിനും ശരണം. 

സെപ്റ്റംബർ 8നു മലയാളം വിക്കിപീഡിയരായ കണ്ണൻ മാഷും, സുഗീഷും സ്കൂൾ സന്ദർശിക്കുകയും പദ്ധതിയുടെ ഭാഗമായ വിദ്യാർത്ഥികളെ കാണുകയും ഉണ്ടായി. അവർ അന്ന് തന്നെ പദ്ധതിയുടെ ഭാഗമായി പരിഗണനയ്ക്ക് വന്ന ലേഖനങ്ങളുമായി ബന്ധപ്പെട്ട ചില വ്യക്തികളേയും സ്ഥലങ്ങളും സന്ദർശിക്കുകയും ഉണ്ടായി.

മലയാളം ടൈപ്പിങ്ങ് പരിശീലനം നടക്കുന്നതിനു ഒപ്പം തന്നെ സമയം കിട്ടുമ്പോൾ കുട്ടികൾ സതീശൻ മാഷുടെ സഹായത്തോടെ മലയാളം വിക്കിപീഡിയയിൽ ഉപയോക്തൃനാമം ഉണ്ടാക്കുന്നുണ്ട്. അങ്ങനെ നിലവിൽ ഏതാണ്ട് 22 പേർ മലയാളം വിക്കിയിൽ അംഗത്വം എടുത്തു കഴിഞ്ഞു. ബാക്കിയുള്ള കുട്ടികൾ തുടർന്നുള്ള ദിവസങ്ങളിൽ വിക്കിയിൽ അംഗത്വം എടുക്കും.


നിലവിൽ കുട്ടികൾ മലയാളം ടൈപ്പിംഗ് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം തന്നെ അവർ എഴുതാൻ ഉദ്ദേശിക്കുന്ന ലേഖനത്തെ കുറിച്ചുള്ള വിവരങ്ങൾ ആളുകളെ സന്ദർശിച്ചും വിവിധ സ്ഥലങ്ങളിൽ ‌പോയും ശേഖരിച്ച് അത് ‌അവരുടെ  നോട്ട് പുസ്തകത്തിൽ എഴുതി വെക്കുന്നു.  ചുരുക്കത്തിൽ കുട്ടികൾ വളരെ ഊർജ്ജ്വസ്വലതയോടെ ഈ പദ്ധതിയിൽ പങ്കെടുക്കുന്നു എങ്കിലും മലയാളം ടൈപ്പിങ്ങ് അറിയാത്തത് അവർക്ക് തടസ്സമാണ്.

പദ്ധതിയുടെ ഇതുവരെയുള്ള പോക്ക് വെച്ച് സമാനപദ്ധതികൾ മലയാളത്തിൽ വിപുലമായി തുടങ്ങുന്നതിനുള്ള ഏറ്റവും വലിയ പ്രതിബന്ധം കുട്ടികൾക്കും അദ്ധ്യാപകർക്കും മലയാളം ടൈപ്പിങ്ങ് അറിയില്ല എന്നതാണെന്ന് വ്യക്തമായിരിക്കുകയാണ്.

പദ്ധതിയിൽ ഇതുവരെ കണ്ട ചില പ്രശ്നങ്ങൾ
  • എല്ലാ കുട്ടികളുടേയും ഐ.ടി. പീരീഡിനനുസരിച്ച് സ്കൂൾ കമ്പ്യൂട്ടർ ലാബിലെത്താൻ അവർക്ക് കഴിയുന്നില്ല.
  • കൂടാതെ കുട്ടികൾ വൈകുന്നേരങ്ങളിൽ ട്യൂഷൻ ക്ലാസ്സുകൾ ഒഴിവാക്കുന്നതിൽ രക്ഷകർത്താക്കൾക്ക് ബുദ്ധിമുട്ടുണ്ട്.
  • വിവിധ ക്ലാസ്സ് പീരീഡുകൾ കളഞ്ഞ് കുട്ടികൾ മലയാളം ടൈപ്പിംഗ് പഠിക്കാൻ ലാബിലെത്തുന്നത് മറ്റുള്ള കുട്ടികൾക്ക് അസൗകര്യം സൃഷ്ടിക്കുന്നുണ്ട്.
  • ഇംഗ്ലീഷിൽ തന്നെയും കീബോർഡ് സ്കിൽ ഇല്ലാത്തത് ഏറെ സമയം അപഹരിക്കുന്നുണ്ട്.
എങ്കിലും കുട്ടികളുടെ ആത്മാർത്ഥമായ പരിശ്രമത്തിന് അവരെ അഭിനന്ദിക്കുന്നു. വിക്കിപീഡിയയിൽ അവരുടെ ലേഖനങ്ങൾ വരുന്നതിന് അത്ര ശ്രമകരമായി അത്യദ്ധ്വാനം ചെയ്യുന്നു. പദ്ധതിയിൽ പങ്കെടുക്കുന്ന കുട്ടികൾ മിക്കവരും അവർ വിക്കിയിൽ എഴുതാൻ ഉദ്ദേശിക്കുന്ന ലേഖനത്തെ കുറിച്ചുള്ള വിവരങ്ങൾ തേടി പിടിച്ച് അത് അവരുടെ നോട്ട് പുസ്തകത്തിൽ ക്രമമായി എഴുതി വെക്കുന്നുണ്ട്. വിക്കിയിലേക്ക് മലയാളത്തിൽ ടൈപ്പ് ചെയ്ത് ചേർക്കാൻ ഉള്ള കഴിവ് അവർ ആർജ്ജിച്ചു കഴിഞ്ഞാൽ പദ്ധതി പെട്ടെന്ന് തന്നെ തീർക്കാനാകും എന്നാണ് നിലവ് നിലവിലുള്ള നിഗമനം..

കുട്ടികളുടെ നിരന്തരഇടപെടലുകൾ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. അവർക്ക് ഫോട്ടോ ഐഡന്റിറ്റി ഫോറം നൽകിയിട്ടുണ്ട്. അതിൽ അവരുടെ ടൈപ്പിംഗ് പഠനനിലവാരം മുതൽ പങ്കെടുക്കുന്ന മീറ്റിംഗ്, ചെയ്യുന്ന പ്രവർത്തികൾ, മറ്റ് മൂല്യനിർണ്ണയപ്രവർത്തനങ്ങൾ, ഗ്രേഡുകൾ ഇവ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്.

ഇതുവരെ ടൈപ്പിംഗ് പരിശീലനത്തിനെത്തിയ കുട്ടികളിൽ ആറുപേർക്കാണ് അല്പം വേഗതയിൽ മലയാളം ടൈപ്പ് ചെയ്യാൻ കഴിയുന്നത്. അവർക്ക് വീട്ടിൽ കമ്പ്യൂട്ടറുണ്ട്.

കഴിഞ്ഞ ദിവസം പദ്ധതിയുടെ ഭാഗമായ (മലയാളം ടൈപ്പിങ്ങ് ഇതിനകം പഠിച്ചവർ) 4 കുട്ടികൾ വിക്കിയിൽ ലേഖനം തുടങ്ങിയിട്ടുണ്ട്. അതിനെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ കാണാം. 

ഇനി മുൻപോട്ട് പോകുമ്പൊൾ നമ്മൾ 2 വിധത്തിൽ ഈ വിദ്യാർത്ഥികളെ സഹായിക്കണം. ഒന്ന്. കൊല്ലം വഴി പോവുന്നുണ്ടെങ്കിൽ അഞ്ചലിൽ ഈ വിദ്യാർത്ഥികളെ സന്ദർശിച്ച് അവർക്ക് പ്രോത്സാഹനം ‌നൽകണം. വലിയൊരു സമൂഹത്തിന്റെ ഭാഗമാണ് അവർ‌ എന്ന തിരിച്ചറിവ്‌ അവർക്ക് തീർച്ചയായും ‌പ്രോത്സാഹനം ആകും. രണ്ട്. വിക്കിയിൽ അവർ എഴുതുന്ന ലേഖനങ്ങളിൽ അവർക്ക്‌‌  ആവശ്യമായ മാർഗ്ഗനിർദ്ദേശം കൊടുക്കുക. 

ഇനിയുള്ള ദിവസങ്ങളിൽ എല്ലാവരുടേയും കൂടുതൽ സഹായം ‌ഈ പദ്ധതിക്ക്‌‌ ആവശ്യമുണ്ട്.