01 June, 2013

Robert Drummond -ന്റെ Grammar of the Malabar language എന്ന പുസ്തകത്തെക്കുറിച്ച്

ശ്രീധരമേനോന്റെ  Kerala History and its Makers എന്ന പുസ്തകത്തിൽ 1799-ൽ ബോംബെയിൽ നിന്ന് പ്രസിദ്ധീകരിച്ച Grammar of the Malayalam language എന്ന പുസ്ത്കത്തെ കുറിച്ച് ഒരു പരാമർശം ഉണ്ട്. അത് Robert Drummond എന്ന ഒരാളാണ് എഴുതിയത് എന്ന വിവരവും ഉണ്ട്.ഈ വിവരങ്ങൾ ആണ് ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ എന്നെ പ്രേരിപ്പിച്ചത്. 




ഇതിനെകുറിച്ച്  വേറെ ഇടങ്ങളിൽ കുറച്ച് കൂടി തപ്പിയപ്പോൾ  Robert Drummond  ഒരു സർജൻ ആയിരുന്നു എന്നും 1799-ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരച്ചത് എന്ന പരാമർശവും കണ്ടു. അങ്ങനെ തപ്പി തപ്പി പോയപ്പോൾ 1799-ൽ ബോംബെ കുറിയർ പ്രസ്സിൽ നിന്നു പ്രസിദ്ധീകരിച്ച Grammar of the Malabar Language എന്ന പുസ്തകത്തിന്റെ PDF കണ്ടെത്തി. ഗൂഗിൾ ബുക്സിൽ ഉണ്ടായിരുന്നു അത്.



പുസ്തകം വിക്കിമീഡിയ കോമൺസിലേക്ക് ചേർത്തു. അത് ഇവിടെ കാണാം: http://commons.wikimedia.org/wiki/File:Grammar_of_the_Malabar_Language_Robert_Dummond.pdf

ഈ പുസ്തകത്തിനെ കുറിച്ച് എനിക്ക് മനസ്സിലായ കുറച്ച് വിവരങ്ങൾ പങ്ക് വെക്കുന്നു.

  • ഈ പുസ്തകത്തിനു ഏതാണ്ട് 150ഓളം താളുകൾ ആണ് ഉള്ളത്.
  • ചതുരവടിവിലുള്ള മലയാള അക്ഷരങ്ങൾ ആണ് ഇതിൽ ഉപയൊഗിച്ചിരിക്കുന്നത്. 1799-ൽ അച്ചടിച്ചതിനാൽ അത് സ്വാഭാവികം. ഏതാണ്ട് അര നൂറ്റാണ്ടിനു ശേഷം ബെഞ്ചമിൻ ബെയിലി ആണല്ലോ അച്ചടിയിൽ ഉരുണ്ട മലയാളലിപികളെ അവതരിപ്പിക്കുന്നത്. കുറിയർ പ്രസ്സിൽ അച്ചടിച്ച മലയാളലിപികൾ ഉൾപ്പെടുന്ന പുസ്തകങ്ങളിൽ ഒക്കെയും ചതുരവടിവിലുള്ള  മലയാളലിപികൾ തന്നെയാണല്ലോ. വേറൊരു ഉദാഹരണം: റമ്പാൻ ബൈബിൾ.
  • ഇംഗ്ലീഷിലുള്ള ഈ പുസ്തകത്തിൽ  ചില ഇംഗ്ലീഷ് വാക്കുകളിൽ ഇംഗ്ലീഷിലെ s എന്ന അക്ഷരത്തിനു പകരം f നോട് സാദൃശ്യം ഉള്ള വേറെ ഒരു അക്ഷരം ആണ് ഈ പുസ്തകത്തിൽ പലയിടത്തും ഉപയോഗിച്ചിരിക്കുന്നത്. ഉച്ചാരണം മാറുന്നതിനനുസരിച്ച് വേറൊരു അക്ഷരം ഉപയോഗിച്ചതാണോ? പ്രത്യേകിച്ച് ഷ്,ക് എന്ന ഉച്ചാരണം വരുന്ന ഇടങ്ങളിൽ. ഇത് എന്താണെന്ന് മനസ്സിലാകന്നില്ല
  • Bhermajee Jeejebhoy എന്ന ഒരു പാർസി ആണ് മലയാളത്തിനായി അച്ചുകൾ ഉണ്ടാക്കിയത്.
  • ഌ, ൡ എന്നീ അക്ഷരങ്ങളുടെ ഉച്ചാരണവും ഉപയോഗവും ഒരുമിച്ച് അങ്ങനെ ആദ്യമായി കാണാൻ ഇടയായി :)
  • ംരം എന്ന രൂപത്തിൽ ആണ് എല്ലായിടത്തും പ്രയോഗിച്ചിരിക്കുന്നത്. 19ആം നൂറ്റാണ്ടിന്റെ അവസാനം വരേയും അതായിരുന്നല്ലോ മലയാളത്തിന്റെ
  •  ന്റ യുടെ വേറൊരു രൂപം കൂടി ഇതിൽ കണ്ടു. (റൻറ) എന്ന രൂപം ആണ് ഇതിൽ.
  •  യ ഒരു പ്രത്യേക രൂപം അവലംബിച്ചിരിക്കുന്നത് ടൈപ്പോഗ്രാഫർ അത് അത്തരത്തിൽ വരച്ചത് കൊണ്ടാണെന്ന് കരുതാം. 
  • ഴ യുടെ ചില്ല് എന്ന് ഇന്ന് പറയുന്ന രൂപം , അനുസാരം ഇതിനെ രണ്ടിനേയും ഇന്ന് നമ്മൾ ചില്ല് (താൾ 141 കാണുക) എന്ന് പറയുന്ന ർ,ൻ,ൾ,ൻ,ൺ തിന്റെ ഒപ്പം തന്നെ ആണ് കൂട്ടിയിരിക്കുന്നത്. പക്ഷെ യയുടെ ചില്ലിനെ കുറിച്ച് പരാമർശം കണ്ടില്ല.  
  • മലയാള അക്കങ്ങൾക്കായി ഒരു അദ്ധ്യായം തന്നെ മാറ്റിവെച്ചിട്ടൂണ്ട്. (താൾ 15 മുതൽ)സാധാരണ മലയാളികൾക്ക് പൂജ്യം ഉപയോഗിക്കുന്ന ശീലം ഇല്ലായിരുന്നു എന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് ഈ പുസ്കത്തിലെ  മലയാള അക്കങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ എല്ലാം.  
  • ഏ കാരത്തെയോ ഓ കാരത്തെയോ സ്വരങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. ഇതു രണ്ടും എപ്പോഴാണ് മലയാളഭാഷയിൽ എത്തപ്പെട്ടത്?


ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിവില്ലാത്തതിനാൽ   കൂടുതൽ നിരീക്ഷണങ്ങൾക്ക് മുതിരുന്നില്ല. ഭാഷാശാസ്ത്രത്തിൽ താല്പര്യമുള്ളവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും എന്നാണ് എന്റെ അനുമാനം.

ഇംഗ്ലീഷ് വിക്കിഗ്രന്ഥശാലയ്ക്ക് പുറമേ ഇത് മലയാളം ഗ്രന്ഥശാലയിലും വരണം എന്നാണ് എന്റെ അഭിപ്രായം.  

1799-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകമാണ് മലയാളവ്യാകരണം ആദ്യമായി കൈകാര്യം ചെയ്ത ഇംഗ്ലീഷ് പുസ്തകം എന്ന് തോന്നുന്നു. ഇതിനു മുൻപ് 1772-ൽ ലാറ്റിനിൽ മലയാളവ്യാകരണഗ്രന്ഥം ഇറങ്ങിയതായി അറിയാം. അതിനു മുൻപുള്ളവയെ കുറിച്ച് അറിയില്ല.


Robert Drummond നെ കുറിച്ച് ഇംഗ്ലീഷ് വിക്കിയിലോ മലയാളം വിക്കിയിലോ ലേഖനം ഇല്ല. അല്പം കൂടെ ഗവേഷണം നടത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ലേഖനം ആരെങ്കിലും തുടങ്ങിയാൽ നന്നായിരുന്നു.

ഈ പുസ്തകം ആരെങ്കിലും മലയാളത്തിലേക്ക് പരിഭാഷ ചെയ്തിരുന്നു എങ്കിൽ നന്നായേനെ എന്ന് തോന്നുന്നു.




15 January, 2013

വിക്കിഗ്രന്ഥശാലയിൽ നിന്നുള്ള ഇ-പുസ്തകങ്ങൾ

മുൻകുറിപ്പ്: ഈ പോസ്റ്റിൽ കൈകാര്യം ചെയ്യുന്ന വിഷയം പുതിയ ഒരു ആശയം അല്ല. ഇംഗ്ലീഷിലും ലാറ്റിൻ ഭാഷകളിലും ePUB ഫോർമാറ്റിലുള്ള പുസ്തകങ്ങൾ ധാരാളം ഉണ്ട്. ആ ഭാഷക്കാർ അതൊക്കെ ധാരാളമായി ഉപയൊഗിക്കുകയും ചെയ്യുന്നു. പക്ഷെ മലയാളത്തിലേക്ക് വരുമ്പോൾ സ്ഥിതി വ്യത്യസ്തമാണ്. സ്മാർട്ട് ഫോൺ ഡിവൈസുകളിലെ മലയാളം റെൻഡറിങ്ങ് മൊശമായത് കാരണം   ePUB ഫോർമാറ്റിലുള്ള പുസ്തകങ്ങൾ പ്രസിദ്ധമായി തുടങ്ങിയിട്ടില്ല. മീഡിയവിക്കി സോഫ്റ്റ്‌വെയറിൽ തന്നെ ePUB/ODT/PDF/ZIM തുടങ്ങിയ വിവിധ ഫോർമാറ്റുകളിൽ പുസ്തകം നിർമ്മിക്കാനുള്ള സൗകര്യം ഉണ്ട്. പക്ഷെ അതൊന്നും ഇതു വരെ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. ആ സ്ഥിതി ഒക്കെ മാറ്റി മലയാളത്തിനായി പുതിയ ഒരു വായനാരീതി അവതരിപ്പിരിക്കുക ആണ് ഇവിടെ. 

വിക്കിമീഡിയ സംരംഭങ്ങളുമായി ബന്ധപ്പെട്ട് നിരവധി നൂതന പദ്ധതികളിലൂടെ മലയാളം വിക്കിസമൂഹം മറ്റ് വിക്കിസമൂഹങ്ങൾക്ക് മാതൃക ആയിട്ടുണ്ടല്ലോ. അങ്ങനെയുള്ള സവിശേഷ പദ്ധതികളിലൂടെ കൂടുതൽ പേരെ വിക്കിയിലേക്ക് ആകർഷിക്കാനും,  മലയാളം  വിക്കിസംരംഭങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കാനും,  മലയാളം വിക്കിസംരംഭങ്ങളിലെ ഉള്ളടക്കം കൂടുതൽ പേരിലെത്തിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.

വർത്തമാനകാലത്ത് മലയാളം വിക്കിസംരംഭങ്ങളിൽ ഏറ്റവും ജനശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന സംരംഭം ആണ് മലയാളം വിക്കിഗ്രന്ഥശാല (http://ml.wikisource.org/). പകർപ്പവകാശകാലാവധി തീർന്നതോ, സ്വതന്ത്രപകർപ്പവകാശ ലൈസൻസിലോ ഉള്ള മലയാളഭാഷയിലുള്ള/മലയാളലിപിയിലുള്ള പുസ്തകങ്ങളാണ് വിക്കിഗ്രന്ഥശാലയുടെ ഭാഗമായി മാറി കൊണ്ടിരിക്കുന്നത്. ഇങ്ങനെ പുസ്തകം ചേർത്തത് മാത്രം കൊണ്ട് ആയില്ലല്ലോ. ചേർത്തത് വിവിധ തരത്തിൽ മലയാളി വായനക്കാരിലേക്ക് എത്തിക്കാനും നമുക്ക് കഴിയണം. അങ്ങനെയുള്ള ഒരു പദ്ധതിക്ക് മലയാളം വിക്കിസമൂഹം തുടക്കമിടുകയാണ്.

മലയാളം വിക്കിഗ്രന്ഥശാലയിലെ  ഡിജിറ്റൈസേഷൻ പൂർത്തിയായ കുറച്ച് പുസ്തകങ്ങൾ ഇപബ്ബ് (ePUB) ഫോർമാറ്റിൽ ഇ-പുസ്തകം ആയി പുറത്തിറക്കുന്നു.

വിക്കിഗ്രന്ഥശാലയിലെ കൃതികൾ ഇനി മുതൽ ഇ-പുസ്തകം ആയി വായിക്കാനുള്ള സൗകര്യം ആണ് ഇതിലൂടെ പ്രധാനമായും കിട്ടുന്നത്. ഇ-പുസ്തകം ആയതിനാൽ  ഓഫ്‌ലൈനായി വായിക്കാം എന്ന സൗകര്യവും ഉണ്ട്. ഒപ്പം നിങ്ങളുടെ ഡിവൈസുകളിൽ വിക്കിഗ്രന്ഥശാലയുടെ ഒരു ചെറിയ പതിപ്പ് കിട്ടുകയും ചെയ്യുന്നു.

ഇത് ആരെ ലക്ഷ്യം വെക്കുന്നു?

ഈ ഇ-പുസ്തകങ്ങൾ പ്രധാനമായും സ്മാർട്ട് ഫോണുകൾ, ടാബ്‌ലറ്റ് പിസികൾ തുടങ്ങിയവ ഉപയോഗിക്കുന്നവരെ ലക്ഷ്യം വെച്ചാണ് എഴുതിയത്. പക്ഷെ സാധാരണ പി.സി.കളിൽ ePUB ഫോർമാറ്റിലുള്ള ഇ-പുസ്തകങ്ങൾ വായിക്കാൻ ധാരാളം സോഫ്റ്റ്‌വെയകൾ ഉണ്ട്. അതിനാൽ അതിനെ കുറിച്ച് എഴുതുന്നില്ല.  സ്മാർട്ട് ഫോൺ, ടാബ്‌ലറ്റ് പിസികൾ എന്നിവർ ഉപയോഗിക്കുന്നവർ യാത്ര ചെയ്യുമ്പൊഴോ, ഓഫ് ലൈനായോ ഇരിക്കുമ്പൊഴോ ഒക്കെ വിക്കിഗ്രന്ഥശാലയിലെ പുസ്തകങ്ങൾ വായിക്കാൻ ഈ സൗകര്യം നിങ്ങൾക്ക് സഹായകരമാകും.

ആൻഡ്രോയിഡ് ജിഞ്ചർ ബ്രെഡ് എങ്കിലും ഉപയോഗിക്കുന്നവർക്കേ ഇത് സഹായകരമാകൂ. ഐഫൊണിൽ ഡിഫാൾട്ടായി മലയാളം റെൻഡറിങ്ങ് നന്നായതിനാൽ വേർഷൻ പ്രശ്നമല്ല.

ഏതൊക്കെ പുസ്തകങ്ങൾ ആണ് നിലവിൽ ePUB ഫോർമാറ്റിൽ ഇ-പുസ്തകം ആക്കിയിട്ടുള്ളത്?

നിലവിൽ ഇ-പുസ്തകം ആക്കിയ ഗ്രന്ഥങ്ങൾ https://code.google.com/p/ml-wikisource-ebooks/downloads/list എന്ന കണ്ണിയിൽ നിന്നു കിട്ടും.

താഴെ പറയുന്ന കൃതികൾ ആണ് നിലവിൽ ഇ-പുസ്തകം ആക്കിയിട്ടുള്ളത്
  • ധർമ്മരാജ (ചരിത്രാഖ്യായിക) - സി.വി._രാമൻപിള്ള
  • കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (രാഷ്ട്രീയരചന) - കാറൽ മാർക്സ്, ഫ്രെഡറിൿ ഏങ്ഗൽസ്
  • ദ്വാരക (ചെറുകഥ) - വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
  • ജാതിക്കുമ്മി (കവിത) - പണ്ഡിറ്റ്_കെ.പി.കറുപ്പൻ
  • കർണ്ണഭൂഷണം (ഖണ്ഡകാവ്യം) - ഉള്ളൂർ എസ്. പരമേശ്വരയ്യർ
  • വാഴക്കുല (കവിത) - ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
  • വീണപൂവ് (കവിത) -കുമാരനാശാൻ
  • വൃത്താന്തപത്രപ്രവർത്തനം (പത്രപ്രവർത്തനത്തെക്കുറിച്ചുള്ള പുസ്തകം) - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
ഇത് നിങ്ങളുടെ ഇഷ്ടാനുസരണം ഡൗൺലൊഡ് ചെയ്ത് ഇഷ്ടാനുസരണം വായിക്കൂ. വിക്കിഗ്രന്ഥശാലയിലെ കൃതികൾ വായിക്കാൻ ഇനി ഇന്റർനെറ്റ് കണക്ഷൻ വേണം എന്നത് ഒരു നിർബന്ധമല്ല.

ഗ്രന്ഥശാല ഇ-പുസ്തകം വായിക്കാൻ നിങ്ങൾ ചെയ്യേണ്ടത്

ഇനി വിശദാംശങ്ങളിലേക്ക്. ePUB ഫോർമാറ്റിലുള്ള ഇ-പുസ്തകങ്ങൾ വായിക്കാൻ നിരവധി ആപ്പുകൾ ഉണ്ട്. എങ്കിലും വിവിധ ആപ്പുകൾ പരീക്ഷിച്ചതിൽ  FBReader എന്ന ആപ്പാണ് കുടുതൽ അനുയോജ്യം എന്ന് കാണുന്നു. അതിനാൽ ആ ആപ്പിനെ അടിസ്ഥാനമാക്കിയുള്ള വിവരണങ്ങളാണ് ഈ പോസ്റ്റിൽ കൊടുത്തിരിക്കുന്നത്. വേറെ ഏതെങ്കിലും ആപ് ഉപയോഗിക്കണങ്കിൽ അതിനുള്ള സ്വാതന്ത്യം നിങ്ങൾക്കുണ്ട്.

മലയാളം ഇ-പുസ്തകം വായിക്കാൻ നിങ്ങൾ ചെയ്യേണ്ടത്.

  1. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് FBReader എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.
  2. https://code.google.com/p/ml-wikisource-ebooks/downloads/list എന്ന ലിങ്കിൽ നിന്നു മലയാളം വിക്കിഗ്രന്ഥശാലയിൽ നിന്നുള്ള ePUB ഫോർമാറ്റിലുള്ള ഇ-പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുക
  3. FBReaderൽ ഇ-പുസ്തകം തുറന്ന് വായിക്കുക. 
ഈ ഇ-പുസ്തകം ഐഫോണിലും ആൻഡ്രോയിഡിലും നന്നായി വായിക്കാൻ പറ്റുന്നുണ്ട്. പക്ഷെ ആൻഡ്രോയിഡിൽ വേർഷൻ ജിഞ്ചർ ബ്രെഡോ (2.3.6) അതിനു മുകളിൽ ഉള്ള ഏതെങ്കിലും വേർഷൻ ആയിരിക്കണം. അതിനു താഴെയുള്ള വേർഷനുകളിൽ ഇത് നടക്കില്ല. ജിഞ്ചർ ബ്രെഡ് ഉള്ള സാംസങ്ങ് ഫോണുകളിൽ എങ്കിലും താഴെ പറയുന്ന വിധത്തിലുള്ള ക്രമീകരണം ചെയ്താൽ മലയാളം നന്നായി വായിക്കാം.

ക്രമീകരണങ്ങൾ

നിങ്ങളുടെ ഡിവൈസിൽ സ്വതെ മലയാളം റെൻഡറിങ്ങ് ശരിയല്ലെങ്കിൽ ക്രമീകരണങ്ങളിൽ ചില മാറ്റങ്ങൾ വരുത്തണം. അതിനു ഈ ആപ്പിൽ കഴിയും. വിക്കിമീഡിയ ഫൗണ്ടേഷന്റെ ആപ്പിൽ നിന്നു വ്യത്യസ്തമായി FBReaderൽ ഫോണ്ട് തിരഞ്ഞെടുക്കാനും, ഫോണ്ട് ഇടാനുള്ള ഡയറക്ടറിയും ഒക്കെ ക്രമീകരിക്കാൻ സൗകര്യം തരുന്നത് കൊണ്ടാണ് ഇത് നടക്കുന്നത്.

എന്റെ ഗാലക്സി Y-ൽ (ജിഞ്ചർ ബ്രെഡ്)   FBReader-ൽ  ധർമ്മരാജ ഇ-പുസ്തകം തുറന്നപ്പോൾ സ്വതെ ഉള്ള ദൃശ്യം നോക്കൂ.



പതിവ് പോലെ ചില്ലു പ്രശ്നം, റകാരത്തിന്റെ പ്രശ്നം, ഡിഫാൾട്ട് മലയാളം ഫോണ്ടിന്റെ ദ്വൃശ്യ/വായനാ സുഖം ഇല്ലായ്മ എന്നിവ മൂലം ധർമ്മരാജയുടെ സുഖമല്ല. ഇത് ശരിയാക്കാൻ പറ്റുമോ എന്ന് നമുക്ക് നോക്കാം. 

ഫോണ്ട് ഡൗൺലോഡ് ചെയ്യുക

  1.  നല്ല മലയാളം യൂണിക്കോഡ് ഫോണ്ട് ഡൗൺ ലോഡ് ചെയ്യുക. നിങ്ങൾക് ഇഷ്ടമുള്ള ഏത് മലയാളം യൂണിക്കോഡ് ഫോണ്ടും ഉപയോഗിക്കാം.  കൗമുദി സ്മാർട്ട് ഫോണിൽ നല്ല വായനാസുഖം തരുന്നു എന്നതിനാൽ അത് ശുപാർശ ൾചെയ്യുന്നു. അത് ഇവിടെ നിന്നു കിട്ടും  http://news.keralakaumudi.com/info/Kaumudi.ttf  (ചിലപ്പോൾ ചില ഫോണുകളിൽ .ttf ഫോർമാറ്റിലുള്ള ഫയൽ ഡൗൺലോഡ് ചെയ്യാൻ സമ്മതിക്കില്ല. അങ്ങനെയുള്ളവർക്ക് വേണ്ടി ഇതേ ഫോണ്ടിന്റെ എക്സ്റ്റെൻഷൻ .PDF എന്നാക്കി ഇവിടെ ഇട്ടിട്ടുണ്ട്. അത് ഡൗൺലോഡ് ചെയ്ത് എക്സ്റ്റെൻഷൻ .ttf തന്നെ ആക്കുക)
  2. അതിനു ശെഷം ഫയൽ കോപ്പി ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്ത് വെക്കുക.ഞാൻ  /sdcard/Fonts എന്ന ഫോൾഡറിൽ ആണ് ഇട്ടത്.
ഫയലുകൾ അങ്ങോട്ടും ഇങ്ങോട്ടും കോപ്പി ചെയ്യാനും, റീനേം വഴി എക്സ്റ്റെഷൻ മാറ്റാനും, ഫോൾഡർ ഉണ്ടാക്കാനും, ഫോൾഡറുകൾ ബ്രൗസ് ചെയ്യാനും ഒക്കെ നിങ്ങളെ സഹായിക്കുന്ന ഒരു ആപ് ആണ് ES File Explorer.   അതുപയോഗിച്ച് മുകളിൽ പറഞ്ഞ 2 സംഗതികളും സുഖമായി ചെയ്യാം.

അപ്പോൾ നമ്മൾ ഫോണ്ട് ഡൗൺലോഡ് ചെയ്തു. അത്  /sdcard/Fonts എന്ന ഫോൾഡറിൽ ഇട്ടു.

FBReader-ന്റെ Settings-ൽ മലയാളം ഫോണ്ട് തിരഞ്ഞെടുക്കൽ

നേരത്തെ പറഞ്ഞത് പോലെ FBReaderൽ ഫോണ്ട് തിരഞ്ഞെടുക്കാനും ഫോണ്ട് ഇടാനുള്ള ഡയറക്ടറിയും ഒക്കെ ക്രമീകരിക്കാൻ സൗകര്യം തരുന്നത് കൊണ്ട് നമുക്ക് മലയാളം ഫോണ്ട് അതിൽ ക്രമീകരിക്കാം.

FBReader-ന്റെ Settings-ൽ പോയി More-എന്ന കണ്ണിയിൽ ഞെക്കുമ്പോൾ താഴെ കാണുന്ന വിൻഡോ തുറന്നു വരും. 



ഇതിലെ Directories എന്നതിൽ ഞെക്കുക. അപ്പോൾ താഴെ കാണുന്ന വിധത്തിൽ ദൃശ്യമാകും. 

ഇതിൽ Fonts Directory എന്നതിൽ Font Directory set  ചെയ്യുക. ഞാൻ .../sdcard/Fonts എന്ന ഫോൾഡറാണ് ഫോണ്ട് ഇടാനുള്ള ഡയറക്ടറി ആയി സെറ്റ് ചെയ്തത്. (മുകളിൽ സൂചിപ്പിച്ച പോലെ ഞാൻ ഡൗൺലോഡ് ചെയ്ത കൗമുദി ഫോണ്ട് അവിടാണല്ലോ വെച്ചിരിക്കുന്നത്)

അതിനു ശെഷം തിരിച്ചു വന്ന്  Text എന്നതിൽ ഞെക്കുക. അപ്പോൾ താഴെ കാണുന്ന വിൻഡോ തുറന്നു വരും.


ഇതിൽ Font family എന്നതിൽ ഞെക്കുക. നിലവിൽ ഡിഫാൾട്ടായി Droid Sans എന്ന ഫോണ്ട് കിടക്കുന്നത് കാണാം. Font familyയിൽ ഞെക്കുമ്പോൾ താഴെ കാണുന്ന വിൻഡൊ തുറന്നു വരും.

ഇതിൽ നിന്നു Kaumudi തിരഞ്ഞെടുക്കുക.

ഇനി തിരിച്ചു പോയി ധർമ്മരാജ എങ്ങനെ കാണുന്നു എന്ന് നമുക്ക് നോക്കാം.


മുകളിൽ സൂചിപ്പിച്ച പ്രശ്നം എല്ലാം തീർന്നു. ധർമ്മരാജ സുഖമായി വായിക്കാം എന്ന് കാണുന്നു :)

FBReaderൽ TOCഒക്കെ തിരഞ്ഞെടുക്കാനും നമുക്ക് ഇഷ്ടമുള്ള അദ്ധ്യായങ്ങളിലേക്ക് പോകാനും മറ്റ് ക്രമീകരണങ്ങൾ ശരിയാക്കാനും ഒക്കെ ഉള്ള ഓപ്ഷൻസ് ഉണ്ട്. അതൊക്കെ ഒരൊരുത്തരുടെ ഇഷ്ടമനുസരിച്ച് ചെയ്യാവുന്നതാണ്.

നന്ദി

വിക്കിഗ്രന്ഥശാലയിലെ പുസ്തകം എടുത്ത് ePUB ഫോർമാറ്റിലുള്ള -പുസ്തകം ആക്കുന്ന ഈ പദ്ധതി ഏകോപിക്കുന്ന പരിപാടി ഞാൻ ചെയ്തു എങ്കിലും ഈ പദ്ധതി പ്രാവർത്തികമാകുമ്പോൾ കൃതികൾ ഗ്രന്ഥശാലയിൽ ആക്കിയ വിക്കിപ്രവർത്തകർക്കു പുറമേ നന്ദി പറയേണ്ട ഒരാൾ ജീസ് മോൻ ജേക്കബ്ബ് ആണ്.

വിക്കിഗ്രന്ഥശാലയിൽ ഉള്ള ഡിഫാൾട്ട് ബുക്ക് ക്രിയേറ്റർ ഉപയോഗിച്ച് നിർമ്മിക്കുന്ന ePUB പുസ്തകങ്ങളുടെ ഫോർമാറ്റിങ്ങ് അത്ര ശരിയല്ലാത്തതിനാൽ അത് ഇവിടെ ഉപയൊഗിച്ചിട്ടില്ല.

മലയാളം ഇ-പുസ്തകം വായിക്കാനുള്ള വിവിധ ആപ്പുകൾ പരീക്ഷിക്കുകയും, നിലവിലുള്ള ഇ-പുസ്തകങ്ങൾ എല്ലാം നിർമ്മിക്കുകയും ചെയ്ത ജീസ് മോൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഇ-പുസ്തകം നിർമ്മിക്കാൻ അദ്ദേഹം ഉപയോഗിച്ചത് https://code.google.com/p/sigil/ എന്ന ആപ്ലിക്കേഷനാണ്. അതുപയോഗിച്ച് ഇ-പുസ്തകം നിർമ്മാണം വളരെ എളുപ്പം ആണെന്നാണ് അദ്ദേഹം പറഞത്. അത് ഉപയോഗിക്കാനുള്ള ഡോക്കുമെന്റേഷൻ ഇവിടെ ഉണ്ട് http://web.sigil.googlecode.com/git/files/OEBPS/Text/introduction.html

ഇ-പുസ്തകം ഇറക്കുന്ന പരിപാടി അത്ര സങ്കീർണ്ണം ഒന്നും അല്ലാത്തതിനാൽ ഇനി ധാരാളം പേർ വിവിധ തരത്തിൽ വിക്കിഗ്രന്ഥശാലയിലെ ഉള്ളടക്കം എടുത്ത് പുനരുപയോഗിക്കും എന്ന് കരുതട്ടെ. അത് ചെയ്യാൻ താല്പര്യമുള്ളവർ മറ്റൊരു സംവിധാനം ആകുന്നത് വരെ (https://code.google.com/p/ml-wikisource-ebooks/downloads/list) ഇവിടെ തന്നെ ഇ-പുസ്തകം അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുമല്ലോ.

ആശംസകളോടെ
ഷിജു






12 January, 2013

ആൻഡ്രോയിഡ് ജിഞ്ചർ ബ്രെഡിൽ മലയാളം ശരിയാക്കാൻ




 \\ഈ പരിഹാരം പ്രവർത്തിക്കുന്ന ഫോണുകളിൽ എല്ലാ ആപ്പുകളിലും മലയാളം ശരിയാക്കാൻ ഒരു വിദ്യ ഉണ്ട്. അത് അടുത്ത പോസ്റ്റിൽ.\\

എന്ന് കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ. അതിനെ സംബന്ധിച്ചാണ് ഈ പോസ്റ്റ്

കഴിഞ്ഞ പൊസ്റ്റിൽ വിശദീകരിച്ചത് പോലെയുള്ള സെറ്റിങ്ങ് ഉപയോഗിച്ച് നിങ്ങൾക്ക് വിക്കിപീഡിയ ആപ്പ് ഉപയോഗിച്ച് മലയാളം വിക്കിപീഡിയ വായിക്കാൻ കഴിഞ്ഞു എങ്കിൽ മലയാളം വായിക്കാൻ ഉള്ള ഈ സൗകര്യം ഫോണിനു മൊത്തമായി (എല്ലാ ആപ്പുകളിലും മലയാളം ശരിയാകുന്ന വിധം‌) ബാധകമാക്കാൻ പറ്റും.

അത് ചെയ്യുന്നത് എങ്ങനെ ആണെന്ന് കാണാൻ നാരായം എന്ന ബ്ലോഗിൽ അഖിലൻ എഴുതിയ ഈ പൊസ്റ്റ് (http://narayam.in/read-malayalam-in-android/) കാണുക. അതിൽ എഴുതിയിരിക്കുന്ന പോലെ ചെയ്താൽ ബ്രൗസറിലും മറ്റ് ആപ്പുകളിലും ഒക്കെ മലയാളം നന്നായി കാണാൻ കഴിയുമെന്ന് കാണുന്നു. ജിഞ്ചർബ്രെഡും അതിനു മുകളിലും ഉള്ള വേർഷനുകൾ ഉപയോഗിക്കുന്ന സാംസങ്ങ്  ഫോണുകളിൽ എങ്കിലും അഖിൽ പറയുന്ന വിധത്തിൽ ചെയ്താൽ അത്യാവശ്യം നന്നായി മലയാളം വിരിയും എന്ന് കാണുന്നു.

ഇതിനായി കൗമുദിയുടെ .apk ഫയൽ ആണ് ഞാൻ ശുപാർശ ചെയ്യുന്നത്. ഫോണിൽ ആ ഫോണ്ട് നല്ല വായനാസുഖവും ദൃശ്യസുഖവും തരുന്നു എന്നതിനാലാണ് അത്. കൗമുദിയുടെ .apk ഫയൽ ഇവിടെ നിന്നു കിട്ടും.

ഇതു ചെയ്യുന്നതിനു മുൻപും ശേഷവും എന്റെ ഗാലക്സി Y (ജിഞ്ചർ ബ്രെഡ് 2.3.6) ഫോണിൽ നിന്നുള്ള ചിത്രങ്ങൾ കാണൂ


ഫോണിലെ ഡിഫാൾട്ട് ഫോണ്ട് ഉപയോഗിച്ചപ്പൊഴുള്ള ബ്രൗസർ ദൃശ്യം

 
 കൗമുദി ഫോണ്ട് ഡിഫാൾട്ട് ഫോണ്ടാക്കി കഴിഞ്ഞപ്പോഴുള്ള ബ്രൗസർ ദൃശ്യം


ആകെ ഒരു പ്രശ്നം കാണുന്നത് ഔന്റെ ചിഹ്നത്തിലാണ്. അതിനു മുൻപ് അനാവശ്യ സ്പെസ് വരുന്നു. കഴിഞ്ഞ പോസ്റ്റിൽ കാണുന്ന പോലെ മലയാളം വിക്കിപീഡിയ ആപ്പിൽ മലയാളം ഫോണ്ട് സെറ്റ് ചെയ്തപ്പോൾ ഈ പ്രശ്നവും ഇല്ലായിരുന്നു എന്ന് ഓർക്കുക. അതിനാൽ ആത്യന്തികമായി ആപ്പിൽ ഫോണ്ട് തിരഞ്ഞെടുക്കാനുള്ള സൗകര്യം കിട്ടണം എന്നാണ് എന്റെ ആഗ്രഹം. അത് കിട്ടുന്ന വരെ ഈ താൽക്കാലിക സൗകര്യം ഉപകാരപ്രദം ആകും എന്ന് കരുതുന്നു.



11 January, 2013

മലയാളം വിക്കിപീഡിയ വായിക്കാനുള്ള ആൻഡ്രോയിഡ് ആപ്പ്


ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിലെ വിക്കിപീഡിയ വായന


ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ വിക്കിപീഡിയ വായിക്കാനായി വിക്കിമീഡിയ ഫൗണ്ടെഷന്റെ വക വിക്കിപീഡിയ ആപ് ഉള്ള കാര്യം കുറഞ്ഞ പക്ഷം സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്കെങ്കിലും അറിയും എന്ന് കരുതുന്നു. ആ ആപ് ഇവിടെ നിന്ന് (https://play.google.com/store/apps/details?id=org.wikipedia) കിട്ടും.

സ്മാർട്ട് ഫോണുകളിലെ മലയാളം വിക്കിപീഡിയ വായന


ഇംഗ്ലീഷ് വിക്കിപീഡിയ ഉപയൊഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഉപയോഗപ്രദം ആണെങ്കിലും മലയാളത്തിലോ (മറ്റ് ഭാരതീയ ഭാഷകളിലോ) ഉള്ള വിക്കിപീഡിയ വായിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ ആപ് ഉപയൊഗശൂന്യമാണ്. പ്രത്യേകിച്ച് അവരുടെ സ്മാർട്ട് ഫോണിലെ ആൻഡ്രോയിഡ് വേർഷൻ 4.0 ക്ക് താഴെയുള്ളത് ആണെങ്കിൽ. (ഐസ് ക്രീം സാൻഡ് വിച്ച്, ജെല്ലി ബീൻ ഉപയൊഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വലിയ പ്രശ്നം അല്ല). പക്ഷെ ആഗൊളതലത്തിൽ ഇപ്പൊഴും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വേർഷൻ ജിഞ്ചർ ബ്രെഡ് ആണല്ലോ (ഡാറ്റ ഇവിടെ :http://developer.android.com/about/dashboards/index.html) മൊത്തം ആൻഡ്രോയിഡ് ഉപയോക്താക്കളിൽ 50 % ശതമാനത്തിനടുത്ത് ജിഞ്ചർ ബ്രെഡിലാണ്.  ഇന്ത്യയിൽ ഈ ശതമാനം പിന്നെയും കൂടാനാണ് സാദ്ധ്യത.

ജിഞ്ചർ ബ്രെഡിലെ മലയാളം റെൻഡറിങ്ങ്


പക്ഷെ ജിഞ്ചർ ബ്രെഡിൽ മലയാളം റെൻഡറിങ് വളരെ മോശമാണ്. ഉദാഹരണത്തിനു ഡിഫാൾട്ട് ബ്രൗസറിൽ മലയാളം വിക്കിപീഡിയ തുറന്നപ്പോൾ കിട്ടിയത് താഴെ.


ചില്ലുപ്രശ്നത്തിനു പുറമേ, ഔന്റെ ചിഹ്നം, റയുടെ ചിഹ്നം ഇതൊക്കെ പ്രശ്നം തന്നെ.


ഇനി ഇതേ സെറ്റിങ്ങിൽ വിക്കിമീഡിയ ഫൗണ്ടേഷന്റെ ആപിൽ മലയാളം വിക്കിപീഡിയ വായിക്കാൻ തുറന്നപ്പോൾ ഉള്ള ദൃശ്യം അടുത്തത്.


അവിടെയും മുകളിലെ അതേ പ്രശ്നങ്ങൾ നിലനിൽക്കുന്നു.

ഫൗണ്ടെഷൻ ആപിലെ സ്വതെയുള്ള സെറ്റിങ്ങ്


സാധാരണ ഫോണ്ട് പ്രശ്നം ഉണ്ടായാൽ ആപ്ലിക്കേഷന്റെ സെറ്റിങ്ങിൽ പോയി ഫോണ്ട് മാറ്റാൻ ശ്രമിക്കുകയാണ് നമ്മൾ (മലയാളം കപ്യൂട്ടറിൽ ഉപയോഗിക്കുന്നവർ) ആദ്യം ചെയ്യുക. അതിനായി വിക്കിമീഡിയ ഫൗണ്ടെഷൻ ആപിൽ പോയി സെറ്റിങ്ങിൽ ഞെക്കിയപ്പോൾ കിട്ടിയ ദൃശ്യം താഴെ.

അതിൽ ഫോണ്ട് തിരഞ്ഞെടുക്കാൻ ഉള്ള ഓപ്ഷനേ ഇല്ല. ഒട്ടും മടിച്ചില്ല. നേരെ പോയി ബഗ് ലോഗ് ചെയ്തു. https://bugzilla.wikimedia.org/show_bug.cgi?id=43651 ഫൗണ്ടേഷൻ ഡെവലപ്പറുമാർ അവരുടെ മുൻഗണന അനുസരിച്ച് അത് ഫിക്സ് ചെയ്യുമായിരിക്കും.

ജീസ് മോൻ സഹായിക്കുന്നു


എന്തായാലും എന്നെ സംബന്ധിച്ചിടത്തോളം മുൻഗണന മലയാളത്തിനായതിനാൽ ഫൗണ്ടെഷൻ ആപ് ഹാക്ക് ചെയ്ത് ഫോണ്ടിനുള്ള പിന്തുണ ചേർക്കാൻ പറ്റുമോ എന്ന് ഇതിനകം MLBrowser, Varamozhi app, Sathyavedathapusthakam app തുടങ്ങി ആപുകൾ മലയാളത്തിനായി വികസിപ്പിച്ച ജീസ് മോൻ ജേക്കബ്ബിനോട് ചൊദിച്ചു. അദ്ദേഹം ശ്രമിക്കാം എന്ന് പറയുകയും അൽപ ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ അത് ശരിയാക്കുകയും ചെയ്തു. അങ്ങനെ മലയാളമടക്കമുള്ള എല്ലാ ഭാഷകളും കൈകാര്യം ചെയ്യാൻ പറ്റുന്ന വിക്കിപീഡിയ ആപ് തയ്യാറായി.  അത് നിങ്ങൾക്കായി സമർപ്പിക്കുന്നു.
ഇത് ഒരു താൽക്കാലിക ആപ് ആണ്. ഫൗണ്ടേഷൻ ഡെവലപ്പറുമാർ ഔദ്യോഗിക ആപ്പിൽ ഫോണ്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ചേർക്കുന്നത് വരെയേ ഈ ആപിനു പ്രസക്തിയുള്ളൂ. അത് താമസിയാതെ അവർ ചെയ്യും എന്ന പ്രതീക്ഷയൊടെ ഈ ആപ് മലയാളം വിക്കിപീഡിയ മൊബൈലിൽ വായിക്കുന്നവർക്കായി സമർപ്പിക്കുന്നു.

ഈ ആപിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ 

  • ഫോണ്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ചേർത്തു
  • ഫോണ്ട് ഡയറക്ടറി ഹാർഡ് കോഡ് ചെയ്ത് (/sdcard/Fonts) ആപിൽ ചേർത്തു
  • സ്വതെയുള്ള വിക്കിപീഡിയ മലയാളം വിക്കിപീഡിയ ആക്കി


ഈ ആപ് ഉപയോഗിച്ച് മലയാളം വിക്കിപീഡിയ വായിക്കാൻ നിങ്ങൾ ചെയ്യേണ്ടത്


  1. നിലവിലുള്ള വിക്കിപീഡിയ ആപ് അൺഇൻസ്റ്റാൾ ചെയ്യുക (ഈ ആപുമായി കോൺഫ്ലിറ്റ് ഉണ്ടാകുന്നത് തടയാനാണ് അത്)
  2. https://github.com/jeesmon/WikipediaMobile/blob/master/dist/WikipediaMobile-ml.apk ഇവിടെ നിന്നു ജീസ് മോൻ നമുക്കായി കസ്റ്റമൈസ് ചെയ്ത വിക്കിപീഡിയ ആപ്  ഇൻസ്റ്റാൾ ചെയ്യുക
ആപ് ഇൻസ്റ്റാൾ ചെയ്ത സ്ഥിതിക്ക് അതൊന്ന് ഉപയോഗിച്ച് നോക്കാം.

ഏറ്റവും പ്രധാനവ്യത്യാസം ആപ് തുറക്കുമ്പോൾ തന്നെ മലയാളം വിക്കിപീഡിയ തന്നെ കിട്ടും എന്നതാണ്. പക്ഷെ റെൻഡറിങ്ങിൽ വ്യത്യാസം ഒന്നും ഇല്ല. അത് പഴേ പോലെ തന്നെ.


 പുതിയ ആപ്പിലെ സെറ്റിങ്ങ്


 ഇനി ആപ്പിലെ സെറ്റിങ്ങ് നമുക്ക് ഒന്ന് നോക്കാം.




ആപിൽ ഫോണ്ട് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ ചേർത്തിരിക്കുന്നു! ഇനി അതൊന്ന് ഞെക്കി നോക്കാം. അപ്പോൾ കിട്ടുന്ന ദൃശ്യം താഴെ.


ഇത് നമ്മുടെ പ്രശ്നം പരിഹരിച്ചില്ല. കാരണം ഫോണ്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ചേർത്തെങ്കിലും നിലവിൽ ഫോണിൽ ഡിഫാൾട്ട് ഫോണ്ടേ ഉള്ളൂ. അതിനാൽ അടുത്ത പടി ഫോണ്ട് ഇൻസ്റ്റളേഷനാണ്.

ഫോണ്ട് ഇൻസ്റ്റലേഷൻ


  1. നല്ല മലയാളം യൂണിക്കോഡ് ഫോണ്ട് ഡൗൺ ലോഡ് ചെയ്യുക. നിങ്ങൾക് ഇഷ്ടമുള്ള ഏത് മലയാളം യൂണിക്കോഡ് ഫോണ്ടും ഉപയോഗിക്കാം.  കൗമുദി സ്മാർട്ട് ഫോണിൽ നല്ല വായനാസുഖം തരുന്നു എന്നതിനാൽ അത് ശുപാർശ ൾചെയ്യുന്നു. അത് ഇവിടെ നിന്നു കിട്ടും  http://news.keralakaumudi.com/info/Kaumudi.ttf  (ചിലപ്പോൾ ചില ഫോണുകളിൽ .ttf ഫോർമാറ്റിലുള്ള ഫയൽ ഡൗൺലോഡ് ചെയ്യാൻ സമ്മതിക്കില്ല. അങ്ങനെയുള്ളവർക്ക് വേണ്ടി ഇതേ ഫോണ്ടിന്റെ എക്സ്റ്റെൻഷൻ .PDF എന്നാക്കി ഇവിടെ ഇട്ടിട്ടുണ്ട്. അത് ഡൗൺലോഡ് എക്സ്റ്റെൻഷൻ .ttf തന്നെ ആക്കുക)
  2. അതിനു ശെഷം ഫയൽ കോപ്പി ചെയ്ത് /sdcard/Fonts എന്ന ഫോൾഡറിൽ ഇടുക. Fonts ഫോൾഡറിന്റെ പേരിൽ Capital F  തന്നെ ഉപയോഗിക്കണം. 
ഫയലുകൾ അങ്ങോട്ടും ഇങ്ങോട്ടും കോപ്പി ചെയ്യാനും, റീനേം വഴി എക്സ്റ്റെഷൻ മാറ്റാനും, ഫോൾഡർ ഉണ്ടാക്കാനും, ഫോൾഡറുകൾ ബ്രൗസ് ചെയ്യാനും ഒക്കെ നിങ്ങളെ സഹായിക്കുന്ന ഒരു ആപ് ആണ് ES File Explorer   അതുപയോഗിച്ച് മുകളിലെ 2 സ്റ്റെപ്പുകളും സുഖമായി ചെയ്യാം.

അപ്പോൾ നമ്മൾ ഫോണ്ട് ഡൗൺലോഡ് ചെയ്തു. അത്  /sdcard/Fonts എന്ന ഫോൾഡറിൽ ഇട്ടു.

ആപ്പിൽ മലയാളം വിരിയുന്നു


ഇനി നമുക്ക് നമ്മുടെ ആപ്പിന്റെ സെറ്റിങ്ങിൽ ഫോണ്ടിന്റെ ഓപ്ഷൻ ഒന്ന് നോക്കാം. അതിന്റെ ദൃശ്യം താഴെ.



നമ്മൾ ഇപ്പോൾ ഡൗൺലോഡ് ചെയ്ത് ഇട്ട Kaumudi.ttf അതാ അതിൽ കാണുന്നു. Kaumudi.ttf നമ്മുടെ ആപ്പിൽ മലയാളം വായിക്കാനായി തിരഞ്ഞെടുക്കുക, Done എന്ന ബട്ടണിൽ അമർത്തുക. ഇനി ആപ്പിൽ മലയാളം റെൻഡർ ചെയ്യുന്നത് കാണൂ.


നേരത്തെ സൂചിപ്പിച്ച പ്രശ്നങ്ങൾ ഒക്കെ അപ്രത്യക്ഷമായി. മലയാളം നന്നായി വായിക്കാം.

കുറിപ്പ്: ഈ വിധത്തിൽ സെറ്റിങ്ങിൽ പോയി ഭാഷ മാറ്റി, ഫോണ്ടും തിരെഞ്ഞെടുത്താൽ മറ്റ് ഇന്ത്യൻ ഭാഷകളിലുള്ള വിക്കിപീഡിയയും വായിക്കാവുന്നതാണ്. മലയാളത്തിനു വേണ്ടി ചെയ്തതതിനാൽ ഈ ആപിൽ മലയാളം പ്രഥമഭാഷ ആയി വെച്ചെന്നേ ഉള്ളൂ. മറ്റ് ഭാഷകളേയും ഇത് പിന്തുണയ്കും. ആ ഭാഷയിലുള്ള ശരിയായ യൂണിക്കോഡ് ഫോണ്ട് കിട്ടുക എന്നത് മാത്രമായിരിക്കും പ്രധാന കടമ്പ.

കുറച്ച് മുന്നറിയിപ്പുകൾ.

  •  വിക്കിപീഡിയ ആപിൽ മലയാളം വായിക്കാനുള്ള ഈ പരിഹാരം ആൻഡ്രോയിഡ് 2.3.6 (ജിഞ്ചർ ബ്രെഡ്) തൊട്ടേ പ്രവർത്തിക്കൂ. അതിനു മുൻപുള്ള വേർഷനുകളിൽ (ഉദാ: Froyo) ഈ പരിഹാരം നടക്കില്ല.
  • സാംസങ്ങിന്റെ ഫോണുകളിലെങ്കിലും (ആൻഡ്രോയിഡ് 2.3.6നു മുകളിൽ) ഇത് നന്നായി പ്രവർത്തിക്കുന്നു എന്ന് കാണുന്നു. പക്ഷെ ബാക്കിയുള്ള ആൻഡ്രോയിഡ് ഫോണുകളിൽ (LG, SONY, etc)  ഇത് ഇങ്ങനെ തന്നെ പ്രവർത്തിക്കും എന്നതിനു യാതൊരു ഉറപ്പും ഇല്ല. നിങ്ങൾ ടെസ്റ്റ് ചെയ്ത് ഫലം ഇവിടെ ഇടുമല്ലോ
  • ഐസ് ക്രീം സാൻഡ്‌വിച്ച്, ജെല്ലി ബീൻ എന്നിവയിൽ സ്വതേ മലയാളം അത്യാവശ്യം നന്നായി കാണും എന്നതിനാൽ ഈ പരിഹാരം അവർക്ക് വേണ്ടി ഉള്ളതല്ല. 

മുൻപോട്ട്

  • ആദ്യം സൂചിപ്പിച്ച പോലെ ഇത് ഒരു താൽക്കാലിക ആപ് ആണ്. ഫൗണ്ടേഷൻ ഡെവലപ്പറുമാർ ഔദ്യോഗിക ആപ്പിൽ ഫോണ്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ചേർക്കുന്നത് വരെയേ ഈ ആപിനു പ്രസക്തിയുള്ളൂ. അത് താമസിയാതെ അവർ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. അതിൽ ഫോണ്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനു പുറമേ ഫോണ്ട് ഡയറക്ടറി സെറ്റ് ചെയ്യാനുള്ള ഓപ്ഷനും വേണം. അപ്പോൾ നമ്മൾ ഫോണ്ട് ഡയറക്ടറിയും മറ്റും ഉണ്ടാക്കണ്ട പണി ഇല്ലാതാവും. 
  •  എല്ലാ ആപുകളിലും ഫോണ്ടും ഫോണ്ട് ഡയറക്ടറിയും സെറ്റ് ചെയ്യാനുള്ള അവകാശത്തിനായി ലാറ്റിനേതര ഭാഷകൾ  ഉപയോഗിക്കുന്നവർ പോരാടണം :)  സാങ്കേതിക വിദ്യകളെ ലാറ്റിൻ ഭാഷകളുടെ നീരാളിപിടുത്തത്തിൽ നിന്ന് രക്ഷപ്പെടുത്തണം :) :) :) സാംസങ്ങ് കൊറിയൻ കമ്പനി ആയത് കൊണ്ടാണെന്ന് തോന്നുന്നു ഈ വക പരിഹാരങ്ങൾ അവരുടെ പ്രൊഡക്ടുകളിൽ ആദ്യം വരുന്നത്.

എല്ലാവർക്കും സ്മാർട്ട് ഫോണുകളിൽ നല്ല മലയാളം വിക്കിപീഡിയ വായാനുഭവം ആശംസിക്കുന്നു.

ഈ പരിഹാരം പ്രവർത്തിക്കുന്ന ഫോണുകളിൽ എല്ലാ ആപ്പുകളിലും മലയാളം ശരിയാക്കാൻ ഒരു വിദ്യ ഉണ്ട്. അത് അടുത്ത പോസ്റ്റിൽ.

നന്ദി